Latest News

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: ജാതി രാഷ്ട്രീയത്തെ മറികടക്കാന്‍ വനിതാ സംവരണവുമായി കോണ്‍ഗ്രസ്സ്

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: ജാതി രാഷ്ട്രീയത്തെ മറികടക്കാന്‍ വനിതാ സംവരണവുമായി കോണ്‍ഗ്രസ്സ്
X

ലഖ്‌നോ: ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നെന്ന പദവി മാത്രമല്ല, ഏറ്റവും സങ്കീര്‍ണമായ സാമൂഹിക ഘടനയുള്ള സംസ്ഥാനമെന്ന പദവിയും ഉത്തര്‍പ്രദേശിനാണ്. ജാതി മുതല്‍ വിവിധ ഘടകങ്ങള്‍ തിരഞ്ഞെടുപ്പുകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു. ദലിതരുടെയും പിന്നാക്കക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും ബ്രാഹ്മണരടക്കമുള്ള സവര്‍ണരുടെയും ജനസംഖ്യയിലുള്ള ഉയര്‍ന്ന ശതമാനം ഈ സങ്കീര്‍ണത വര്‍ധിപ്പിക്കുന്നു. ജാതി വോട്ട് ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും ബിജെപിയും സമാജ് വാദി പാര്‍ട്ടിയും പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. ബിഎസ്പിയും കോണ്‍ഗ്രസ്സും ഇക്കാര്യത്തില്‍ പിന്നിലല്ല.

എന്നാല്‍ ഇതിനെയൊക്കെ കടത്തിവെട്ടുന്ന മറ്റൊരു ചീട്ട് കോണ്‍ഗ്രസ് നേതാവും യുപി ഇന്‍ചാര്‍ജുമായ പ്രിയങ്കാ ഗാന്ധി വാദ്ര് പുറത്തെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷ്രിന്‍ഡെയും ആരാധനാ മിശ്രയും പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രിയങ്ക ആ വെടിപൊട്ടിച്ചത്: അടുത്ത വര്‍ഷം നടക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നീക്കിവയ്ക്കും. സാഹചര്യം അനുവദിച്ചാല്‍ അടുത്ത തവണ 50 ശതമാനമായി വര്‍ധിപ്പിക്കുമെന്നും പ്രിയങ്ക പറഞ്ഞുകളഞ്ഞു.

വനിതകള്‍ക്ക് സീറ്റ് മാറ്റിവയ്ക്കുമെന്ന് പ്രഖ്യാപിച്ച ആദ്യ പാര്‍ട്ടിയല്ല, കോണ്‍ഗ്രസ്. ഒഡീഷാ മുഖ്യമന്ത്രി ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക്ക് 33 ശതമാനം സീറ്റാണ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് നീക്കിവച്ചത്. സ്ത്രീകള്‍ക്ക് സംവരണ ഏര്‍പ്പെടുത്തുന്ന ബില്ല് പാസ്സാക്കാനുള്ള ശ്രമം ആരംഭിക്കുമെന്നും നവീന്‍ പട്‌നായിക്ക് പറഞ്ഞു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലും ഇതേ നിലപാടെടുത്തു. 40 ശതമാനമാണ് മമതാ ബാനര്‍ജി മാറ്റിവച്ചത്. എന്നാല്‍ സംവരണമെന്ന നിലയിലായിരുന്നില്ല അത്. തങ്ങളാണ് ആദ്യമായി വനിതാസ്ഥാനാര്‍ത്ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതെന്ന അവകാശവാദവുമായി ഇന്ന് മമതയുടെ പാര്‍ട്ടി രംഗത്തുവരികയും ചെയ്തിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ പട്‌നായിക്കിന്റെ നിലപാടാണ് പ്രിയങ്ക കടമെടുത്തിരിക്കുന്നതെന്ന് പറഞ്ഞാല്‍ തെറ്റല്ല. യുപിയെപ്പോലുളള ഒരു സംസ്ഥാനത്ത് വനിതാ സംവരണം കൊണ്ടുവരുന്നത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കോണ്‍ഗ്രസ്സിനെപ്പോലുളള ഒരു പാരമ്പര്യമുള്ള പാര്‍ട്ടി.

