Latest News

കെഎസ്ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സര്‍വീസ് ഗതാഗതമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

കെഎസ്ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സര്‍വീസ് ഗതാഗതമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ കേരളത്തിലെ ആദ്യ എല്‍എന്‍ജി ബസ് സര്‍വീസ് ആരംഭിച്ചു. തമ്പാനൂര്‍ കെ. എസ്. ആര്‍. ടി. സി ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു.

അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്നതിന്റെയും ചെലവ് കുറച്ച് സര്‍വീസ് നടത്തുന്നതിന്റെയും ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡിന്റെ സഹകരണത്തോടെ ഇത്തരത്തിലൊരു ബസ് സര്‍വ്വീസ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തും. ലാഭകരമെങ്കില്‍ ഉദ്യോഗസ്ഥരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ബസ്സുകള്‍ എല്‍ എന്‍ ജിയിലേക്ക് മാറ്റുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

ബസില്‍ ഇന്ധനം നിറയ്ക്കുന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ആലുവ, ഏറ്റുമാനൂര്‍, പാപ്പനംകോട്, വെള്ളറട എന്നിവിടങ്ങളിലെ സാധ്യത പരിശോധിക്കാന്‍ പെട്രോനെറ്റിനോട് കെ എസ് ആര്‍ ടി സി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പരീക്ഷണം വിജയിച്ചാല്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 400 ബസ്സുകള്‍ എല്‍ എന്‍ ജി യിലേക്ക് മാറ്റാന്‍ കഴിയും. ആയിരം ബസ്സുകള്‍ സി എന്‍ ജി യിലേക്കും മാറ്റാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട് . എല്‍ എന്‍ ജി ബസ് മാതൃക സ്വീകരിക്കാന്‍ സ്വകാര്യ ബസുടമകള്‍ തയാറാവുകയാണെങ്കില്‍ തുടക്കത്തിലുള്ള സാമ്പത്തിക ചെലവ് കണക്കിലെടുത്ത് ബസുടമകള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം ലഭ്യമാക്കുന്നത് ആലോചിക്കും. കെ എസ് ആര്‍ ടി സി യെ സാമ്പത്തിക അച്ചടക്കത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കെ എസ് ആര്‍ ടി സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡുമായുള്ള ധാരണാപത്രം ഒപ്പുവച്ചു. പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡ് വൈസ് പ്രസിഡന്റ് യോഗാന്ദ റെഡ്ഡി മുഖ്യാതിഥിയായിരുന്നു. കെ എസ് ആര്‍ ടി സി ദക്ഷിണമേഖലാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി. അനില്‍ കുമാര്‍, വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it