Latest News

മുസ് ലിം ലീഗിന്റെ ചരിത്രവഴികളിലൂടെ

പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ ചിന്തകനുമായ ശ്രീ.എന്‍ പി ചെക്കുട്ടി ആധുനിക കേരള ചരിത്രത്തെ വസ്തുതാപരമായി അപഗ്രഥിക്കുന്ന ഈടുറ്റ പഠനമാണ് 'മുസ് ലിം ലീഗ് കേരള ചരിത്രത്തില്‍' എന്ന കൃതി

മുസ് ലിം ലീഗിന്റെ ചരിത്രവഴികളിലൂടെ
X

ഇന്ത്യയിലെ മത സാമുദായിക രാഷ്ട്രീയത്തിലെ അതി പ്രബലമായ രാഷ്ട്രീയ സാന്നിധ്യമാണ് മുസ് ലിം ലീഗ്. മുസ് ലിം സമുദായത്തിന്റെ അകത്തും മതസാമുദായിക സംവിധാനങ്ങള്‍ക്ക് മേല്‍ ഉള്ള സ്വാധീനവു ചലനാത്മകമായ അതിന്റെ സാമൂഹികതയും കൊണ്ട് കേരള രാഷ്ട്രീയത്തിലെ നിര്‍ണായക സാന്നിധ്യമാകാന്‍ എന്നും ലീഗിന് സാധിച്ചിട്ടുണ്ട്.

അവതാനങ്ങളുടെ വാഴ്പ്പാത്തുപാട്ടല്ല ഈ പുസ്തകം. ചരിത്രപരമായ നിലപാടുകളെയും സ്വാധീനങ്ങളെയും സാമൂഹിക പശ്ചാത്തലത്തില്‍ വിലയിരുത്തുകയാണ് ഈ കൃതി.

മുസ് ലിം കേരളത്തില്‍ വികാസം പ്രാപിച്ച രാഷ്ട്രീയ പാര്‍ട്ടികളും ഉണര്‍വുകളും പച്ചപിടിക്കാതിരിക്കുന്നതില്‍ മുസ് ലിം ലീഗ് സ്വീകരിച്ച നിലപാടുകളുടെ സ്വാധീനവും അധീശത്വവും വിലയിരുത്തപ്പെടുന്നു.

മലബാറിന്റെ രാഷ്ട്രീയ വികാസ ചരിത്രവും അതിനെ രൂപപ്പെടുത്തിയ ഘടകങ്ങളും വിശകലനം ചെയ്യപ്പെടുന്നുണ്ട്. ഹിന്ദു മുസ് ലിം സംഘര്‍ഷങ്ങളുടെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അതിന്റെ സവര്‍ണ ദേശീയ സ്വാധീനവും ബക്കിങ് ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദ മഠവും കുമാരനാശാന്റെ ദുരവസ്ഥയും ഓര്‍മപ്പിക്കുന്നുണ്ട്.

വാസ്‌കോഡഗാമയുടെ അധിനിവേശ ക്രൂരതകളും സാമൂതിരിയുടെ ചെറുത്തുനില്‍പ്പുകളും കുഞ്ഞാലിമാരുടെയും മാപ്പിളമാരുടെയും ചെറുത്തുനില്‍പ്പും സ്മരിക്കപ്പെടുന്നുണ്ട്.

തുഹ്ഫതുല്‍ മുജാഹിദീന്‍ അടിത്തറ നല്‍കിയ മാപ്പിള സ്വത്വപ്രതിരോധത്തിന്റെ കനലുകള്‍ കാലത്തിനിപ്പുറവും സ്വാധീനം നിലനിര്‍ത്തുന്ന സമൂഹത്തിന്റെ ഉണര്‍വുകളെ സംഘടിപ്പിച്ചു നിര്‍ത്താന്‍ സാധിച്ചു മുസ് ലിം ലീഗിന്.

മതവും രാഷ്ട്ര സങ്കല്പവും, മുസ് ലിം പാരമ്പര്യത്തില്‍ വിഭജനത്തിന്റെ മുറിവുകളും സങ്കീര്‍ണതകളും, ഒഴുക്കിനെതിരെ നീന്തിയ വര്‍ഷങ്ങള്‍, മുഹമ്മദ് ഇസമായീല്‍ നേതൃത്വത്തില്‍ തുടങ്ങി 18 അധ്യായങ്ങള്‍ 256 പേജുകളില്‍ മനോഹരമായി വിന്യസിച്ചിരുന്നു.

