Latest News

ബ്രാഹ്‌മണ ബന്ധന; ഗോത്രവര്‍ഗങ്ങളുടെ ശരീരത്തിനു മീതെ നടക്കുന്ന ആചാരം തിരികെ കൊണ്ടു വന്ന് ഹിന്ദുത്വര്‍

ബ്രാഹ്‌മണ ബന്ധന; ഗോത്രവര്‍ഗങ്ങളുടെ ശരീരത്തിനു മീതെ നടക്കുന്ന ആചാരം തിരികെ കൊണ്ടു വന്ന് ഹിന്ദുത്വര്‍
X

ബംഗാള്‍: പുരുലിയയിലെ മന്‍ബസാറിലെ കുര്‍മസോള്‍ എന്ന ഗ്രാമത്തിനു പറയാനുള്ളത് തിരിച്ചു വന്നു കൊണ്ടിരിക്കുന്ന ജാതീയതയുടെ അതിര്‍വരമ്പുകളെകുറിച്ചും വിശ്വാസത്തെകുറിച്ചുമാണ്.35 മുസ് ലിം കുടുംബങ്ങള്‍ ഉള്‍പ്പെടെ 300 കുടുംബങ്ങള്‍ താമസിക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം കാശിപൂര്‍ രാജകുടുംബങ്ങളില്‍ നിന്നു തുടങ്ങി പ്രാദേശിക ഭൂവുടമകളില്‍ എത്തി നില്‍ക്കുന്നു. കുര്‍മി മഹാതോയും ഗോത്ര സമൂഹങ്ങളും അടങ്ങുന്നതാണ് ഈ ഗ്രാമം.ഗ്രാമത്തില്‍ ഒരു ഹൈസ്‌കൂളോ, ആരോഗ്യ കേന്ദ്രമോ, വാഹന സൗകര്യമോ ഇല്ല. ഗതാഗത സൗകര്യത്തിനായി ഗ്രാമീണര്‍ രണ്ട് കിലോമീറ്റര്‍ കാല്‍നടയായി മഹാര ഗ്രാമത്തിലേക്ക് പോകും. വരള്‍ച്ച ബാധിച്ച് വരണ്ടുണങ്ങിയ കാഴ്ചകളാണ് ചുറ്റിലും.


കാലങ്ങളായി ഇവിടുത്തെ ഹിന്ദുക്കളും മുസ് ലിംകളും അടങ്ങുന്ന വിഭാഗം സുഖവും ദുഖവും ഒരുമിച്ചു പങ്കിട്ടു. എന്നാല്‍ ഇന്നതില്‍ നിന്നൊക്കെ ഗ്രാമം വ്യതിചലിച്ചു. വരണ്ട ഭൂമികയില്‍ ഇലകള്‍ക്ക് പകരം പാറികളിക്കുന്ന കാവി പതാകകളാണ് വഴിയാത്രികരെ എതിരേറ്റുന്നത്. നാട്ടുകാര്‍ പറയുന്നതുപോലെ രാഷ്ട്രീയം, ആചാരങ്ങളും ഉല്‍സവങ്ങളും ആഘോഷിക്കുന്ന രീതിയില്‍ പ്രകടമായ മാറ്റം വരുത്തി.

'ബ്രാഹ്‌മണ ബന്ധന' പോലെയുള്ള പല ആചാരങ്ങളുടെയും തിരിച്ചു വരവ് അത്തരത്തിലൊരു മാറ്റമാണ്. ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ മാത്രം നടത്തിയിരുന്ന ഈ ആചാരം 2015 മുതല്‍ ഒരു പ്രാദേശിക ഉല്‍സവത്തിന്റെ ഭാഗമായി വീണ്ടും അവതരിപ്പിക്കപ്പെട്ടു.

താഴ്ന്ന ജാതിയില്‍പെട്ടവര്‍ താഴെ കിടക്കുകയും അവരുടെ ശരീരത്തിനു മുകളിലൂടെ ബ്രാഹ്‌മണ പുരോഹിതന്‍ നടന്നു പോകുകയും ചെയ്യുന്ന ആചാരമാണ് 'ബ്രാഹ്‌മണ ബന്ധന'. ബ്രാഹ്‌മണ പുരോഹിതന്റെ പാദസ്പര്‍ശമേറ്റാല്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകുമെന്നാണ് ഇവരുടെ വിശ്വാസം. ബംഗാളി വര്‍ഷത്തിലെ അവസാന ദിവസമായ ചൈത്ര സംക്രാന്തിയില്‍ ആണ് ഇത് ആചരിക്കുക.


