Latest News

കേരള സർവകലാശാല ബജറ്റ് അവതരണത്തിൽ കനത്ത പിടിപ്പ്കേടെന്ന് യുഡിഎഫ് സെനറ്റ് അംഗങ്ങൾ

കേരള സർവകലാശാല ബജറ്റ് അവതരണത്തിൽ കനത്ത പിടിപ്പ്കേടെന്ന് യുഡിഎഫ്   സെനറ്റ് അംഗങ്ങൾ
X

തിരുവനന്തപുരം: കേരള സര്‍വകലാശാല ബജറ്റ് അവതരണത്തില്‍ കനത്ത പിടിപ്പ്‌കേടെന്ന് യുഡിഎഫ് സെനറ്റ് അംഗങ്ങള്‍. കേരള സര്‍വകലാശാല ബജറ്റ് അവതരണത്തിനായി വിളിച്ച സെനറ്റ് യോഗം രണ്ടു തവണ മാറ്റി വെക്കേണ്ടി വന്നത് സര്‍വകലാശാല ഭരണാധികാരികളുടെ പിടിപ്പ്‌കേടിന്റയും ഉദാസീനതയുടെയും ഫലമാണെന്ന് യുഡിഎഫ് സെനറ്റ് അംഗങ്ങള്‍ ആരോപിച്ചു.

സര്‍വകലാശാലയുടെ ദൈനംദിന കാര്യങ്ങള്‍ മുടക്കം കൂടാതെ നടന്നുപോകുന്നതിനു അത്യന്താപേക്ഷിതമായ ബജറ്റ് പാസാക്കുന്നതിനായി, സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു കേവലം നാല് ദിവസം ബാക്കിയുള്ളപ്പോഴാണ് മാര്‍ച്ച് 25, 26 തീയതികളില്‍ ആദ്യം സെനറ്റ് യോഗം വിളിച്ചത്. പിന്നീട് രണ്ടു ദിവസം എന്നത് വെട്ടി ചുരുക്കി 25 ലേക്ക് പരിമിതപ്പെടുത്തി. ഒടുവില്‍ ഈ യോഗം 27 ലേക്ക് മാറ്റിവക്കുകയായിരുന്നു.

കേരളത്തിലെ പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളും , ഭരണഘടനാ സ്ഥാപനങ്ങളും തങ്ങളുടെ ബജറ്റ് നേരത്തെ തന്നെ പാസാക്കിയപ്പോള്‍, കേരള സര്‍വകലാശാല ഇക്കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയായിരുന്നു. പെരുമാറ്റചട്ടം വന്നാല്‍ പ്രഖ്യാപനങ്ങള്‍ ഒന്നും നടത്താനാവില്ലെന്നും ബജറ്റ് പരിമിതപ്പെടുത്തേണ്ടി വരുമെന്നും സര്‍വകലാശാല അധികാരികള്‍ അറിഞ്ഞില്ല.

ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം, പരീക്ഷ നടത്തിപ്പ്, ഗവേഷണ ഫണ്ടുകള്‍ എന്നിവ മുടങ്ങാതിരിക്കുന്നതിനും കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഗ്രാന്റുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യഥാസമയം വിനിയോഗിക്കുന്നതിനും ബജറ്റ് പാസാക്കുന്നത് ആവശ്യമാണ്. ബജറ്റ് മാറി വോട്ട്ഓണ്‍ അക്കൗണ്ട് ആണോ എന്ന കാര്യം പോലും സെനറ്റ് അംഗങ്ങളെ അറിയിക്കാതെയാണ് സര്‍വകലാശാല മുന്നോട്ട് പോകുന്നത്. ബജറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സെനറ്റില്‍ ചര്‍ച്ചചെയ്യപ്പെടരുത് എന്ന ചിലരുടെ പിടിവാശിയാണ് സര്‍വകലാശാലയെ ഭരണസ്തംഭനത്തിലേക്ക് എത്തിച്ചത്. പരമാധികാര സഭയായ സെനറ്റിനെ നോക്ക് കുത്തി ആക്കിയാണ് അധികാരികളുടെ നീക്കം.

ഓഡിറ്റ് റിപോര്‍ട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പാസാക്കാതെയും, ജനറല്‍ സെനറ്റ് യോഗം വിളിക്കാതെയുമാണ് സര്‍വകലാശാല അധികാരികള്‍ ഭരണം മുന്നോട്ട് കൊണ്ട് പോകുന്നത്. സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്ന രീതിയിയിലാണ് കാര്യങ്ങളുടെ പോക്ക് എന്നു യോഗം കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it