- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒരു സുബൈറിനെയല്ല, നൂറുകണക്കിന് സുബൈര്‍മാരെ നിശ്ശബ്ദരാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു: മുഹമ്മദ് സുബൈര്‍ സംസാരിക്കുന്നു.
ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ സംസാരിക്കുന്നു:
2020ലെ ഒരു കേസില്‍ ജൂണ്‍ 27ന് നിങ്ങള്‍ക്ക് ഡല്‍ഹി പോലിസ് സമന്‍സ് അയച്ചിരുന്നു. എന്നിട്ടും 2018ലെ ട്വീറ്റിന്റെ പേരിലാണ് നിങ്ങളെ അറസ്റ്റ് ചെയ്തത്. നിങ്ങള്‍ക്കെതിരെ മറ്റ് ആറ് കേസുകള്‍കൂടി ഉണ്ടായിരുന്നു. നിങ്ങളെ അറസ്റ്റ് ചെയ്ത ദിവസം എന്താണ് സംഭവിച്ചതെന്നും അതിനുശേഷം എന്താണ് സംഭവിച്ചതെന്നും പറയാമോ?
എന്നെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹാഷ് ടാഗ് പ്രചാരണം ആ ദിവസങ്ങളില്‍ നടന്നിരുന്നു. ട്വിറ്ററില്‍ അത് ട്രന്‍ഡിങ്ങായി. ജൂണ്‍ 24ന്, 2020 ലെ ഒരു കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനില്‍നിന്ന് എനിക്ക് ഇ മെയിലിലും വാട്‌സ് ആപ്പിലും സന്ദേശം ലഭിച്ചു. ആ കേസില്‍ എന്നെ കുറ്റമുക്തനാക്കിയിട്ടുണ്ട്. അത് ജാമ്യം നിഷേധിക്കാവുന്ന കുറ്റമല്ലെന്ന് ചൂണ്ടിക്കാട്ടി പോലിസ് കോടതിയില്‍ റിപോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. അതിനാല്‍ ഒരു മാസത്തിനുശേഷം അതേ കേസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടു. എന്താണ് കാര്യമെന്ന് ഞാന്‍ ചോദിച്ചു. ഡല്‍ഹിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് രണ്ട് പ്രതികള്‍ ഡല്‍ഹിയിലേക്ക് വരുന്നതുകൊണ്ട് ഞാനും അവിടെയുണ്ടാവണമെന്നാണ് അവര്‍ അഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു പുതിയ കേസാവാന്‍ സാധ്യതയുണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു. ഇതേ കുറിച്ച് എന്റെ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും അഭിഭാഷകരോടും സംസാരിച്ചു. ഹാജരായില്ലെങ്കില്‍ സഹകരിച്ചില്ലെന്ന് അവര്‍ റിപോര്‍ട്ട് ചെയ്യുമെന്ന് ഭയപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെടാനുളള സാധ്യത എനിക്ക് ബോധ്യമായി. ഞാന്‍ 27ന് ഡല്‍ഹിയിലേക്ക് പോയി.
എന്നോടൊപ്പം അഭിഭാഷകരും ഉണ്ടായിരുന്നു. ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ അവര്‍ താഴെ ഇരുന്നു. ഒന്നുരണ്ട് ചോദ്യത്തിന് ശേഷം എന്നെ ഈ കേസില്‍ കുറ്റമുക്തനാക്കിയതായി ഉദ്യോസ്ഥന്‍ പറഞ്ഞു. കാത്തിരിക്കാനും നിര്‍ദേശിച്ചു.
