Latest News

യുക്രെയ്ന്‍; പിആര്‍ തള്ളും രക്ഷാപ്രവര്‍ത്തനവും

യുക്രെയ്ന്‍; പിആര്‍ തള്ളും രക്ഷാപ്രവര്‍ത്തനവും
X

ആഗോളവല്‍ക്കരണ കാലം വിഭവങ്ങളുടെ മാത്രമല്ല, മനുഷ്യരുടെയും ദേശാന്തരഗമനങ്ങളുടെ കാലമാണ്. പഠനം, തൊഴില്‍ തുടങ്ങി പല ആവശ്യങ്ങള്‍ക്കുമായി മനുഷ്യര്‍ വിവിധ രാജ്യങ്ങളിലേക്കും ദേശങ്ങളിലേക്കും കുടിയേറ്റം നടത്തുന്നു. സാധാരണ നിലയില്‍ ഇതൊന്നും ചര്‍ച്ചയാവുകയോ ആരും ശ്രദ്ധിക്കുകയോ ചെയ്യാറില്ല.

എന്നാല്‍ പോകുന്ന പ്രദേശങ്ങളില്‍ ചില തടസ്സങ്ങളുണ്ടാവാം. പ്രകൃതിക്ഷോഭം, രാഷ്ട്രീയ അസ്വസ്ഥതകള്‍, കൊവിഡ് പോലുള്ള മഹാമാരികള്‍... ഇതൊക്കെ നാടുവിട്ട് പോയവരുടെ നില അപകടത്തിലാക്കാം. അവര്‍ തിരിച്ചുവരേണ്ട അവസ്ഥയും സംജാതമാകാം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പഠനത്തിനുവേണ്ടി മാത്രം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് യുക്രെയ്‌നിലേക്ക് ചേക്കേറിയിട്ടുള്ളത്. പഠനച്ചെലവ് കുറവായതും തുലോം ഭേദപ്പെട്ട അക്കാദമിക നിലവാരവും വിദ്യാഭ്യാസത്തിനായി യുക്രെയ്ന്‍ തിരഞ്ഞെടുക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു. നാട്ടിലെ എംബിബിഎസ് പഠനച്ചെലവ് കൂടുതലായതിനാല്‍ യുക്രെയ്ന്‍ പോലുള്ള രാജ്യങ്ങളെയാണ് വിദ്യാര്‍ത്ഥികള്‍ ആരോഗ്യവിദ്യാഭ്യാസത്തിന് വേണ്ടി ആശ്രയിക്കുന്നത്. ബംഗ്ലാദേശിനെ ആശ്രയിക്കുന്നവരും ധാരാളമുണ്ട്. പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ലാതെ ഈ രീതി ഏറെക്കാലമായി നിലനില്‍ക്കുന്നു.

യുക്രെയ്‌നില്‍ റഷ്യ അധിനിവേശം നടത്തിയതോടെയാണ് സ്ഥിതിഗതികള്‍ മാറിമറിഞ്ഞത്. തലസ്ഥാനമായ കിവിലേക്കും വലിയ നഗരമായ ഖര്‍കിവിലേക്കും റഷ്യന്‍ സേന മുന്നേറ്റം നടത്തിയതോടെ നാട്ടുകാര്‍ പലായനം ചെയ്യാന്‍ തുടങ്ങി. അതിനു കഴിയാത്തവരും വിദേശികളും പലയിടങ്ങളിലായി കുടുങ്ങി.

പല പാശ്ചാത്യരാജ്യങ്ങളും അവരുടെ പൗരന്മാരെ നേരത്തെത്തന്നെ പല വിധത്തില്‍ ഒഴിപ്പിച്ചിരുന്നതുകൊണ്ട് അവര്‍ക്കൊന്നും വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നില്ല. ഈ കുറിപ്പെഴുതുമ്പോള്‍ പല രാജ്യങ്ങളിലെയും ഒരാള്‍ പോലും യുക്രെയ്‌നില്‍ അവശേഷിക്കുന്നില്ല. അതായിരുന്നില്ല ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സ്ഥിതി.

