Latest News

സൈബര്‍ ന്യായീകരണക്കാര്‍ പോലും മടുത്തു; വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ വിജയരാഘവന്‍ ഒന്നാമതെന്നും വിഡി സതീശന്‍

മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ചു. ജലവകുപ്പില്‍ നടന്ന യോഗത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ മന്ത്രി റോഷി അഗസ്റ്റിന്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല.

സൈബര്‍ ന്യായീകരണക്കാര്‍ പോലും മടുത്തു; വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ വിജയരാഘവന്‍ ഒന്നാമതെന്നും വിഡി സതീശന്‍
X

തിരുവനന്തപുരം: വില കുറഞ്ഞ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ കേരളത്തില്‍ ഒന്നാംസ്ഥാനം സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്ധനനികുതി കുറയ്ക്കാത്തത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ സൈക്കിളില്‍ യാത്രയെക്കുറിച്ച്, പ്രതിപക്ഷം എന്നും സൈക്കിളിലായിരിക്കുമോ എന്ന പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍. സിപിഎം പ്രവര്‍ത്തകരെ പോലും നാണം കെടുത്തുന്ന പരാമര്‍ശങ്ങളാണ് വിജയരാഘവനില്‍ നിന്നും ഉണ്ടാകാറുള്ളത്. സിപിഎമ്മിന്റെ ന്യായീകരണ തൊഴിലാളികള്‍ക്ക് പോലും അതിനെ പ്രതിരോധിക്കാന്‍ സാധിക്കാറില്ല. നേരത്തെ നവോത്ഥാന മതില്‍കെട്ടി സമരം നടത്തിയവരാണ് സിപിഎമ്മുകാര്‍. കേരളത്തില്‍ എന്നും മതില്‍ കെട്ടിയിരിക്കുകയല്ലല്ലോ അവരെന്നും സൈക്കിള്‍ സമരവും പ്രതീകാത്മകമായിരുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.

പ്രളയ നിയന്ത്രണത്തിലും മുന്നൊരുക്കത്തിലും സര്‍ക്കാരിന് വീഴ്ചപറ്റി. ഡാം മാനേജ്‌മെന്റിന്റെ എബിസിഡി പോലും അറിയാത്തവരാണ് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളം രൂക്ഷമായ കടക്കണെയിലായിട്ടും ബജറ്റിന് പുറത്ത് കടം വാങ്ങുകയാണ്. ഇൗ ഭയാനകമായ സാഹചര്യത്തിലാണ് 1 ലക്ഷം കോടി മുടക്കി കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നത്. സംഘപരിവാറിന്റെയും ബിജെപിയുടെയും നയങ്ങള്‍ പിന്‍പറ്റി തീവ്രവലതുപക്ഷ നിലപാടാണ് ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ മരം മുറി മുഖ്യമന്ത്രിയുടെ അറിവോടെ

മുല്ലപ്പെരിയാര്‍ മരം മുറി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ചു. ജലവകുപ്പില്‍ നടന്ന യോഗത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ മന്ത്രി റോഷി അഗസ്റ്റിന്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയില്ലെങ്കില്‍ എന്തിനാണ് ആ കസേരയിലിരിക്കുന്നത്. ചെറുപ്പക്കാരനായ മന്ത്രിയല്ലേ അദ്ദേഹം. മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തുകയാണ്. വനംമന്ത്രി എകെ ശശീന്ദ്രനെയും ഇരുട്ടില്‍ നിര്‍ത്തുകയാണ്. ഇതിനെല്ലാം മറുപടി പറയേണ്ട മുഖ്യമന്ത്രി മൗനത്തിലാണ്. മുഖ്യമന്ത്രി മറുപടി പറയുന്നില്ല. മനപ്പൂര്‍വമായ ഗൂഢാലോചന മരംമുറികാര്യത്തിലുണ്ടായിട്ടുണ്ട്. ഒരു ജുഡിഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമേ അത് പുറത്തുവരുകയുള്ളൂ എന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.


Next Story

RELATED STORIES

Share it