Latest News

പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ ദുരുദേശ്യമുണ്ടെന്ന് കരുതുന്നില്ല: എ വിജയരാഘവന്‍

ജമാഅത്തെ ഇസ്‌ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും അപകടകരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. മുസ്‌ലിം ലീഗ് പ്രകടിപ്പിക്കുന്നത് മധ്യകാലബോധമെന്നും വിജയരാഘവന്‍

പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ ദുരുദേശ്യമുണ്ടെന്ന് കരുതുന്നില്ല: എ വിജയരാഘവന്‍
X

തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ദുരുദേശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവര്‍. ബിഷപ്പിന്റെ പ്രസ്താവനയില്‍ കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം.

ബിഷപ്പിന്റെ പ്രസ്താവയ്ക്ക് പിന്നാലെ നടന്നത് കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള തെറ്റായ ഇടപെടലായിരുന്നു. ഇതില്‍ നിന്നും ലാഭമുണ്ടാക്കാന്‍ ബിജെപി ശ്രമിച്ചു. അവസരവാദ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. വിഷയം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

മതസൗഹാര്‍ദത്തെ ദുര്‍ബലപ്പെടുത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തിയത്. ബിജെപി നന്നായി പരിശ്രമിച്ചു. മറ്റ് ചില ന്യൂനപക്ഷ വര്‍ഗീയ സംഘടനകളും മാധ്യമങ്ങളും സാമൂഹിക മാധ്യമ ഇടപെടലും ഇതിന് വളംവച്ചു. ബിഷപ്പിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും അപകടകരമായ നീക്കമാണ് നടത്തുന്നത്. വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന തെറ്റായ പ്രവണതകള്‍ മതത്തിന്റെ പേരില്‍ വഴിമാറ്റി വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കുന്ന നിലപാട് പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിലെ മുഖ്യ ഘടകകക്ഷിയായ ലീഗ് ചരിത്രത്തിലില്ലാത്ത പ്രതിസന്ധി നേരിടുകയാണ്. ലീഗില്‍ കണ്ടത് ജനാധിപത്യത്തിന്റെ കുറവാണ്. ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ പ്രകടമായി പുറത്ത് വന്നു. ഹരിതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, അതിനോട് സ്വീകരിച്ച നിലപാട്, പുറത്ത് വന്ന പ്രതികരണം എന്നിവ ലീഗിന്റെ സ്ത്രീ വിരുദ്ധ നിലപാടാണ് കാണിക്കുന്നത്. മുസ്‌ലിം ലീഗ് മധ്യകാലബോധമാണ് പ്രകടിപ്പിക്കുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.

ജോസ് കെ മാണിയുടേത് ബിഷപ്പിനെ അനുകൂലിക്കുന്ന നിലപാടായിരുന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. ജോസ് കെ മാണി, അവരുടെ രാഷ്ട്രീയ നിലപാടാണ് വ്യക്തമാക്കിയതെന്നും ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ നിലപാടുണ്ടാവുമല്ലോ എന്നും വിജയരാഘവന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it