Latest News

ഡല്‍ഹിയില്‍ മൂന്നാമത്തെ കേസ്; രാജ്യത്ത് മങ്കിപോക്‌സ് ബാധിതരുടെ എണ്ണം എട്ടായി

ഡല്‍ഹിയില്‍ മൂന്നാമത്തെ കേസ്; രാജ്യത്ത് മങ്കിപോക്‌സ് ബാധിതരുടെ എണ്ണം എട്ടായി
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നാമത്തെ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ താമസിക്കുന്ന നൈജീരിയന്‍ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മങ്കിപോക്‌സ് കേസുകളുടെ എണ്ണം എട്ടായി ഉയര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ എട്ട് മങ്കിപോക്‌സ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും രാജ്യസഭയില്‍ അറിയിച്ചു. അതില്‍ അഞ്ച് പേര്‍ക്ക് വിദേശ യാത്രാ ചരിത്രമുണ്ട്. രോഗനിര്‍ണയത്തിന്റെയും വാക്‌സിനുകളുടെയും വികസനം നിരീക്ഷിക്കാന്‍ ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

എട്ടു രോഗികളില്‍ അഞ്ചുപര്‍ കേരളത്തില്‍ നിന്നും മൂന്നുപേര്‍ ഡല്‍ഹിയില്‍ നിന്നുമാണ്. ഇന്ന് കേരളത്തില്‍ മലപ്പുറം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച ഡല്‍ഹിയില്‍ തന്നെ മറ്റൊരു നൈജീരിയന്‍ പൗരനും മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു. രാജസ്ഥാനില്‍ രോഗലക്ഷണങ്ങളോടെ ഒരാളെ ചികില്‍സയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മങ്കിപോക്‌സ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, കുറഞ്ഞത് 10 ഐസൊലേഷന്‍ റൂമുകളെങ്കിലും സജ്ജീകരിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ മൂന്ന് സ്വകാര്യാശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി.

മങ്കിപോക്‌സ് സംശയിക്കുന്ന കേസുകള്‍ കൈകാര്യം ചെയ്യാന്‍ അഞ്ചും സ്ഥിരീകരിച്ച കേസുകള്‍ കൈകാര്യം ചെയ്യാന്‍ അഞ്ചും ഐസൊലേഷന്‍ റൂമുകള്‍ സജ്ജീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ഥിരീകരിച്ചതും സംശയിക്കപ്പെടുന്നതുമായ പുതിയ മങ്കിപോക്‌സ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെ, സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനും കേന്ദ്രം ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കി.

രാജ്യത്ത് നടക്കുന്ന പൊതുജനാരോഗ്യ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തില്‍ ജൂലൈ 26ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ തീരുമാനിച്ചത്. നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വികെ പോള്‍ ആണ് ടാസ്‌ക് ഫോഴ്‌സിന്റെ തലവന്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ലാബുകളുടെ ശൃംഖല പ്രവര്‍ത്തനക്ഷമമാക്കുന്നതിനും മങ്കിപോക്‌സ് രോഗനിര്‍ണയത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it