ഈയടുത്ത് ഈ ആചാരം നടന്നത് ഇക്കഴിഞ്ഞ 14ാം തിയ്യതിയാണ്. കുര്‍മസോളില്‍ നിന്നും ചുറ്റുമുള്ള 18 ഗ്രാമങ്ങളില്‍ നിന്നുമുള്ള ബ്രാഹ്‌മണരല്ലാത്ത പുരുഷന്മാര്‍ ഒരു കുളത്തിനരികില്‍ ഒത്തുകൂടി. ആചാരപരമായ കുളിക്കുശേഷം അവര്‍ പുതിയ വസ്ത്രങ്ങള്‍ ധരിച്ചു. ഒരു ബ്രാഹ്‌മണ പുരോഹിതന്‍ പിന്നീട് അവരുടെ കൈത്തണ്ടയില്‍ നൂലുകള്‍ കെട്ടി, പങ്കെടുക്കുന്നവര്‍ നിലത്ത് കമിഴ്ന്നു കിടന്നു, ജനക്കൂട്ടം ആര്‍പ്പുവിളിക്കുന്നതിനിടയില്‍ ബ്രാഹ്‌മണ പുരോഹിതന്‍ അവരുടെ ശരീരത്തിലൂടെ നടന്നു.

പണ്ടൊക്കെ ഏതാനും ആളുകള്‍ മാത്രം ഉള്‍പ്പെട്ടിരുന്ന ഈ ആചാരം ഇപ്പോള്‍ വലിയ രീതിയില്‍ പ്രചാരത്തിലായി എന്നും ഇവിടെയുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു.എന്നാല്‍ ഇന്ന്‌, ഈ ആചാരത്തില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ അവര്‍ സാമൂഹികമായി അകറ്റപ്പെടുമെന്നും ഇവിടുത്തെ സാധാരണക്കാര്‍ പറയുന്നു.

തങ്ങള്‍ സനാതന മൂല്യങ്ങള്‍ സംരക്ഷിക്കുകയും സമൂഹത്തിന്റെ ക്ഷേമത്തിനായി ഈ പാരമ്പര്യം ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും മതപരമായ ആചാരങ്ങള്‍ പിന്തുടരാന്‍ ഞങ്ങള്‍ സനാതന വിശ്വാസികളെ പ്രചോദിപ്പിക്കുകയാണെന്നുമാണ് ഇവിടുത്തെ ബിജെപി നേതാക്കളുടെ ഭാഷ്യം. ആത്മീയ നേതാവ് സ്വാമി ജപാനന്ദ സ്ഥാപിച്ച കുര്‍മസോള്‍ ശാരദ വിദ്യാപീഠ് സ്‌കൂളിന്റെ സ്വാധീനവും ചെറുതല്ല.


ആചാരപരമായ അധ്യാപനവും ആര്‍എസ്എസിന്റെ പാഠ്യപദ്ധതിയും സംയോജിപ്പിക്കുന്ന ഈ സ്ഥാപനം, ഗ്രാമീണരുടെ പ്രിയപ്പെട്ട തിരഞ്ഞെടുപ്പായി ഉയര്‍ന്നുവന്നിട്ടുണ്ട് എന്നതും മറ്റൊരു ആശങ്കയാണ്. ജാതി ശ്രേണിയെ ബഹുമാനിക്കാനും, ബ്രാഹ്‌മണരെ അനുസരിക്കാനും, ഗോത്ര ആചാരങ്ങളെ പിന്നോക്കമായി കാണാനും വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നുണ്ടെന്നാണ് ഇവിടുത്തെ നാട്ടുകാര്‍ തന്നെ അഭിപ്രായപെടുന്നത്. ചുരുക്കത്തില്‍ ഇന്ന്, ഗോത്രവര്‍ഗങ്ങളെ കാല്‍കീഴിലാക്കി സുഖിക്കുന്ന ബിജെപിയുടെ രാഷ്ട്രീയാചാരത്തിന്റെ കേവല ഉദാഹരണം മാത്രമായി കുര്‍മസോള്‍ മാറി എന്നു പറയാതെ വയ്യ.

Next Story

RELATED STORIES

Share it