Latest News

60 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ നാളെ മുതല്‍; സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യം

അവരവര്‍ക്ക് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ബുക്ക് ചെയ്യാം

60 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ നാളെ മുതല്‍; സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യം
X

തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനെടുക്കാനുള്ള സൗകര്യമൊരുക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്. ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്ക്ിയിരിക്കുന്നത്. കോവിഡ് വാക്‌സിനേഷന്‍ സെന്ററില്‍ പോയി രജിസ്റ്റര്‍ ചെയ്യുന്ന സൗകര്യം പിന്നീടറിയിക്കും.

കോവിന്‍ ( https://www.cowin.gov.in ) പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ ഐഡി കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. രജിസ്‌ട്രേഷന് മുമ്പായി മൊബൈല്‍ നമ്പറിന്റെ കൃത്യത ഉറപ്പാക്കുന്നതിന് ഒടിപി പരിശോധന നടത്തും. രജിസ്‌ട്രേഷന്‍ സമയത്ത് കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമാകുന്ന തിയതിയും കാണാനാകും. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യണം. രജിസ്‌ട്രേഷന് ശേഷം ആ വ്യക്തിക്കായി ഒരു അക്കൗണ്ട് തുറക്കും. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിക്ക് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. അതേസമയം ഓരോ ഗുണഭോക്താവിന്റേയും ഐഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണം.

വാക്‌സിനേഷന്‍ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയ്‌മെന്റിന്റേയും രേഖകള്‍ എഡിറ്റു ചെയ്യാനോ ഇല്ലാതാക്കാനോ കഴിയും. ഗുണഭോക്താവിന്റെ പ്രായം 45 വയസ് മുതല്‍ 59 വയസ് വരെയാണെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടോയെന്ന് സ്ഥിരീകരിക്കണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. അത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. യഥാസമയം ഗുണഭോക്താവിന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും.

ഓപ്പണ്‍ സ്ലോട്ടുകളുടെ വിശദാംശങ്ങളും കോവിനില്‍ പ്രസിദ്ധീകരിക്കും. ഏതൊരു ഗുണഭോക്താവിനും അവരുടെ മുന്‍ഗണനയും സൗകര്യവും നോക്കി എപ്പോള്‍ വേണമെങ്കിലും എവിടെയും ലഭ്യതയ്ക്കനുസരിച്ച് ഒരു സ്ലോട്ട് തിരഞ്ഞെടുക്കാനും ബുക്ക് ചെയ്യാനും കഴിയും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ രണ്ടാം ഡോസിനുള്ള തിയതി ഓട്ടോമെറ്റിക്കായി ലഭിക്കും.

വാക്‌സിനെടുക്കാനായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡ് കൈയ്യില്‍ കരുതുക. ഇല്ലെങ്കില്‍ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. 45 വയസ് മുതല്‍ 59 വയസ് വരെയുള്ളവരാണെങ്കില്‍ ഒരു രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.

Next Story

RELATED STORIES

Share it