Latest News

അശാസ്ത്രീയ ലോക്ഡൗണ്‍ തള്ളിയിട്ടത് പട്ടിണിയിലേക്ക്; കേരളത്തില്‍ 43 ദിവസത്തിനകം ജീവനൊടുക്കിയത് 21 പേര്‍

തിരുവനന്തപുരത്ത് മലയന്‍കീഴിലെ ബേക്കറി ഉടമ വിജയകുമാര്‍ (56) ജൂലൈ 22നാണ് ജീവനൊടുക്കിയത്. പാലക്കാട് ട്രാക്ടര്‍ ഡ്രൈവര്‍ കണ്ണന്‍ കുട്ടി (56), കൊല്ലത്ത് സീനാ ട്രാവല്‍സ് ഉടമ മോഹനന്‍ പിള്ള (53), തിരുവനന്തപുരത്തെ ശ്രീകാന്ത് (36) എന്നിവരെ ആത്മഹത്യയിലേക്ക് നയിച്ചതും ലോക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ്.

അശാസ്ത്രീയ ലോക്ഡൗണ്‍ തള്ളിയിട്ടത് പട്ടിണിയിലേക്ക്; കേരളത്തില്‍ 43 ദിവസത്തിനകം ജീവനൊടുക്കിയത് 21 പേര്‍
X

കോഴിക്കോട്: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രണ്ടാംഘട്ട ലോക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്തത് 21 പേര്‍. കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപന നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ അശാസ്ത്രീയ ലോക്ഡൗണ്‍ ആണ് സാധാരണക്കാരായ 21 പേരുടെ ജീവന്‍ അപഹരിച്ചത്. ആത്മഹത്യ ചെയ്തവരെല്ലാം വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരോ, അതുമായി ആശ്രയിച്ച് ജീവിക്കുന്നവരോ ആണ്.

ക്രെയിന്‍ സര്‍വ്വീസ് സ്ഥാപനത്തിലെ ജീവനക്കാരായ കോട്ടയം കടുവാക്കുളത്തെ ഇരട്ട സഹോദരങ്ങള്‍ തിങ്കളാഴ്ച്ചയാണ് ആത്മഹത്യ ചെയ്തത്. നസീര്‍ ഖാനും സഹോദരന്‍ നിസാര്‍ ഖാനുമാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ജീവിതം അവസാനിപ്പിച്ചത്. ഇവരെ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. 33 വയസായിരുന്നു. ലോക് ഡൗണ്‍ കാരണം ഒരു വര്‍ഷം മുന്‍പ് ജോലി നഷ്ടമായ ഇവര്‍ മറ്റു ജോലികളൊന്നും ലഭിക്കാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ബാങ്കില്‍ വായ്പയെടുത്തതിന്റെ തിരിച്ചടവും മുടങ്ങിയിരുന്നു.

കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യക്ക് തൊട്ടു മുമ്പുള്ള ദിവസമാണ് ഞായറാഴ്ച മാവേലിക്കര ശ്രീഗായത്രി ഗ്രാഫിക് ഡിസൈനിങ് സെന്റര്‍ ഉടമ കണ്ടിയൂര്‍ ഗൗരീശങ്കരത്തില്‍ വിനയകുമാറിനെ (43) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് വായ്പ എടുത്ത് തുടങ്ങിയ സ്ഥാപനം ലോക്ഡൗണില്‍ അടച്ചുപൂട്ടിയപ്പോള്‍ പിടിച്ചുനില്‍ക്കാനാവാതെയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍മക്കളും ഉണ്ട്.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കോട്ടയത്ത് ടൂറിസ്റ്റ് വാന്‍ ഉടമ ജീവനൊടുക്കിയത് ജൂലൈ 30 ന് ആണ്. കല്ലറ പെരുന്തുരുത്ത് വിജയവിലാസത്തില്‍ വി മോഹനന്‍ (50) ആണ് ആത്മഹത്യ ചെയ്തത്. പിടിച്ചുനില്‍ക്കാന്‍ വേണ്ടി സ്വകാര്യ ബാങ്കില്‍നിന്ന് എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയിരുന്നു.സ്വന്തമായി ഉണ്ടായിരുന്ന വാനിന്റെ തിരിച്ചടവ് മുടങ്ങി. വാന്‍ വിറ്റെങ്കിലും വായ്പ അടയ്ക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ബാങ്ക് പൊലീസില്‍ പരാതി നല്‍കി. പണം കൊടുത്തു തീര്‍ക്കണമെന്നു പൊലീസ് നിര്‍ദേശിച്ചിരുന്നത് വെള്ളിയാഴ്ച ആയിരുന്നു. അതിന് കഴിയാതെ വന്നതോടെ ഉച്ചയോടെ മോഹനന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

