Latest News

വകുപ്പുകളില്‍ മാറ്റമില്ല; എംബി രാജേഷിന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുകളുടെ ചുമതല

സ്പീക്കറായി തിരഞ്ഞെടുത്ത ഷംസീറിന്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്തംബര്‍ 12ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും

വകുപ്പുകളില്‍ മാറ്റമില്ല;  എംബി രാജേഷിന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുകളുടെ ചുമതല
X

തിരുവനന്തപുരം: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എംബി രാജേഷിന് തദ്ദേശ സ്വയംഭരണഎക്‌സൈസ് വകുപ്പുകളുടെ ചുമതല. മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റങ്ങളില്ലെന്നാണ് ഏറ്റവും പുതിയ വിവരം. സ്പീക്കര്‍ പദവി രാജിവച്ച എംബി രാജേഷ് ഇന്ന് രാവിലെയാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത എംവി ഗോവിന്ദന്‍ രാജിവെച്ച ഒഴിവിലാണ് സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.

തൃത്താല മണ്ഡലത്തില്‍ നിന്നാണ് എംബി രാജേഷ് സഭയിലെത്തുന്നത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും എംബി രാജേഷ് പ്രവര്‍ത്തിച്ചു. 2009ലും 2014ലും പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ എംപി. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാജേഷ്.

എംബി രാജേഷിന് പകരം സ്പീക്കറായി തിരഞ്ഞെടുത്ത ഷംസീറിന്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്തംബര്‍ 12ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. എംബി രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് നിലവില്‍ സഭാനാഥന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക.

Next Story

RELATED STORIES

Share it