Latest News

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ഡല്‍ഹി കലാപക്കേസില്‍ ഗൂഢാലോചനാക്കുറ്റം ആരോപിച്ച് ജയിലില്‍ അടച്ച ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം
X

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ഗൂഢാലോചനാക്കുറ്റം ആരോപിച്ച് ജയിലില്‍ അടച്ച ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. ഏഴ് ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്. കുടുംബത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ഡല്‍ഹി കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. യുഎപിഎ ചുമത്തപ്പെട്ട ഉമര്‍ ഖാലിദ് 2020 സെപ്തംബര്‍ മുതല്‍ ജയിലിലാണ്. കര്‍കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്‌പേയ് ആണ് ജാമ്യം അനുവദിച്ചത്. ഡിസംബര്‍ 28 മുതല്‍ ജനുവരി 3 വരെയുള്ള ഏഴ് ദിവസത്തേക്കാണ് ജാമ്യ.

സാക്ഷികളുമായി ബന്ധപ്പെടരുത്, സോഷ്യല്‍ മീഡിയ ഉപയോഗിക്കരുത്, ബന്ധുക്കളെയും സുഹൃത്തുകളെയും മാത്രമേ കാണാവൂ, രണ്ട് ആള്‍ ജാമ്യവും 20,000 രൂപ കെട്ടിവെക്കുകയും വേണം തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം. 2025 ജനുവരി മൂന്നിന് വൈകുന്നേരം ബന്ധപ്പെട്ട ജയില്‍ സൂപ്രണ്ടിന് മുന്നില്‍ ഉമര്‍ ഖാലിദ് ഹാജരാവണം എന്നിവയാണ് മറ്റ് വ്യവസ്ഥകള്‍.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അക്രമം പൊട്ടി പുറപ്പെട്ട സമയത്ത് ഖാലിദ് ആ പ്രദേശത്ത് പോലും ഉണ്ടായിരുന്നില്ലെന്ന് ഖാലിദിന്റെ അഭിഭാഷകന്‍ ചുണ്ടിക്കാട്ടി. യോഗേന്ദ്ര യാദവ്, ചലച്ചിത്ര നിര്‍മ്മാതാവ് രാഹുല്‍ റോയ് എന്നിവരുള്‍പ്പെടെ ഗൂഢാലോചന യോഗങ്ങളില്‍ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന കേസില്‍, മറ്റു പലരെയും പ്രതി ചേര്‍ത്തിട്ടില്ലാത്ത സാഹചര്യത്തില്‍ ഖാലിദിനെ എന്തിന് പ്രതിയാക്കിയെന്ന് ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവര്‍ക്ക് മുന്നില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ത്രിദീപ് പൈസും ചോദിച്ചിരുന്നു. 2020ലെ ഡല്‍ഹി കലാപത്തില്‍ തന്നെ ബന്ധിപ്പിച്ചതിന് ഭൗതികമായ തെളിവുകളൊന്നും ഇല്ലെന്ന് ഡിസംബര്‍ ആറിന് നടന്ന വാദത്തിനിടെ ഉമര്‍ ഖാലിദും പറഞ്ഞിരുന്നു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ജെഎന്‍യു ഗവേഷക വിദ്യാര്‍ഥിയായിരുന്ന ഉമര്‍ ഖാലിദിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിന് നേതൃത്വം നല്‍കിയതിന് പിന്നാലെ ഉമര്‍ ഖാലിദിനെതിരെ കലാപ ഗൂഢാലോചനയ്ക്ക് കേസെടുത്തിരുന്നു. 53 പേര്‍ കൊല്ലപ്പെടുകയും 700-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡല്‍ഹി കലാപത്തിന് ഏഴ് മാസത്തിന് ശേഷമാണ് 2020 സെപ്റ്റംബറില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.

2022 ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹരജി പിന്‍വലിച്ചു. ഈ വര്‍ഷം ആദ്യത്തില്‍ സ്ഥിരജാമ്യം തേടി വീണ്ടും വിചാരണക്കോടതിയെ സമീപിച്ചെങ്കിലും കോടതി നിരസിച്ചു.ഈ വര്‍ഷം ആദ്യം, വിചാരണ കോടതി അദ്ദേഹത്തിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും തള്ളിയിരുന്നു. രണ്ടാം ജാമ്യാപേക്ഷ തള്ളിയതിനെ ചോദ്യം ചെയ്ത് അദ്ദേഹം നല്‍കിയ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Next Story

RELATED STORIES

Share it