ഒരു മണിക്കൂറിനുശേഷം അദ്ദേഹം വന്നു. കൂടെ മറ്റൊരു ഉദ്യോഗസ്ഥനും. എനിക്കെതിരേ മറ്റൊരു കേസുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സിആര്‍പിസി 41 എ പ്രകാരമുള്ള കേസാണ് അത്. എന്നോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്ന് പറഞ്ഞ് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. കാത്തിരിക്കാന്‍ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. എന്തിനാണ് അറസ്റ്റെന്ന് ഞാന്‍ ചോദിച്ചുകൊണ്ടിരുന്നു. അവരുമായി സഹകരിക്കാത്തതിനാലാണ് അറസ്‌റ്റെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹം എന്നോട് രണ്ട് ചോദ്യങ്ങള്‍ ചോദിച്ചു. ഞാന്‍ മറുപടി നല്‍കി. എന്നെ അറസ്റ്റ് ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. എന്നെ അറസ്റ്റ് ചെയ്തതായി അഭിഭാഷകരെയും അറിയിച്ചു. എന്നെ ജയിലില്‍ അടക്കാന്‍ പോകുകയാണെന്ന് മനസ്സിലായി. 10-15 ദിവസം ജയിലില്‍ കിടക്കാന്‍ ഞാന്‍ മാനസികമായി തയ്യാറെടുത്തു. പിന്നീട് ആശുപത്രിയിലും മജിസ്‌ട്രേറ്റിന്റെ മുന്നിലും ഹാജരാക്കി. പിന്നീട് അരങ്ങേറിയ നാടകം നിങ്ങള്‍ കണ്ടിട്ടുണ്ടാകണം...
പോലിസ് കസ്റ്റഡിയിലുള്ള സമയത്തെക്കുറിച്ച് പറയാമോ?
പോലിസുകാര്‍ സമ്മര്‍ദ്ദത്തിലായതിനാല്‍ എന്നോട് ജയിലില്‍ നന്നായി പെരുമാറി. ജയിലിനെക്കുറിച്ച് എന്റെ ധാരണ മറ്റൊന്നായിരുന്നു. എന്നെ ഒരു മുറിയില്‍ പാര്‍പ്പിച്ചു, വളരെക്കുറച്ച് ചോദ്യങ്ങള്‍ മാത്രമേ ചോദിച്ചിട്ടുള്ളൂ ആള്‍ട്ട് ന്യൂസ് ഫണ്ടിംഗിനെ കുറിച്ച്. തെളിവുകളില്‍ ഭൂരിഭാഗവും പൊതുസഞ്ചയത്തിനുള്ളിലുള്ളതിനാല്‍ കൂടുതല്‍ ചോദ്യം വേണ്ടിവന്നില്ല.
അവര്‍ എന്നോട് എന്റെ കുട്ടിക്കാലത്തെക്കുറിച്ചും സ്‌കൂളിനെക്കുറിച്ചും കോളേജിനെക്കുറിച്ചും എന്റെ മുന്‍ കാമുകിമാരെക്കുറിച്ചുമൊക്കെ ചോദിച്ചു. അവര്‍ ഇപ്പോള്‍ എവിടെയാണ്, ഇതുപോലുള്ള ചോദ്യങ്ങള്‍. എന്തുകൊണ്ടാണ് ഞാന്‍ ഉത്തര്‍പ്രദേശിനെ മാത്രം ലക്ഷ്യമിടുന്നതെന്നും കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ബിജെപി ഇതര സംസ്ഥാനങ്ങള്‍ എന്നിവയെക്കുറിച്ച് ട്വീറ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അവര്‍ എന്നോട് ചോദിച്ചു. എന്തുകൊണ്ടാണ് എനിക്ക് ഇവിടുത്തെ സര്‍ക്കാരിന്റെ കാര്യത്തില്‍ കൂടുതല്‍ താല്‍പര്യമെന്നും ചോദിച്ചു.
