Big stories

യുപി ഷംസി ജുമാ മസ്ജിദ് നിര്‍മിച്ചത് ശിവക്ഷേത്രത്തിന് മുകളിലെന്ന്; ഹരജിയുമായി ഹിന്ദുത്വര്‍

യുപി ഷംസി ജുമാ മസ്ജിദ് നിര്‍മിച്ചത് ശിവക്ഷേത്രത്തിന് മുകളിലെന്ന്; ഹരജിയുമായി ഹിന്ദുത്വര്‍
X

യുപിയിലെ ബദൗണ്‍ ജില്ലയിലെ ഷംസി ജുമാ മസ്ജിദ്, ക്ഷേത്രം തകര്‍ത്ത് അതിനുമുകളില്‍ നിര്‍മിച്ചതാണെന്ന് അവകാശപ്പെട്ട് ഹിന്ദുത്വ സംഘടനയായ അഖില്‍ ഭാരതീയ ഹിന്ദു മഹാസഭ (എബിഎച്ച്എം) കോടതിയില്‍ ഹരജി നല്‍കി. ആഗസ്റ്റ് എട്ടിനാണ് ഹര്‍ജി സമര്‍പ്പിച്ചത്. 2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ഇത്തരമൊരു ഹരജി സമര്‍പ്പിക്കുന്നതെന്ന വാദവും ശക്തിപ്പെട്ടിട്ടുണ്ട്.

ഹരജി ഫയലില്‍ സ്വീകരിച്ച കോടതി മസ്ജിദ് അധികൃതര്‍ക്കും യുപി സുന്നി വഖഫ് ബോര്‍ഡിനും യുപി പുരാവസ്തു വകുപ്പിനും കേന്ദ്ര സര്‍ക്കാരിനും യുപി സംസ്ഥാന സര്‍ക്കാരിനും നോട്ടിസ് അയച്ചു. സെപ്തംബര്‍ 15നാണ് ഹരജി വീണ്ടും പരിഗണിക്കുന്നത്.

മസ്ജിദിന് കീഴില്‍ ഒരു ശിവക്ഷേത്രമുണ്ടായിരുന്നുവെന്നതിന് ഹരജിക്കാര്‍ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്ന് മസ്ജിദ് പക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ഇസ്രാര്‍ അഹമ്മദ് പറഞ്ഞു. ഹരജി നിലനില്‍ക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

വടക്കേ ഇന്ത്യയിലെ ഭരണാധികാരിയായ ഷംസുദ്ദീന്‍ അല്‍തുത്മിഷ് ആണ് ഈ പള്ളി പണിതത്. എന്നാല്‍ ഒരു മുഗള്‍ ആക്രമണകാരിയാണ് പള്ളി പണിതതെന്നാണ് ഹരജിക്കാരുടെ വാദം. മുഗള്‍ ഭരണാധികാരികളും അടിമ രാജവംശവും തമ്മിലുള്ള വ്യത്യാസം എന്താണെന്നുപോലും ഇവര്‍ക്കറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


മൗലവി തോല പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരേസമയം 23,000ത്തിലധികം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള രാജ്യത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ മസ്ജിദുകളിലൊന്നാണ്.

അഖില ഭാരത ഹിന്ദു മഹാസഭയുടെ സംസ്ഥാന കണ്‍വീനര്‍ മുകേഷ് പട്ടേല്‍, അഭിഭാഷകന്‍ അരവിന്ദ് പര്‍മര്‍, ഗ്യാന്‍ പ്രകാശ്, അനുരാഗ് ശര്‍മ, ഉമേഷ് ചന്ദ്ര ശര്‍മ എന്നിവരാണ് ഹരജിക്കാര്‍. മസ്ജിദ് നിര്‍മിച്ചിരിക്കുന്നത് രാജ മഹിപാല്‍ കോട്ടയിലെ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിനു മുകളിലെന്നാണ് ഹരജിയില്‍ പറയുന്നത്.

മസ്ജിദ് നേരത്തെ നീലകണ്ഠ മഹാദേവ മന്ദിര്‍ ആണെന്ന് ചില പുസ്തകങ്ങളില്‍ പറയുന്നുണ്ടെന്നും ഹരജിക്കാര്‍ പറയുന്നു. പക്ഷേ, തെളിവുകള്‍ ഹാജരാക്കിയിട്ടില്ല.

'പുരാതന ക്ഷേത്രവുമായി ബന്ധപ്പെട്ട രേഖകള്‍ വളരെക്കാലമായി അടച്ചിട്ട മുറിയില്‍ കിടക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. സത്യം പുറത്തുകൊണ്ടുവരാനും കേസ് രജിസ്റ്റര്‍ ചെയ്യാനും സര്‍വേ നടത്താനും ഞങ്ങള്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്'- 'മുകേഷ് സിംഗ് പട്ടേല്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.

അതൊരിക്കലും (പള്ളി) ഒരു ശിവക്ഷേത്രമായിരുന്നില്ലെന്ന് ചരിത്രകാരന്‍ മുജാഹിദ് നാസ് പറഞ്ഞു.

പില്‍ക്കാലത്ത് വനിതാ ഭരണാധികാരിയായി മാറിയ തന്റെ മകള്‍ റസിയ സുല്‍ത്താനയുടെ ജനനത്തിന്റെ സ്മരണയ്ക്കായാണ് അല്‍തുത്മിഷ് രാജാവ് ഈ ഗംഭീരമായ ഘടന നിര്‍മ്മിച്ചതെന്ന് മുജാഹിദ് നാസ് പറഞ്ഞു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ 'വിവാദ'മെന്നും അദ്ദേഹം പറഞ്ഞു.

പേര്‍ഷ്യന്‍-അഫ്ഗാന്‍ വാസ്തുശില്‍പഘടനയുടെ നിരവധി പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതാണ് പള്ളിയുടെ നിര്‍മിതി. പള്ളിയുടെ മധ്യത്തിലായി ഒരു മിനാരമുണ്ട്. അതിനു ചുറ്റും മറ്റ് രണ്ടെണ്ണവുമുണ്ട്. വെളുത്ത മാര്‍ബിള്‍ ഉപയോഗിച്ചാണ് തറ പണിതീര്‍ത്തിരിക്കുന്നത്. ഒരു കുളവും മൂന്ന് ശിചുമുറികളുമുണ്ട്.

രാജ്യത്തെ മൂന്നാമത്തെ ഏറ്റവും പഴയ പള്ളിയാണ്. ഏറ്റവും വലിയ ഏഴാമത്തെ പള്ളിയുമാണ്. ഡല്‍ഹി ജമാ മസ്ജിദിനു പിന്നിലാണ് സ്ഥാനം. ഡല്‍ഹി മസ്ജിദ് വിപുമപ്പെടുത്തുന്നതിനു മുമ്പ് രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായിരുന്നു.

മധ്യഭാഗത്തുള്ള മിനാരം രാജ്യത്തെ ഏറ്റവും വലിയ മിനാരമാണ്.

ഇപ്പോഴത് ദേശീയ സ്മാരകമാണ്.

Next Story

RELATED STORIES

Share it