Latest News

യുഎന്‍ വേദിയില്‍ മൽസ്യത്തൊഴിലാളികളെ പ്രശംസിച്ച്‌ പിണറായി വിജയന്‍

യുഎന്‍ വേദിയില്‍ മൽസ്യത്തൊഴിലാളികളെ   പ്രശംസിച്ച്‌ പിണറായി വിജയന്‍
X

ജനീവ: യുഎൻ വേദിയിൽ മൽസ്യത്തൊഴിലാളികളെ പ്രശംസിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയസമയത്ത് മൽസ്യത്തൊഴിലാളികളുടെ സേവനം നിസ്തുലമായിരുന്നു, അവര്‍ നൂറുകണക്കിന് ജീവന്‍ രക്ഷിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനീവയില്‍ ഐക്യരാഷ്ട്ര സഭയുടെ ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയ ദുരന്തത്തെ ഒറ്റക്കെട്ടായി നിശ്ചയദാര്‍ഢ്യത്തോടെയാണ് കേരളം നേരിട്ടത്. സാമൂഹിക, സാമ്പത്തിക വ്യത്യാസങ്ങള്‍ മാറ്റിവച്ച്‌ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങി. വീടുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായിരുന്നു പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി ജനീവയില്‍ പറഞ്ഞു. 90 വര്‍ഷത്തിനിടെ ഇത്രശക്തമായ പ്രകൃതി ദുരന്തങ്ങളൊന്നും കേരളത്തിന് നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ ആ​ഗസ്തിലുണ്ടായ പ്രളയം സംസ്ഥാന സര്‍ക്കാറിനും പൊതുസമൂഹത്തിനും വലിയ വെല്ലുവളി സൃഷ്ടിച്ചു. കേരളത്തെ രൂക്ഷമായി ബാധിച്ച പ്രളയത്തില്‍ 453 വിലയേറിയ ജീവനുകളാണ് നഷ്ടപ്പെട്ടത്. സാമൂഹിക പിന്തുണയോടെ ഫലപ്രദമായി തന്നെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ജനങ്ങളുടേയും വിവിധ ഏജന്‍സികളുടേയും സഹായം വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നും ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള സമഗ്രപദ്ധതി സംസ്ഥാനം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.നവകേര നിര്‍മാണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദ നിര്‍മാണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങല്‍ ശക്തിപ്പെടുത്തണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ട്ര സഭയുടെ ലോക പുനര്‍നിര്‍മാണ സമ്മേളനത്തിലെ മുഖ്യപ്രാസംഗികരില്‍ ഒരാളാണ് പിണറായി വിജയന്‍.



Next Story

RELATED STORIES

Share it