അവരുടെ പ്രധാന താല്‍പ്പര്യം ആള്‍ട്ട് ന്യൂസിലും പ്രതീക് സിന്‍ഹയിലും മുകുള്‍ സിന്‍ഹയിലുമായിരുന്നു. ഞാന്‍ സോഫ്റ്റ് ടാര്‍ഗെറ്റ് ആണെന്ന് തോന്നി. എന്റെ പേരും ട്വീറ്റുകളും തന്നെ കാരണം. അവര്‍ ലക്ഷ്യമിടുന്നത് സുബൈറിനെ മാത്രമല്ല, സുബൈറിന്റെ പിന്നിലുള്ള ആളുകളെയും, സുബൈറുമായി ബന്ധപ്പെട്ട ആളുകളെയുമാണ്. ഞങ്ങളുടെ സാമ്പത്തികവശം ശുദ്ധമാണെന്ന് ഞങ്ങള്‍ക്കറിയാവുന്നതിനാല്‍ ആ ചോദ്യങ്ങള്‍ വന്നപ്പോള്‍ എനിക്ക് കൂടുതല്‍ ആത്മവിശ്വാസം തോന്നി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരായതുകൊണ്ട് ഞങ്ങളെ പൂട്ടാനുളള കരു ലഭിക്കുക ഇതുവഴിയായിരിക്കുമെന്ന് തോന്നിയിരുന്നു.
നിങ്ങളുടെ ജയില്‍വാസകാലം എങ്ങനെയായിരുന്നു?
ഇതൊരു അറിയപ്പെടുന്ന കേസായതിനാലും മാധ്യമപ്രചരണം ഉണ്ടായതിനാലും അവര്‍ എന്നോട് നന്നായി പെരുമാറി. സാധാരണ ഒരു വാര്‍ഡില്‍ 100-150 പേര്‍ കോമണ്‍ ബാത്ത്‌റൂം ഉപയോഗിക്കുകയും ഒരുമിച്ച് ഉറങ്ങുകയും ചെയ്യുമെങ്കിലും എന്നെ രണ്ടോ മൂന്നോ ആളുകളുള്ള മുറിയില്‍ പാര്‍പ്പിച്ചു. ഞാന്‍ പുറത്തിറങ്ങി മോശമായ പെരുമാറ്റത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുമെന്ന ഭയത്താലാണ് ഇതെന്ന് മറ്റ് അന്തേവാസികള്‍ എന്നോട് പറഞ്ഞു. അതിനാല്‍ അവര്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരുന്നു.
എന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സില്‍ ചിലരെ ഞാന്‍ ജയിലില്‍ കണ്ടെത്തി. അവര്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. അവരെ ജയിലില്‍ വെച്ച് കാണുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ പഴയ ഫേസ് ബുക്ക് പേജായ അണ്‍ ഒഫീഷ്യല്‍ സുസുസ്വാമിയുടെ ആരാധകനാണ് താനെന്ന് ഒരു പോലിസ് ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞു, ഞാന്‍ അത് ആരംഭിച്ചത് മുതല്‍ അദ്ദേഹം എന്നെ പിന്തുടരുന്നുണ്ടെന്നും, ആക്ഷേപഹാസ്യം ഇഷ്ടമാണെന്നും, ആള്‍ട്ട് ന്യൂസും കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതറിഞ്ഞപ്പോള്‍ സന്തോഷം തോന്നി.
