Latest News

ഇന്ത്യന്‍ പൗരത്വ നിയമത്തിനെതിരേ പാകിസ്താന്‍ നിയമസഭകളിലെ ഹിന്ദു അംഗങ്ങള്‍

എന്‍ഡിഎ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മറ്റ് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ വലിച്ചിഴക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

ഇന്ത്യന്‍ പൗരത്വ നിയമത്തിനെതിരേ പാകിസ്താന്‍ നിയമസഭകളിലെ ഹിന്ദു അംഗങ്ങള്‍
X

ജെയ്പൂര്‍: എന്‍ഡിഎ സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിന് അപ്രതീക്ഷിത കോണില്‍ നിന്ന് വിമര്‍ശനം. പാകിസ്താന്‍ നിയമസഭകളിലെ ഹിന്ദു അംഗങ്ങളാണ് പുതിയ നിയമത്തെ തള്ളിക്കൊണ്ട് രംഗത്തുവന്നത്. എന്‍ഡിഎ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മറ്റ് രാജ്യങ്ങളിലെ ഹിന്ദു ന്യൂനപക്ഷങ്ങളെ വലിച്ചിഴക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

പാകിസ്താനിലെ ഭരണകക്ഷിയായ തെഹ്രീക് -ഇ-ഇന്‍സാഫ് പാര്‍ട്ടി നേതാവും ദേശീയ നിയമസഭില്‍ അംഗവുമായ ലാല്‍ ചന്ദ് മല്‍ഹിയാണ് അവരിലൊരാള്‍. പാകിസ്താനിലെയും ബംഗ്ലാദേശിലെയും അഫ്ഗാനിസ്താനിലെയും ന്യൂനപക്ഷങ്ങള്‍ക്ക് ഏക ആശ്വാസമാണ് പുതിയ നിയമമെന്ന് പറയുന്നത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ പാകിസ്താനിലെ ന്യൂനപക്ഷമാണെന്നും തങ്ങള്‍ക്കാവും വിധം പാകിസ്താന്റെ വളര്‍ച്ചയില്‍ തങ്ങളും പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ നേതാവായ ലാല്‍ ചന്ദ് നിര്‍ബന്ധിത മതംമാറ്റം പോലുള്ളവയയ്‌ക്കെതിരേ കടുത്ത നിലപാടെടുത്തയാളാണ്. എല്ലാ രാജ്യത്തുമുള്ളതുപോലെ പാകിസ്താനിലും പ്രശ്‌നങ്ങളുണ്ട്. വിവേചനമുണ്ട്- അദ്ദേഹം പറഞ്ഞു.

സിന്ധിലെ പ്രവിശ്യാ നിയമസഭയിലെ ഹിന്ദു അംഗമായ സജാനന്ദ് ലക്‌വാനിയും ഇതേ നിലപാടിലാണ്. പൗരത്വ നിയമം ഇപ്പോള്‍ ഇന്ത്യയുടെ ആഭ്യന്തര നിയമമല്ലെന്നും മൂന്ന് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചുരുങ്ങിയത് പാകിസ്താനിലെ ഹിന്ദുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുതെന്ന് അദ്ദേഹം ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു. പാകിസ്താനില്‍ ഹിന്ദുക്കളുടെ എണ്ണം കുറയുകയാണെന്ന ഇന്ത്യ സര്‍ക്കാരിന്റെ നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു. 1950 ല്‍ 20 ശതമാനമായിരുന്ന ഹിന്ദുക്കള്‍ ഇപ്പോള്‍ 2 ശതമാനമായി എന്നാണ് ബിജെപിയുടെ വാദം. അന്നത്തെ 20 ശതമാനത്തില്‍ 17.5 ശതമാനവും കിഴക്കന്‍ പാകിസ്താനിലായിരുന്നെന്നും 2.5 ശതമാനം മാത്രമേ ഇപ്പോഴത്തെ പാകിസിതാനിലുണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് പാകിസ്താനിലെ ഹിന്ദു ജനസംഖ്യയില്‍ വലിയ മാറ്റം വന്നിട്ടില്ല.

സിന്ധില്‍ നിന്നുള്ള മറ്റൊരു എംപി കേസൂ മാല്‍ ഖലീല്‍ ദാസ് കടുത്ത രീതിയിലാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഇത്തരം നിയമങ്ങള്‍ മറ്റ് രാഷ്ട്രങ്ങള്‍ക്ക് തെറ്റായ കീഴ്‌വഴക്കമുണ്ടാക്കും. പാകിസ്താന്‍ ഹിന്ദുക്കള്‍ അവരുടെ വേരുകള്‍ മോഹന്‍ജേദാരോയിലാണ് കണ്ടെത്തിയിട്ടുളളത്. ഇവിടെ 5000 വര്‍ഷത്തെ പഴക്കമുണ്ട് അവര്‍ക്ക്. പാകിസ്താനില്‍ നിന്ന് ഒരു ഹിന്ദുവും നാടുവിടാന്‍ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it