Latest News

ഇബ്‌റാഹീമീ ത്യാഗസ്മരണകളില്‍ നാളെ ബലിപെരുന്നാള്‍

ഇബ്‌റാഹീമീ ത്യാഗസ്മരണകളില്‍ നാളെ ബലിപെരുന്നാള്‍
X

കേരളത്തില്‍ നാളെ ബലി പെരുന്നാള്‍. തിന്‍മകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരേ പൊരുതുന്ന മനുഷ്യര്‍ക്കും സമൂഹത്തിനും അവസാനിക്കാത്ത പ്രചോദനമായി ഇബ്‌റാഹീമീ സ്മരണകള്‍. ഭരണാധികാരികള്‍ അഭിനവ നംറൂദുമാരാവുകയും നീതിനിഷേധങ്ങള്‍ അടിച്ചേല്‍പിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് നാഥനില്‍ സ്വയം സമര്‍പ്പിച്ച് അതീജീവനത്തിന്റെയും പോരാട്ടത്തിന്റെയും ഇബ്‌റാഹീമുമാരാവുക എന്നതാണ് ബലിപെരുന്നാള്‍ ഉയര്‍ത്തുന്ന സന്ദേശം.

ഭരണകൂട നിര്‍മിത ഗര്‍വുകള്‍ക്കും അനീതികള്‍ക്കുമെതിരേ നാഥന്റെ മാര്‍ഗത്തിലുള്ള സ്വയംസമര്‍പ്പണമാണ് ബലിപെരുന്നാള്‍ സന്ദേശത്തിന്റെ സത്ത. വര്‍ഗീയ ഫാഷിസ്റ്റ് ഭീഷണികളും മതേതര പുരോഗമന ജനാധിപത്യത്തിന്റെ മൂടുപടത്തിലൊളിച്ച സ്റ്റാലിസ്റ്റ് ഭരണകൂടവേട്ടകളും നിര്‍ബാധം അരങ്ങേറുന്ന നടപ്പുകാലത്ത് അതിജീവനത്തിനായി ഓരോ മനുഷ്യനും ഇബ്‌റാഹീമീ മാര്‍ഗത്തിലെ ഇച്ഛാശക്തി സ്വയം ആര്‍ജ്ജിക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ ബലിപെരുന്നാളും വിളിച്ചോതുന്നത്. അതിജീവന പോരാട്ടത്തിനുള്ള ആത്മാര്‍പ്പണ സന്നദ്ധതയാണ് വിശ്വാസിയുടെ യഥാര്‍ഥ ആഘോഷമെന്ന അതിവിശാല മാനവികതയാണ് ബലിപെരുന്നാളിന്റെ കാതല്‍.

ഇബ്‌റാഹീം പ്രവാചകനെതിരേ നംറൂദ് ഏകാധിപതി ഒരുക്കിയ അഗ്‌നികുണ്ഡങ്ങളാണ് ഭരണകൂട, പോലിസ് വേട്ടയായും വര്‍ഗീയ ഫാഷിസമായും നമ്മുടെ പരിസരങ്ങളില്‍ അരങ്ങുതകര്‍ക്കുന്നത്. നിരപരാധികളായ മനുഷ്യര്‍ക്കു മുന്നില്‍ കള്ളക്കേസുകളായും ജയിലഴികളായും അഭിനവ നംറൂദ്മാരുടെ അഗ്‌നികുണ്ഠങ്ങള്‍ കത്തിയാളുകയാണ്. നിരപരാധികള്‍ക്കെതിരായ ഇന്ത്യയിലെ യോഗി പോലിസിന്റെ ബുള്‍ഡോസറുകളും പ്രവാചകനിന്ദാ ഭീകരതയുമൊക്കൊക്കെ രാജ്യത്തെ നംറൂദിയന്‍ കാഴ്ചകള്‍ത്തന്നെ.

മാനവചരിത്രത്തിലെ അതുല്യവും അത്യുജ്ജ്വലവുമായ ഒരധ്യായത്തിന്റെ ഓര്‍മ പുതുക്കലാണ് ഈദുല്‍ അദ്ഹ. ജീവിതസത്യസന്ധതയും സമര്‍പ്പണസന്നദ്ധതയുംകൊണ്ട് ചരിത്രത്തെ സാര്‍ഥകമാക്കിയ ഖലീലുല്ലാഹി ഇബ്‌റാഹീം. ഹസ്രത്ത് ഇബ്‌റാഹീമിന്റെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗോജ്വലജീവിതം. ആത്മാര്‍ത്ഥത, സത്യസന്ധത, ആദര്‍ശനിഷ്ഠ, ഇച്ഛാശക്തി, പോരാട്ടവീര്യം, സമര്‍പ്പണസന്നദ്ധത തുടങ്ങിയ അടിസ്ഥാന ഗുണങ്ങല്‍ ഓര്‍മപ്പെടുത്തുന്ന ആഘോഷം കൂടിയാണ് ബലിപെരുന്നാള്‍.

മാനവചരിത്രത്തില്‍ സമാനത ഇല്ലാത്ത അധ്യായമാണ് ഇബ്രാഹിം നബിയുടേത്. സമൂഹത്തെ കൃത്യതയാര്‍ന്ന മനോബലത്തിലും വിശ്വാസ ദാര്‍ഢ്യത്തിലും ആദര്‍ശത്തിലും ഉറപ്പിച്ചുനിര്‍ത്താന്‍ മാതൃകയായി വര്‍ത്തിച്ച ഇബ്‌റാഹീം നബി.

Next Story

RELATED STORIES

Share it