എന്നെ വാര്‍ഡ് നമ്പര്‍ 4ബിയില്‍ പാര്‍പ്പിച്ചു. എന്റെ സഹതടവുകാരും ഇതുപോലുള്ള കേസുകളില്‍ ഉള്‍പ്പെട്ടവരായിരുന്നു കൊടും കുറ്റവാളികളല്ല, മറിച്ച് ജയിലിലടക്കപ്പെട്ട ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ആദ്യ ദിവസങ്ങളില്‍ ആളുകള്‍ അല്‍പ്പം മടിച്ചെങ്കിലും സംസാരിച്ചു തുടങ്ങിയപ്പോള്‍ എനിക്ക് നല്ല സുഹൃത്തുക്കളെ കിട്ടി. എന്റെ സെല്ലിലെ ഒരാള്‍ക്ക് 50-55 വയസ്സ് പ്രായമുണ്ടായിരുന്നു, തുടക്കത്തില്‍ അത്ര താല്‍പര്യമില്ലായിരുന്നെങ്കിലും താമസിയാതെ ഇഷ്ടത്തിലായി. അദ്ദേഹം ഒരു ശിവസേന അനുഭാവിയായിരുന്നു. വ്യത്യസ്ത ആശയക്കാരനായിരുന്നെങ്കിലും ജയിലില്‍ എന്നെ അദ്ദേഹം സഹായിച്ചു. എന്റെ ജാമ്യത്തെ കുറിച്ച് അറിയിച്ചപ്പോള്‍, അദ്ദേഹം ആവേശഭരിതനായി. എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. എന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഇത് ചെയ്യുന്നത് എനിക്ക് മനസ്സിലാവും. പക്ഷേ, വ്യത്യസ്തമായ ആശയഗതിയുള്ള ഒരാള്‍, 10-15 ദിവസം ഒരുമിച്ചിരുന്ന ശേഷം ഇതേ വൈകാരികതയിലൂടെ കടന്നുപോകുന്നു. ജയിലിലെ വലിയ അനുഭവമായിരുന്നു അത്
ജയിലില്‍ കുടുംബവുമായി സംസാരിച്ചിരുന്നുവോ?
അഞ്ച് മിനിറ്റ് സംസാരിക്കാന്‍ സാധിക്കും. പിന്നെ ആഴ്ചയില്‍ ഒരിക്കല്‍ പതിനഞ്ച് മിനിറ്റ് വീഡിയോ കോണ്‍ഫ്രന്‍സിങ് സംവിധാനവുമുണ്ട്. ഇതൊക്കെ എല്ലാവര്‍ക്കും അനുവദിക്കും. എന്നെ അനുവദിച്ചില്ല. എന്റെ കാര്യത്തില്‍, സൂപ്രണ്ടിന്റെ സമീപിച്ചിട്ടും നല്‍കിയില്ല, കാരണം ഇത് ഒരു ഹൈപ്രൊഫൈല്‍ കേസാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും വിളിക്കാന്‍ അനുവദിച്ചില്ലെങ്കിലും ചില സമയങ്ങളില്‍, ഏകദേശം 5-10 മിനിറ്റ് ലാന്‍ഡ്‌ലൈനില്‍ നിന്ന് വിളിക്കാന്‍ അനുവദിച്ചു. വീട്ടിലുള്ളവര്‍ ആശങ്കാകുലരായിരുന്നു, പ്രത്യേകിച്ച് വാര്‍ത്താചാനലുകള്‍ കണ്ടശേഷം. പോലിസ് എന്നെ സീതാപൂരിലേക്ക് കൊണ്ടുപോകുന്നത് അവര്‍ കണ്ടിരുന്നു. അതേകുറിച്ച് അറിയാന്‍ അവര്‍ ആഗ്രഹിച്ചു.
നിങ്ങളുടെ അറസ്റ്റിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ നടന്ന കാംപയിനെക്കുറിച്ച് നിങ്ങള്‍ പറഞ്ഞു. ദില്ലിയില്‍ പോയപ്പോള്‍, അറസ്റ്റ് ചെയ്യപ്പെടുമെന്ന് നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ, നിങ്ങള്‍ അതിന് മാനസികമായി തയ്യാറായിരുന്നോ?