അതേസമയം വനിതാസംവരണത്തിന് ഏറ്റവും എതിരതാളികളുള്ള ഒരു സംസ്ഥാനവുമാണ് യുപി. സമാജ് വാദി പാര്‍ട്ടിയാണ് ഉദാഹരണം. നേരത്തെയും ഇതേ നിലപാടാണ് യുപിയിലെ പല പാര്‍ട്ടികളും എടുത്തിരുന്നത്. വനിതാ സംവരണം കൊണ്ടുവരുന്നത് കീഴ്ജാതി വിഭാഗങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുവരവിനെ മറികടക്കാനാണെന്നാണ് വിമര്‍ശനം. പലരും ഈ വാദത്തില്‍ ഒരു പരിധിവരെ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്നവരുമാണ്. വനിതാ സംവരണത്തിനുള്ളില്‍ ദലിത്, ആദിവാസി സംവരണം ഏര്‍പ്പെടുത്തണമെന്ന് മായാവതി പറയുന്നത് അതുകൊണ്ടാണ്.

വനിതകളെ കൂടുതലായി കൊണ്ടുവരിക വഴി സ്ത്രീകളുടെ ഭാഗത്തുനിന്ന് പാര്‍ട്ടിക്ക് പിന്തുണ വര്‍ധിപ്പിക്കാനാവുമെന്നാണ് പ്രിയങ്കയുടെ പ്രതീക്ഷ. മാത്രമല്ല, യോഗി സര്‍ക്കാരിന്റെ കാലത്ത് സ്ത്രീള്‍ നേരിടേണ്ടിവന്ന വിവിധ തരം പീഡനങ്ങള്‍- ഹഥ്രസ്, ഉന്നാവോ തുടങ്ങിയവ അടക്കം- പ്രിയങ്ക എടുത്തുപറയുന്നുമുണ്ട്.

ഇന്നല്ലെങ്കില്‍ നാളെ യുപിയില്‍ മാത്രമല്ല, രാജ്യം മുഴുവന്‍ ഈ തീരുമാനം തരംഗം സൃഷ്ടിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ആദ്യ കാലത്ത് ഭര്‍ത്താവിന് പകരക്കാരനായി ഭാര്യയെ മല്‍സരിപ്പിച്ച പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ്സിലുമുണ്ടായി. പക്ഷേ, ഇന്ന് അതേ സ്ത്രീകള്‍ തന്നെയാണ് സ്വന്തം നിലക്ക് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംശയം ചോദിച്ച ഒരു മാധ്യമപ്രവര്‍ത്തകനോട് പ്രിയങ്ക തന്നെ പറഞ്ഞു.

പുതിയ നീക്കം എല്ലാ ജാതി, മത, തൊഴില്‍ വിഭാഗത്തില്‍ നിന്നുള്ള സ്ത്രീകളെ പാര്‍ട്ടിയുമായി അടുപ്പിക്കുമെന്ന് പ്രിയങ്ക കരുതുന്നു. തിരഞ്ഞെടുപ്പ് വിജയിക്കാന്‍ കാരണമാവുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. അതേസമയം സ്വന്തം ഇടം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വിവിധ ജാതിവിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന യുപിയെ വനിതാ സംവരണം എങ്ങനെ ബാധിക്കുമെന്നത് ഇപ്പോള്‍ വ്യക്തമല്ല. അത് അദ്ഭുതം സൃഷ്ടിക്കുമെന്നാണ് പ്രിയങ്കയുടെ കണക്കുകൂട്ടല്‍. ഈ തീരുമാനം യുപിയിലെ മുഴുവന്‍ സത്രീകള്‍ക്കും വേണ്ടിയാണ് എടുത്തതെന്നും സ്ത്രീകളുടെ സ്ഥിതി മെച്ചപ്പെടാന്‍ ഇത് കാരണമാവുമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it