Latest News

യുപി 'ലൗ ജിഹാദ്' നിയമം: ഒരു മാസത്തിനുള്ളില്‍ 14 കേസുകള്‍, 49 പേര്‍ ജയിലില്‍, പെണ്‍കുട്ടിയുടെ പരാതിയുള്ളത് രണ്ട് കേസില്‍ മാത്രം

യുപി ലൗ ജിഹാദ് നിയമം: ഒരു മാസത്തിനുള്ളില്‍ 14 കേസുകള്‍, 49 പേര്‍ ജയിലില്‍, പെണ്‍കുട്ടിയുടെ പരാതിയുള്ളത് രണ്ട് കേസില്‍ മാത്രം
X

ലഖ്‌നോ: ലൗ ജിഹാദ് നിയമം പാസ്സാക്കി ഒരു മാസം പിന്നിടുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ഇതുവരെ പോലിസ് രജിസറ്റര്‍ ചെയ്തത് 14 കേസുകള്‍. 51 പേരെ ഈ നിയമപ്രകാരം പോലിസ് അറസ്റ്റ് ചെയ്തു. അതില്‍ 49 പേര്‍ ഇപ്പോഴും ജയിലില്‍ കഴിയുന്നു.

14 കേസുകളില്‍ 13 എണ്ണത്തിലും ഹിന്ദു യുവതിയെ നിര്‍ബന്ധിച്ച് ഇസ്‌ലാമിലേക്ക് മതംമാറ്റിയെന്നാണ് പോലിസ് ആരോപിക്കുന്നത്. 12 എണ്ണത്തിലും പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. രണ്ടെണ്ണത്തില്‍ ഹിന്ദുത്വസംഘടനകള്‍ ഇടപെട്ട് സമരം നടത്തിയാണ് കേസെടുപ്പിച്ചത്. ഒന്നൊഴികെ എല്ലാ കേസും പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ ഉള്‍പ്പെട്ടവയാണ്. എട്ട് കേസില്‍ പെണ്‍കുട്ടി സുഹൃത്താണെന്നാണ് മൊഴി നല്‍കിയത്. ഒന്നില്‍ വിവാഹിതരായെന്ന് അവകാശപ്പെട്ടു.

അസംഗഡിലെ ഒരു കേസില്‍ ക്രിസ്ത്യാനിയായി നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന് ആരോപിച്ചിരിക്കുന്നു, അതില്‍ മൂന്ന് പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. രണ്ട് കേസില്‍ സ്ത്രീകള്‍ നേരത്തെ വിവാഹിതരായവരാണ്, അവര്‍ രണ്ട് പേരും മൊഴിനല്‍കാന്‍ വിസമ്മതിച്ചു. രണ്ട് കേസില്‍ സ്ത്രീകള്‍ ബലാല്‍സംഗം ആരോപിച്ചിട്ടുണ്ട്. മൂന്ന് കേസില്‍ നിര്‍ബന്ധിത മതംമാറ്റമാരോപിച്ചത് ദലിതരാണ്.

മൂന്ന് കേസുകള്‍ ബിജ്‌നോര്‍ ജില്ലയിലാണ് രജിസ്റ്റര്‍ ചെയ്തത്. ഷാഹ്ജഹാന്‍പൂരില്‍ 2, ബാക്കിയുളളവ ബറൈലി, മുസാഫര്‍നഗര്‍, മൗ, സീതാപൂര്‍, ഹാര്‍ഡോയി, എത്ത, കണ്ണോജ്, അസംഗര്‍, മൂര്‍ഷിദാബാദ് ജില്ലകളിലാണ്. ഒരു കേസില്‍ ഉള്‍പ്പെട്ട സ്ത്രീയെ പോലിസിന് കണ്ടെത്താനായിട്ടില്ല.

ചില കേസുകള്‍ നേരത്തെ മറ്റ് തരത്തില്‍ ചാര്‍ജ് ചെയ്തവയാണ്. പിന്നീട് ഈ നിയമം വന്നശേഷം പുതിയ പരാതി നല്‍കുകയായിരുന്നു. ചില കേസില്‍ പത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലൈംഗികകച്ചവടം ആരോപിച്ച ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

24 വയസ്സുകാരനായ ഒവൈസ് അഹമ്മദിനെ ഓര്‍ഡിനന്‍സ് പാസ്സായ അന്നുതന്നെയാണ് ബറേലി ജില്ലയിലെ ഡിയോറാനിയ പോലിസ് അറസ്റ്റ് ചെയ്തത്. ഹിന്ദു പെണ്‍കുട്ടിയെ മതംമാറ്റാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പോലിസ് പറയുന്നത്. അതിനുവേണ്ടി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.