ഞാന്‍ തയ്യാറായിരുന്നു. ഇത് സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു, ഇപ്പോഴല്ലെങ്കില്‍, മറ്റൊരു കേസില്‍ ഉടന്‍ തന്നെ. കാരണം ഈ കേസില്‍ ഒന്നുമില്ല, പിന്നെ എന്തിനാണ് പോലിസ് എന്നെ വിളിക്കുന്നത്? അതുകൊണ്ടാണ് പ്രതീകും എനിക്കൊപ്പം ഡല്‍ഹിയില്‍ വന്നത്. എന്നാല്‍ എനിക്കെതിരെ ഇത്ര കൂടുതല്‍ കേസുകള്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഉത്തര്‍പ്രദേശില്‍ നിന്ന് എനിക്കെതിരെ ഒന്നിലധികം എഫ്‌ഐആറുകള്‍ പ്രതീക്ഷിച്ചിരുന്നില്ല. ആറ്-ഏഴ് കേസുകള്‍ അന്വേഷിക്കാന്‍ ഒരു എസ്‌ഐടി രൂപീകരിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷം ജയിലില്‍ കഴിയാന്‍ ഞാന്‍ തയ്യാറെടുത്തു. ഉമര്‍ ഖാലിദിനെയും ഖാലിദ് സൈഫിയെയും പോലെ ഇപ്പോഴും ജയിലില്‍ കഴിയുന്ന പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഉദാഹരണങ്ങളുണ്ടല്ലോ. മൂന്നോ നാലോ വര്‍ഷമായി ജയിലില്‍ കഴിയുന്ന കശ്മീരി വിദ്യാര്‍ത്ഥികളെ ഞാന്‍ കണ്ടു. ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന് അവര്‍ക്കെതിരെ യുഎപിഎ ചുമത്തി. അവര്‍ എനിക്കെതിരേ യുഎപിഎ പ്രകാരം കേസെടുക്കുമെന്ന് ഞാന്‍ കരുതി...
നിങ്ങളുടെ അറസ്റ്റിന് ശേഷം, നിങ്ങള്‍ക്കും ആള്‍ട്ട് ന്യൂസിനും നല്ല പിന്തുണ ലഭിച്ചു. അത് ഗുണം ചെയ്‌തോ?
പ്രതിഷേധമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഇത്ര പ്രതീക്ഷിച്ചില്ല. #IStandWithZubair, #ReleaseZubair എന്നീ ഹാഷ്ടാഗുകള്‍ ലോകമെമ്പാടും ട്രെന്‍ഡിങ്ങാണെന്ന് അടുത്ത ദിവസം എന്നോട് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. പല രാഷ്ട്രീയക്കാരും ഇതേ കുറിച്ച് സംസാരിച്ചു. സാധാരണ പറയാറില്ല. മാധ്യമ രംഗത്തുള്ളവരും സാമൂഹ്യമാധ്യമങ്ങളും എന്നെക്കുറിച്ച് പതിവായി സംസാരിച്ചു. ജര്‍മ്മനിയിലും മറ്റ് വിദേശ രാജ്യങ്ങളിലും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചതായി പിന്നീട് അറിഞ്ഞു. ഇത് പ്രതീക്ഷിച്ചിരുന്നില്ല. അത് എന്നെ സഹായിച്ചു ... എന്റെ മാതാപിതാക്കളെയും വളരെയധികം സഹായിച്ചു, കാരണം അവര്‍ തകര്‍ന്നിരിക്കുകയായിരുന്നു. നിരവധി അയല്‍ക്കാരും സുഹൃത്തുക്കളും ബന്ധുക്കളും കാണാന്‍ വന്നിരുന്നു, ഒരാള്‍ പോലും എനിക്കെതിരെ സംസാരിച്ചില്ല.
എല്ലാവരും ഞങ്ങളോടൊപ്പം നിന്നു, അത് യഥാര്‍ത്ഥത്തില്‍ എന്റെ കുടുംബത്തിന്, പ്രത്യേകിച്ച് എന്റെ ഭാര്യയ്ക്കും പിതാവിനും ശക്തി നല്‍കി. അവര്‍ സോഷ്യല്‍ മീഡിയയിലില്ല, വിഷയം എന്താണെന്ന് അറിയില്ല, രാഷ്ട്രീയം എന്താണെന്ന് അവര്‍ക്കറിയില്ല. അവര്‍ യൂട്യൂബ് ഓണാക്കി വീഡിയോകള്‍ കണ്ടപ്പോള്‍ സര്‍ക്കാരിന്റെ പ്രതികരണവും ട്രോള്‍ പ്രതികരണവും കണ്ടു. ചിലത് പോസിറ്റീവും മറ്റുചിലത് നെഗറ്റീവുമായിരുന്നു. അതിനാല്‍ അവര്‍ അല്‍പ്പം ആശങ്കാകുലരായിരുന്നു. പക്ഷേ അവര്‍ക്ക് ലഭിച്ച പിന്തുണയും പ്രോത്സാഹനവും ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അവര്‍ക്ക് ലഭിച്ച പ്രശംസയും എന്റെ മാതാപിതാക്കളെ ശരിക്കും സഹായിച്ചു. ഞാന്‍ ജയിലില്‍ ആയിരുന്നപ്പോള്‍, എന്റെ മാതാപിതാക്കളെയും എന്റെ ഭാര്യയെയും കുട്ടികളെയും കുറിച്ച് ഞാന്‍ ആശങ്കാകുലനായിരുന്നു. ഇവിടെ അവര്‍ എന്നെക്കുറിച്ച് ആശങ്കാകുലരായിരുന്നു.
