Latest News

യുഎഇയിലെ സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് നിര്‍ദേശം

യുഎഇയിലെ സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് നിര്‍ദേശം
X

അബുദാബി: യുഎഇയില്‍ 50 പേരില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരണം പാലിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. വിദഗ്ധ തൊഴില്‍ തസ്തികകളില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം പാലിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

ഈ വര്‍ഷം അവസാനത്തോടെ സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരണ ലക്ഷ്യത്തിന്റ ആദ്യഘട്ടം പൂര്‍ത്തീകരിക്കണമെന്നാണ് യുഎഇ ക്യാബിനറ്റ് നേരത്തെ പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞിരുന്നത്. ഈ വര്‍ഷം മേയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. 50 ജീവനക്കാരിലധികമുള്ള സ്വകാര്യ മേഖലയിലെ കമ്പനികള്‍ കുറഞ്ഞത് രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിബന്ധന.

സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്വദേശികളല്ലാത്ത ഓരോ 50 ജീവനക്കാര്‍ക്കും ആനുപാതികമായി രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണം. ഇങ്ങനെ 2026ഓടെ പത്ത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനാണ് പദ്ധതി. 'വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് സ്വദേശിവത്കരണ ടാര്‍ഗറ്റുകള്‍ നേടാനുള്ള സഹായം എത്തിക്കാന്‍ തങ്ങള്‍ തയ്യാറാണ്. ഇതിനായി സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ പുരോഗതിയിലും ഭാവി രൂപപ്പെടുത്തുന്നതിലും സ്വകാര്യ മേഖലയ്ക്കുള്ള പങ്ക് മനസിലാക്കിയാണ് ഇതെന്നും യുഎഇ മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി സൈഫ് അല്‍ സുവൈദി പറഞ്ഞു.

സ്വദേശിവത്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് 2023 ജനുവരി മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്നും കഴിഞ്ഞ ദിവസം മന്ത്രാലയം ട്വീറ്റ് ചെയ്തു. നിയമിക്കാത്ത ഓരോ സ്വദേശിക്കും വര്‍ഷം 72,000 ദിര്‍ഹം വീതമായിരിക്കും ഇത്തരം സ്ഥാപനങ്ങള്‍ പിഴ അടയ്‌ക്കേണ്ടി വരിക. അതേസമയം സ്വദേശിവത്കരണ നിബന്ധന പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവന ഫീസിലെ ഇളവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും.

Next Story

RELATED STORIES

Share it