Latest News

വടക്കഞ്ചേരി അപകടം: ഗതാഗതമന്ത്രിക്കും ഹൈക്കോടതിക്കും ഇന്ന് റിപോര്‍ട്ട് കൈമാറും

വടക്കഞ്ചേരി അപകടം: ഗതാഗതമന്ത്രിക്കും ഹൈക്കോടതിക്കും ഇന്ന് റിപോര്‍ട്ട് കൈമാറും
X

തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരി ബസ് അപകടത്തിന്റെ അന്തിമ റിപോര്‍ട്ട് ഇന്ന് ഗതാഗതമന്ത്രിക്ക് കൈമാറും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ് റിപോര്‍ട്ട് കൈമാറുക. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പിഴവുകളാണ് അപകടകാരണമെന്നാണ് റിപോര്‍ട്ടിന്റെ ഉള്ളടക്കം. ബസ് ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരേ കൂടുതല്‍ നടപടിയും ഉടനുണ്ടാവും. റിമാന്‍ഡിലുള്ള ടൂറിസ്റ്റ് ബസ് ഉടമ അരുണ്‍, ഡ്രൈവര്‍ ജോജോ പത്രോസ് എന്ന ജോമോന്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ് കോടതിയില്‍ അപേക്ഷ നല്‍കും.

ടൂറിസ്റ്റ് ബസ് വന്നിടിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍, യാത്രക്കാര്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വിശദമായ റിപോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കിയത്. അപകട കാരണം, സാഹചര്യം, നിയമലംഘനം എന്നിവ വിശകലനം ചെയ്താണ് 18 പേജുള്ള റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. അപകടത്തിന്റെ ഡിജിറ്റല്‍ പുനരാവിഷ്‌കരണവും റിപോര്‍ട്ടിന് ഒപ്പം ചേര്‍ത്തിട്ടുണ്ട്. അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നത്. കെഎസ്ആര്‍ടിസി ബസ് അമിതവേഗത്തിലായിരുന്നില്ലെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ടൂറിസ്റ്റ് ബസ്സിന് അപകട സമയത്ത് ശരാശരി വേഗത്തേക്കാള്‍ ഏറെക്കൂടുതലായിരുന്നുവെന്നാണ് റിപോര്‍ട്ട്. കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായതെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ മൊഴി നല്‍കിയിരുന്നു. അപകടമുണ്ടായ സ്ഥലത്തിന് 200 മീറ്റര്‍ മുന്നെയാണ് കെഎസ്ആര്‍ടിസി ബസ് ആളെ ഇറക്കാന്‍ നിര്‍ത്തിയ ശേഷം വീണ്ടും യാത്ര തുടര്‍ന്നത്. അതുകൊണ്ട് വീണ്ടും ബസ് ബ്രേക്കിടേണ്ട ആവശ്യമുണ്ടായില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

അതേസമയം, അപകടം സംബന്ധിച്ച് പോലിസ് ഇന്ന് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കും. അപകടത്തില്‍ സ്വമേധയാ കേസെടുത്ത കോടതി പോലിസിനോട് ഇന്ന് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. കേസിന്റെ അന്വേഷണ ചുമതലയുള്ള ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ ആശോകനാണ് ഹാജരാവുക.

ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകട കാരണമെന്നാണ് പോലിസിന്റേയും കണ്ടെത്തല്‍. ഡ്രൈവര്‍ക്കെതിരേ മനപ്പൂര്‍വമായ നരഹത്യക്കും ബസ് ഉടമയ്‌ക്കെതിരേ പ്രേരണാ കുറ്റത്തിനുമാണ് കേസെടുത്തിട്ടുള്ളത്. അപകടത്തിന് തൊട്ടുമുമ്പ് ടൂറിസ്റ്റ് ബസ് മറികടന്ന കാറിന്റെ ഡ്രൈവറോട് പോലിസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട ബസ്സിലെ യാത്രക്കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് പോലിസ് അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുന്നത്.

Next Story

RELATED STORIES

Share it