നിങ്ങള്‍ക്ക് അത്രതന്നെ തുല്യമായ വെറുപ്പും അനുഭവിക്കേണ്ടിവന്നു. ചിലര്‍ നിങ്ങളെ 'ബംഗ്ലാദേശി' എന്ന് വിളിക്കുന്നു, ഫണ്ടിംഗിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍... ധാരാളം പത്രപ്രവര്‍ത്തകര്‍ പോലും ഇത് ഉന്നയിച്ചിട്ടുണ്ട്. ഇതിനോട് നിങ്ങളുടെ പ്രതികരണം എന്താണ്?
എനിക്കെതിരെ വെറുപ്പ് പുതിയ കാര്യമല്ല. വലതുപക്ഷത്തെ കുറിച്ച് സംസാരിക്കുന്നവര്‍ എപ്പോഴും അപമാനിക്കപ്പെടും. മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ നിങ്ങള്‍ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്കറിയാം. അവര്‍ പറയുന്നത് ഞങ്ങള്‍ ഫാക്റ്റ് ചെക്ക് ചെയ്യുന്നതുകൊണ്ടാണ് ഞങ്ങളെ ലക്ഷ്യം വയ്ക്കുന്നത്. ഞങ്ങള്‍ അവരെ വിളിക്കാറുണ്ട്. പക്ഷേ, ഞങ്ങളെ അവര്‍ വിളിക്കാറില്ല. ഒരു ട്വീറ്റിന് എനിക്ക് രണ്ട് കോടി രൂപ ലഭിക്കുന്നുവെന്ന് പോലും അവര്‍ പ്രചരിപ്പിക്കുന്നുണ്ട്.
എനിക്ക് അത് ശീലമാണ്. 2014 മുതല്‍ ഇതനുഭവിക്കുന്നുണ്ട്. അണ്‍ഒഫീഷ്യല്‍ സുസുസ്വാമി തുടങ്ങിയ കാലം മുതല്‍ എനിക്ക് ഇതുപോലുള്ള ദുരനുഭവങ്ങളുണ്ട്. എന്നാല്‍ ഞാന്‍ ആള്‍ട്ട് ന്യൂസില്‍ ചേര്‍ന്നതിനുശേഷം, പ്രത്യേകിച്ച് 2019-20 മുതല്‍ ഇത് വര്‍ധിച്ചു.
ഇത്തരം അറസ്റ്റുകള്‍ നിങ്ങളുടെ ആവേശം തണുപ്പിക്കാനുള്ള ശ്രമമാണോ? അങ്ങനെ നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങള്‍ ഇപ്പോള്‍ സ്വയം സെന്‍സര്‍ ചെയ്യുമെന്ന് വിശ്വസിക്കുന്നുണ്ടോ? മറ്റ് മാധ്യമപ്രവര്‍ത്തകരോട് എന്താണ് പറയാനുള്ളത്?
