Latest News

2024ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് മല്‍സരിച്ചേക്കും

തിരഞ്ഞെടുപ്പ് അട്ടിമറിച്ചും കള്ള വോട്ടുകള്‍ ചെയ്തുമാണ് ബൈഡന്‍ വിജയിച്ചതെന്ന ആരോപണം ട്രംപ് വീണ്ടും ഉന്നയിച്ചു.

2024ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് മല്‍സരിച്ചേക്കും
X

വാഷിങ്ടണ്‍: 2024ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് മല്‍സരിച്ചേക്കും.വാഷിങ്ടണ്ണില്‍ തീവ്ര വലതുപക്ഷ സംഘടനയായ അമേരിക്ക ഫസ്റ്റ് പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ട്രംപ് വീണ്ടും മല്‍സരിക്കുമെന്ന സൂചന നല്‍കിയത്.

18 മാസം മുമ്പ് വൈറ്റ് ഹൗസ് വിട്ടതിന് ശേഷം ആദ്യമായാണ് ഡൊണാള്‍ഡ് ട്രംപ് വാഷിങ്ടണ്ണിലേക്ക് മടങ്ങിയെത്തുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡനോട് തോറ്റതിനു പിന്നാലെയാണ് ട്രംപ് വൈറ്റ് ഹൗസ് വിട്ടത്.'ഞാന്‍ എപ്പോഴും പറയാറുണ്ട്, ഞാന്‍ ആദ്യമായി ഓടുകയും ഞാന്‍ വിജയിക്കുകയും ചെയ്തു, പിന്നീട് ഞാന്‍ രണ്ടാം തവണയും ഓടി, ഞാന്‍ കൂടുതല്‍ മെച്ചപ്പെട്ടു,നമുക്ക് ഇത് വീണ്ടും ചെയ്യേണ്ടി വന്നേക്കാം, നമ്മുടെ രാജ്യത്തെ നേരെയാക്കേണ്ടതുണ്ട്.'എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.ആദ്യ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2020ലെ തിരഞ്ഞെടുപ്പില്‍ ട്രംപിന് 10 മില്യണ്‍ വോട്ടുകള്‍ അധികം നേടാനായെങ്കിലും ബൈഡനൊപ്പം എത്താന്‍ കഴിഞ്ഞിരുന്നില്ല.തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ്ങാണ് ട്രംപിന് തിരിച്ചടിയായത്.

കണ്‍സര്‍വേറ്റീവ് അമേരിക്ക ഫസ്റ്റ് പോളിസി ഇന്‍സ്റ്റിറ്റിയൂട്ടിനെ അഭിസംബോധന ചെയ്ത് ട്രംപ് നടത്തിയ 90 മിനിറ്റ് പ്രസംഗത്തില്‍, അനധികൃത കുടിയേറ്റവും കുറ്റകൃത്യങ്ങളും ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ 2016ലെ കാംപെയ്‌നിലെ പല വിഷയങ്ങളും പ്രതിധ്വനിച്ചു.

ജോ ബൈഡനെ ട്രംപ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.തിരഞ്ഞെടുപ്പ് അട്ടിമറിച്ചും കള്ള വോട്ടുകള്‍ ചെയ്തുമാണ് ബൈഡന്‍ വിജയിച്ചതെന്ന ആരോപണം ട്രംപ് വീണ്ടും ഉന്നയിച്ചു.രാജ്യം അധഃപതിച്ചുകൊണ്ടിരിക്കുകയാണെന്നും,നാണയപ്പെരുപ്പം 49 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.ദക്ഷിണ അതിര്‍ത്തി കടക്കുന്ന ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ 'അധിനിവേശം' ബൈഡന്‍ അനുവദിച്ചതായി അദ്ദേഹം ആരോപിച്ചു.'മറ്റ് രാജ്യങ്ങള്‍ വളരെ സന്തോഷത്തോടെ അവരുടെ എല്ലാ കുറ്റവാളികളെയും തുറന്ന അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്ക് അയയ്ക്കുന്നു,' അദ്ദേഹം പറഞ്ഞു.അമേരിക്ക ഇപ്പോള്‍ കുറ്റകൃത്യങ്ങളുടെ ചെളിക്കുളമാണെന്നും ട്രംപ് വിമര്‍ശിച്ചു.

ബൈഡന്‍ 'അഫ്ഗാനിസ്താനു കീഴടങ്ങി' എന്നും യുക്രെയ്ന്‍ ആക്രമിക്കാന്‍ റഷ്യയെ അനുവദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.'ഞാന്‍ നിങ്ങളുടെ കമാന്‍ഡര്‍ ഇന്‍ചീഫ് ആയിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കില്ല,' അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it