വടകര മേപ്പയൂരില്‍ ചായക്കട നടത്തിയിരുന്ന കൃഷ്ണനും ലോക്ഡൗണ്‍ കാരണമുണ്ടായ സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. ഓവുപാലത്തിന് സമീപം വര്‍ഷങ്ങളായി ചായക്കട നടത്തിയിരുന്ന കൃഷ്ണന്‍ അതിനകത്താണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ കട തുറന്നിരുന്നു. എന്നാല്‍ ഉച്ചയോടെ കാണാതായി. പിന്നീടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കൃഷ്ണന്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.

ജൂലൈ 19ന് ഇടുക്കിയിലെ ബേക്കറി ഉടമ പുലരിമലയില്‍ വിനോദ് (55) ആത്മഹത്യ ചെയ്തതും ലോക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനാവാതെയാണ്. തിരുവനന്തപുരത്ത് മലയന്‍കീഴിലെ ബേക്കറി ഉടമ വിജയകുമാര്‍ (56) ജൂലൈ 22നാണ് ജീവനൊടുക്കിയത്. പാലക്കാട് ട്രാക്ടര്‍ ഡ്രൈവര്‍ കണ്ണന്‍ കുട്ടി (56), കൊല്ലത്ത് സീനാ ട്രാവല്‍സ് ഉടമ മോഹനന്‍ പിള്ള (53), തിരുവനന്തപുരത്തെ ശ്രീകാന്ത് (36) എന്നിവരെ ആത്മഹത്യയിലേക്ക് നയിച്ചതും ലോക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ്.

കടുത്ത സാമ്പത്തിക പ്രയാസം കാരണം തിരുവനന്തപുരത്ത് ജൂണ്‍ 21ന് ജീവനൊടുക്കിയത് മൂന്നംഗ കുടുംബമാണ്. മനോജ് കുമാര്‍ (45), ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരാണ് മരിച്ചത്. സ്വര്‍ണപ്പണിക്കാരനായിരുന്ന മനോജ് കുമാറും കുടുംബവും ലോക്ഡൗണിന്റെ ഇരയായി ജീവിതം നഷ്ടപ്പെട്ടവരാണ്. ഇടുക്കിയിലെ ഏലം കര്‍ഷകന്‍ പാമ്പാടുംപാറ മാവോലില്‍ വീട്ടില്‍ സന്തോഷ് (47) ജൂലൈ 1ന് ആത്മഹത്യ ചെയ്യാന്‍ കാരണമായതും ലോക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രയാസമാണ്. സ്വകാര്യ സ്ഥാപനത്തിന് വായ്പ എടുത്തിരുന്നു. അധികൃതര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജീവനെടുത്തത്.

തിരുവനന്തപുരത്ത് മായ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ നിര്‍മല്‍ ചന്ദ്രനെ(53) ജൂലൈ 2ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ലോക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രയാസമാണ് ഇവിടെയും ആത്മഹത്യയിലേക്ക് നയിച്ചത്. പാലക്കാട്ട് ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ പൊന്നു മണി (55) ആത്മഹത്യ ചെയ്തത് ജൂലൈ 17ന് ആയിരുന്നു.

കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റര്‍ നടത്തുകയായിരുന്ന ആലപ്പുഴ മാന്നാര്‍ സ്വദേശി വിഷ്ണു പ്രസാദ് (35) ജൂലൈ 7ന് ആത്മഹത്യ ചെയ്തു. ജൂലൈ 20ന് വയനാട് സ്വകാര്യ ബസുടമ പി സി രാജാമണി (48) ജീവനൊടുക്കി. ജൂലൈ 20ന് തൃശൂരില്‍ ആത്മഹത്യ ശരത്ത് എന്ന യുവാവ് (27) ജീവനൊടുക്കിയതും കടുത്ത സാമ്പത്തിക പ്രയാസത്തില്‍ പിടിച്ചുനില്‍ക്കാനാകാതെയാണ്. ശരത്തിന്റെ മൃതദേഹം കണ്ട അച്ഛന്‍ ദാമോദരനും (53) ആത്മഹത്യ ചെയ്തിരുന്നു.

Next Story

RELATED STORIES

Share it