തീര്‍ച്ചയായും. സുബൈറിനെ മാത്രം ഒരു പാഠം പഠിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിരവധി സുബൈര്‍മാരുണ്ട്. അവരെ ഒരു പാഠം പഠിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. എന്തിനും ഏതിനും എന്നെ അറസ്റ്റ് ചെയ്യാന്‍ അവര്‍ക്ക് കഴിയുമെങ്കില്‍, നിങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും അവര്‍ക്ക് നിങ്ങളെ നിശബ്ദരാക്കാന്‍ കഴിയും. നിങ്ങള്‍ സര്‍ക്കാരിന് എതിരാണെങ്കില്‍, അവര്‍ക്ക് നിങ്ങളെ അറസ്റ്റ് ചെയ്യാം. ഒന്നിലധികം എഫ്‌ഐആറുകള്‍ ഒരാള്‍ക്കെതിരേ ഫയല്‍ ചെയ്യാന്‍ കഴിയുമെന്ന് കാണിക്കാന്‍ എന്റെ അറസ്റ്റിലൂടെ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍, ഇതെല്ലാം കഴിഞ്ഞ് ഞാന്‍ മിണ്ടാതിരുന്നാല്‍, അത് മാധ്യമസമൂഹത്തെ നിരാശപ്പെടുത്തും.
കോടതിയില്‍ യുപി സര്‍ക്കാരിന്റെ അഭിഭാഷകന്‍ 'സുബൈര്‍ പത്രപ്രവര്‍ത്തകനല്ല' എന്ന് കോടതിയെ അറിയിച്ചതായി കേട്ടു. നിങ്ങള്‍ ഒരു പത്രപ്രവര്‍ത്തകനല്ലെന്ന് പറഞ്ഞ നിങ്ങളുടെ പഴയ ട്വീറ്റ് പലരും പങ്കുവെച്ചിട്ടുണ്ട്. അപ്പോള്‍ ആരാണ് സുബൈര്‍?
ഞാന്‍ മാസ് കമ്മ്യൂണിക്കേഷന്‍ പഠിച്ചിട്ടില്ല. ബിരുദമനുസരിച്ച്, ഒരു എഞ്ചിനീയറാണ്. യോഗ്യതയനുസരിച്ച്, ഞാന്‍ ഒരു പ്രൊഫഷണല്‍ പത്രപ്രവര്‍ത്തകനല്ലായിരിക്കാം, പക്ഷേ ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് ഒരു പത്രപ്രവര്‍ത്തകന്റെ ജോലിയാണ്. സുബൈര്‍ പത്രപ്രവര്‍ത്തകനല്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുമ്പോള്‍ ഞാന്‍ പറയും താങ്കള്‍ ഒരു പത്രപ്രവര്‍ത്തകനാണെന്ന്, പക്ഷേ നിങ്ങള്‍ പത്രപ്രവര്‍ത്തനം നടത്തുന്നില്ല. യോഗ്യത കൊണ്ട് ഞാന്‍ ഒരു പത്രപ്രവര്‍ത്തകനല്ലായിരിക്കാം, പക്ഷേ നിങ്ങള്‍ ചെയ്യേണ്ടത് എന്താണോ അതാണ് ഞാന്‍ ചെയ്യുന്നത്.
(ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറുമായി ന്യൂസ് മിനിറ്റ് നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍)
RELATED STORIES
ആര്എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില് കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMTസിഖ് വിമതരെ വേട്ടയാടുന്നതിന് പിന്നില് അമിത് ഷായെന്ന് കാനഡ
30 Oct 2024 4:54 AM GMTഎഡിഎമ്മിന്റെ ആത്മഹത്യ: ദിവ്യക്ക് മുന്കൂര് ജാമ്യമില്ല
29 Oct 2024 5:38 AM GMTകളമശേരി ബോംബ് സ്ഫോടനം: ഡൊമിനിക് മാര്ട്ടിനെതിരായ യുഎപിഎ ഒഴിവാക്കി...
28 Oct 2024 6:36 AM GMTഒരു കോടി ലോണ് നല്കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിച്ചു; '...
24 Oct 2024 4:58 PM GMT