വിഭച്ചനാനന്തരം മുസ് ലിം സമുദായം ഇന്ത്യയില്‍ ഒറ്റപ്പെടുകയും പ്രതിസന്ധിയുടെ കാലത്തിലൂടെ കടന്നുപോവുകയും ചെയ്തു. വിഭജനത്തിന്റെ ഉത്തരവാദികള്‍ മുസ് ലിം സമുദായമാണെന്ന് മുദ്രകുത്തി ആര്‍എസ്എസ് വലതുപക്ഷം മാത്രമല്ല ഭരണം നിര്‍വഹിച്ച കോണ്‍ഗ്രസിലെ നേതാക്കളില്‍ പലരും അങ്ങനെ വിശ്വസിച്ചു.

ഇതിനിടയില്‍ ബിര്‍ള മന്ദിരത്തില്‍ ഒരുവിധ പ്രധിബന്ധങ്ങളും നേരിടാതെ ഗാന്ധി വധിക്കപ്പെടുന്നു. സര്‍ദാര്‍ പട്ടേലും ഭരണകൂടവും ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ നല്‍കിയിരുന്നോ എന്ന ചോദ്യം ' മുന്‍കൂട്ടി പ്രവചിച്ചല്ല മരണം' എന്ന ഗബ്രീയേല്‍ ഗാര്‍ഷ്യ മാര്‍ക്കോസിന്റെ നോവല്‍ തലവാചകത്തെ വീണ്ടും ഓര്‍മിപ്പിക്കുന്നു.

1930 മുതല്‍ ദേശീയവും അന്തര്‍ദേശീയവുമായ രാഷ്ട്രീയത്തെ വിശകലന വിധേയമാക്കുകയും സ്വാധീനങ്ങളെയും കൃതി പരിശോധിക്കുന്നു.

ദേശീയ പ്രസ്ഥാനത്തിന്റെയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും കേരളത്തിന്റെ സാമൂഹിക വികാസന്തത്തിന്റെയും കൂടി ചരിത്രമാണിത്.

മുന്നണി രാഷ്ട്രീയവും സമ്മര്‍ദ്ദ രാഷ്ട്രീയവും സാമുദായിക രാഷ്ട്രീയവും ജനാധിപത്യ അധികാര വഴികളെ നിര്‍മിക്കുന്ന രീതിയും സാധ്യതയും സാധുതയും തിരിച്ചറിയുമ്പോള്‍ മാത്രമാണ് നവ രാഷ്ട്രീയ നിര്‍മിതി സാധ്യമാവുകയുള്ളൂ.

സ്വത്വവും സാമൂദായിക ഉത്തരവാദിത്തങ്ങളും നയപരമായ നിലപാടും നിശബ്ദതയും കൊണ്ട് മതേതര ഇടങ്ങളില്‍ സാന്നിധ്യമാവാന്‍ മുസ് ലിം ലീഗിന് സാധിച്ചിട്ടുണ്ട്.

സാന്നിധ്യത്തിന്റെ സമ്മര്‍ദ്ദ സാധ്യതയെ വേണ്ട വിധം പ്രയോജനപെടുത്താന്‍ സാധിക്കാതെ പോയത് എന്തുകൊണ്ട് എന്ന വിചാരവും ഈ പുസ്തകം ബാക്കിവെക്കുന്നു.

ആര്‍ത്തലച്ച വിവേചനങ്ങളെ അതിജീവിക്കാനുള്ള ഒരു ജനതയുടെ ഒഴിക്കിനെതിരായ നിയോഗമായിരുന്നു മുസ് ലിം ലീഗ്.

ഭാവി ഇന്ത്യയില്‍ മുസ് ലിം സമുദായത്തിന്റെ സ്ഥാനവും പങ്കാളിത്തവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഭരണഘടന നിര്‍മാണ സഭയില്‍ ചര്‍ച്ചകളില്‍ സജീവസാന്നിധ്യമായി ഉയര്‍ന്നുവന്നിരുന്നു. അത്തരം പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് ഇന്ത്യന്‍ മുസ് ലിംകളുടെ അസ്തിത്വത്തിനു വേണ്ടി സജീവമായി ഇടപെട്ടു മുഹമ്മദ് ഇസ്മായില്‍ സാഹിബ്.