യുദ്ധം തുടങ്ങിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കോളജ് ഹോസ്റ്റലുകളും അപാര്‍ട്ട് മെന്റുകളും വിട്ട് ബങ്കറുകളിലേക്ക് മാറി. ആദ്യമാദ്യം കുഴപ്പമൊന്നുമില്ലാതിരുന്നെങ്കിലും പിന്നെപ്പിന്നെ ഭക്ഷണത്തിനും മരുന്നിനും വെളളത്തിനും ക്ഷാമമായി. അവര്‍ ഒളിയിടങ്ങളില്‍ കുടുങ്ങി. ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ ഒരു വിദ്യാര്‍ത്ഥി റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റഷ്യക്കാര്‍ വെടിവച്ചുകൊന്നതാണോ അതോ ഗവര്‍ണറുടെ ഓഫിസ് തകര്‍ത്തപ്പോള്‍ അതില്‍ പെട്ടതാണോയെന്നൊന്നും വ്യക്തമല്ല. ഇന്നും ഒരു വിദ്യാര്‍ത്ഥിക്ക് വെടിയേറ്റിട്ടുണ്ട്.

ഇത്രയേറെ ദുരിതം ഇന്ത്യ്ന്‍ പൗരന്മാര്‍ അനുഭവിക്കുമ്പോഴും കേന്ദ്ര സര്‍ക്കാരാകട്ടെ വേണ്ട വിധം ഇടപെടാന്‍ തയ്യാറാവുന്നില്ല. വിദ്യാര്‍ത്ഥികള്‍ റുമാനിയയിലേക്ക് കടന്ന് അവിടത്തെ നഗരമേലധികാരിയുടെ കനിവില്‍ കഴിയുമ്പോഴും അവിടെ ഇടിച്ചുകയറി റുമാനിയക്കാരനായ മേയറോട് തര്‍ക്കിക്കാനാണ് ജ്യോതിരാദിത്യ സിന്ധ്യയെന്ന കേന്ദ്ര മന്ത്രി തുനിഞ്ഞത്. നിങ്ങളല്ല, ഞങ്ങളാണ് ഭക്ഷണവും അഭയവും നല്‍കിയതെന്ന് റുമാനിയയന്‍ നഗരത്തിലെ മേയര്‍ കേന്ദ്ര മന്ത്രിയോട് പൊട്ടിത്തെറിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

യുക്രെയ്‌നിലെ പല നഗരങ്ങളില്‍നിന്നും കുട്ടികള്‍ സ്വന്തം ശേഷിയിലാണ് അതിര്‍ത്തിയിലെത്തിയതെന്ന വിവരം കുട്ടികള്‍ മാത്രമല്ല, ഉദ്യോഗസ്ഥര്‍പോലും തുറന്നുപറഞ്ഞുതുടങ്ങി.

പക്ഷേ, കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഈ അവസരങ്ങളെ പിആര്‍ തള്ളിനുള്ള സാധ്യതയാക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. അതിനുള്ള മറുപടിയാണ് റുമാനിയയിലെ മേയര്‍ മന്ത്രിക്ക് നല്‍കിയത്.

വിവിധ തരത്തില്‍ നാട്ടിലെത്തിയവരെക്കൊണ്ട് മോദിക്ക് ജയ് വിളിക്കാനുള്ള ചില ശ്രമങ്ങളും നടന്നിരുന്നു. അതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മന്ത്രിമാര്‍ വിദേശത്ത് തമ്പടിച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നാണ് നയതന്ത്രവിദഗ്ധര്‍ പറയുന്നത്. പലരുടെയും സാന്നിധ്യം സ്ഥിതിഗതികള്‍ വഷളാക്കാനേ ഉപകരിക്കുന്നുള്ളൂ.

മോദിയാണ് എല്ലാവരെയും രക്ഷപ്പെടുത്തിയതെന്ന മട്ടിലുള്ള ഒരു കാര്‍ട്ടൂണ്‍ കഴിഞ്ഞ ദിവസം പിയൂഷ് ഗോയല്‍ പ്രചരിപ്പിച്ചു. വിവിധ രാജ്യങ്ങളുടെ കനിവില്‍ യുക്രെയ്‌നിലെ അയല്‍രാജ്യങ്ങളില്‍ കടന്ന് അവരുടെ ദയവില്‍ കഴിയുന്നവരോട് തന്നെ തങ്ങളാണ് ഇതൊക്കെ ചെയ്തതെന്നു വരുത്താനാണ് കേന്ദ്രം തുനിയുന്നത്. ഇതിനെതിരേ രാജ്യത്തുതന്നെ പ്രതിഷേധങ്ങളുയരുന്നുണ്ട്. ദുരന്തത്തെ വോട്ടാക്കിമാറ്റാനുളള നീക്കം അപലപിക്കപ്പെടണം.

Next Story

RELATED STORIES

Share it