എന്നാല്‍ രണ്ട് പേരും പ്രണയത്തിലായിരുന്നുവെന്നും കഴിഞ്ഞ വര്‍ഷം ഒളിച്ചോടിപ്പോയവരാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. പിന്നീട് കുടുംബക്കാര്‍ ഇടപെട്ട് തിരികെയെത്തിച്ചു. അന്നും ഈ കേസില്‍ അഹമ്മദിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പിതാവിന്റെ പരാതി അന്നുതന്നെ പെണ്‍കുട്ടി നിഷേധിച്ചിരുന്നു.

മസഫര്‍നഗര്‍ ജില്ലയിലെ മന്‍സൂര്‍പൂര്‍ പോലിസ് 34 വയസ്സുളള നദീമിനെയും സുഹൃത്ത് സുലൈമാനെയും നവംബര്‍ 29ന് അറസ്റ്റ് ചെയ്തു. ഇരുവരും ചേര്‍ന്ന് ഒരു കോണ്‍ട്രാക്റ്ററുടെ ഭാര്യയെ മതംമാറ്റി വിഹാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നാണ് കേസ്. കോണ്‍ട്രാക്റ്ററാണ് പരാതിക്കാരന്‍. തന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായ നദീം ഭാര്യയെ വശപ്പെടുത്തി മതം മാറ്റാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതി. ഡിസംബര്‍ 18ന് അലഹബാദ് ഹൈക്കോടതി നദീമിനെതിരേ കേസെടുക്കുന്നത് തടഞ്ഞു. തെളിവില്ലാത്തതിനാല്‍ സുലൈമനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

മാനുവിലെ ചിരയകോട്ട് പോലിസ് 32 വയസ്സുള്ള ഷബാദ്ഖാനെയും സുഹൃത്തുക്കളും ബന്ധുക്കളുമായ പത്തുപേരെ നവംബര്‍ 30ന് അറസ്റ്റ് ചെയ്തു. 24 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പിതാവാണ് പരാതിക്കാരന്‍. വിവാഹിതാനായ ഷബാദ് നേരത്തെ വിവാഹിതനാണെന്നും തന്റെ മകളെ മതംമാറ്റാന്‍ ശ്രമിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞതായി പിതാവ് ആരോപിക്കുന്നു.

സീതാപൂരിലെ തംബോര്‍ സ്‌റ്റേഷനില്‍ ഒരു കുടുംബത്തിലെ ആറ് പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ടാക്‌സി ഡ്രൈവറായ 22 വയസ്സുള്ള ജിബ്രെയ്ല്‍ 19 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. പിതാവാണ് പരാതിക്കാരന്‍. ഈ പരാതി വന്ന് ഒരാഴ്ച കഴിഞ്ഞ് ഡിസംബര്‍ 3ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ മറ്റൊരു പരാതി നല്‍കി. തന്റെ അനന്തിരവളെ ജിബ്രൈയ്ല്‍ മതം മാറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപിച്ചത്. തുടര്‍ന്ന് പോലിസ് മതംമാറ്റ നിരോധന നിയമവും കേസില്‍ കൂട്ടിച്ചേര്‍ത്തു. ജിബ്രെയ്ല്‍നെ ഇതുവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. പക്ഷേ, അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്തു.

ഹര്‍ദോയിലെ സഹാബാദ് പോലിസ് 24 കാരനായ ആസാദിനെ ഡിസംബര്‍ 11ന് അറസ്റ്റ് ചെയ്തത് 18 കാരിയെ ബലാല്‍സംഗം ചെയ്‌തെന്നും മതംമാറാന്‍ പ്രേരിപ്പിച്ചെന്നും ആരോപിച്ചാണ്. താന്‍ ആസാദുമായി പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ആസാദ് തന്നെ ബലാല്‍സംഗം ചെയ്‌തെന്നും മതം മാറാന്‍ പ്രേരിപ്പിച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഡല്‍ഹിയിലേക്ക് കൊണ്ടുപോയി തന്നെ ലൈംഗികവ്യാപാരത്തിന് ഉപയോഗിക്കാന്‍ ആസാദിന് പദ്ധതിയുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി ആരോപിച്ചു. ആദ്യം തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു പെണ്‍കുട്ടി മൊഴിനല്‍കിയതെങ്കിലും അന്വേഷണത്തില്‍ മൊഴി തെറ്റാണെന്ന് തെളിഞ്ഞു.

Next Story

RELATED STORIES

Share it