രാഷ്ട്രീയ സാമൂഹിക സ്വാധീനതയില്‍ വിള്ളല്‍ സംഭവിക്കുകയും സാമൂഹിക ഒറ്റപ്പെടലിന്റെ ഭീകര അവഗണനകളില്‍ പതിക്കുക്കുകയും ചെയ്ത ചരിത്ര ഘട്ടത്തിലെ ദിശാബോധമുള്ള നേതൃത്വമായിരുന്നു മുഹമ്മദ് ഇസ്മായില്‍ സാഹിബ്.

'വര്‍ഗീയത എന്നാല്‍ എന്ത്? ' എന്ന വിഷയം പരിശോധിച്ച അശോക് മേത്ത കമ്മീഷന്‍ മുന്‍പാകെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന അവശത പരിഹരിക്കാനുള്ള പരിശ്രമങ്ങളെ വര്‍ഗീയതയായി പരിഗണിക്കാനാവില്ലെന്ന് മുഹമ്മദ് ഇസ്മായില്‍ സാഹിബ് വാദിച്ചു.

ഇന്ത്യയില്‍ ഉയര്‍ന്നുവന്ന പിന്നാക്ക ശാക്തീകരണ പ്രസ്ഥാനങ്ങളുടെ അടിത്തറ ഈ സംവാദങ്ങളില്‍ നിന്നാണ് രൂപപ്പെട്ടത് അതില്‍ മേധാവിത്വപരമായ ആശയമേല്‍കൈ പുലര്‍ത്തി അദ്ദേഹം.

സാമൂഹിക സ്വത്വരൂപീകരണത്തില്‍ സ്വാധീനം ചെലുത്തിയ സന്ദര്‍ഭങ്ങളെയും നിലപാടുകളെയും സാമൂഹിക രാഷ്ട്രീയ ഉണര്‍വുകളുടെ പ്രചോതനത്തെയും ഈ കൃതി വിശദമാക്കുന്നു.

ഫാഷിസം വംശീയ ഉന്മൂലനത്തിന്റെ ചാവുനിലങ്ങളും അധികാരനിയമ നിര്‍മാണാധികാരത്തിന്റെ കരുത്ത് ഉപയോഗിച്ച് സമ്പൂര്‍ണമായ വര്‍ഗീയവംശീയ ഉന്മൂലനത്തിന്റെയും അപരനിര്‍മിതിയുടെയും വഴികളില്‍ ജനാധിപത്യ അവകാശങ്ങളെ മുസ് ലിം, ക്രിസ്ത്യന്‍, ദലിത്, ന്യൂനപക്ഷ ദുര്‍ബല സമൂഹങ്ങള്‍ക്ക് തടയുന്ന വര്‍ത്തമാനത്തിന്റെ പൊള്ളുന്ന കാലത്തു ഭാവിയെ നിര്‍ണയിക്കുന്നതിന് അടിത്തറയാകുന്ന അറിവനുഭവങ്ങളുടെ വിചാരമാണ് എന്‍ പി ചെക്കുട്ടിയെന്ന മാധ്യമ പ്രവര്‍ത്തകന്‍ നിര്‍വഹിക്കുന്നത്. ഭാവിയെപ്രതി രാജ്യത്തെയും ജനാധിപത്യത്തെയും സമുദായങ്ങളെയും കുറിച്ച് വിചാരപെടുന്നവര്‍ക്ക് ദിശാസൂചികയാണ് ഈ കൃതി.

ഫാഷിസത്തിന്റെ സ്വാധീനത സമൂഹങ്ങളില്‍ സൃഷ്ടിക്കുന്ന അപരത്വത്തിന്റെയും രക്തദാഹ കൂട്ടങ്ങളുടെയും ഭീഷണികളെ ജനാധിപത്യം മുഖാമുഖം ദര്‍ശിക്കുന്ന ഘട്ടത്തില്‍ 'മുസ് ലിം ലീഗ് കേരളചരിത്രത്തില്‍' എന്ന പഠനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതും പ്രചോദനവുമാണ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ്' ആണ് ഈ കൃതി പ്രസിദ്ധീകരിച്ചത്.

മുസ് ലിം ലീഗ് കേരളം ചരിത്രത്തില്‍
എന്‍ പി ചെക്കുട്ടി
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ്‌
256 പേജ്.

Next Story

RELATED STORIES

Share it