Big stories

ഉത്തരേന്ത്യ; മഴക്കെടുതിയിൽ മരണസംഖ്യ 80 ആയി, നിരവധിപേരെ കാണാതായി, യമുന കരകവിഞ്ഞു

ഉത്തരാഖണ്ഡില്‍ 48 പേരും ഹിമാചല്‍ പ്രദേശില്‍ 28 പേരും പഞ്ചാബില്‍ നാലും മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ ഹിമാചല്‍ പ്രദേശ് ഉത്തരാഖാണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നായി 22പേരെ കാണാതായിട്ടുമുണ്ട്.

ഉത്തരേന്ത്യ; മഴക്കെടുതിയിൽ മരണസംഖ്യ 80 ആയി, നിരവധിപേരെ കാണാതായി, യമുന കരകവിഞ്ഞു
X

ന്യൂഡല്‍ഹി: മഴക്കെടുതിയിൽ ഉത്തരേന്ത്യയിൽ മരണസംഖ്യ 85 ആയി. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ 48 പേരും ഹിമാചല്‍ പ്രദേശില്‍ 28 പേരും പഞ്ചാബില്‍ നാലും മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ ഹിമാചല്‍ പ്രദേശ് ഉത്തരാഖാണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നായി 22പേരെ കാണാതായിട്ടുമുണ്ട്. യമുനാ നദി കരകവിഞ്ഞതിനെത്തുടര്‍ന്ന് ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ വെള്ളപ്പൊക്ക ഭീതിയിലാണ്. സംസ്ഥാനങ്ങൾക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. യമുന കരകവിഞ്ഞതിനെത്തുടര്‍ന്ന് ഹരിയാന നിലവില്‍ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. അതേസമയം മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്. ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി, നൈനിറ്റാള്‍, എന്നിവിടങ്ങളിലാണ് മഴയില്‍ കനത്ത നാശനഷ്ടം ഉണ്ടായിരിക്കുന്നത്. പ്രളയത്തില്‍ 20 വീടുകള്‍ ഒലിച്ച്‌ പോയതിനെ തുടര്‍ന്ന് ഉത്തരകാശി ജില്ലയില്‍ 18 പേരെ കാണാതായിട്ടുണ്ട്. ലക്ഷങ്ങള്‍ക്ക് തങ്ങളുടെ ഭവനങ്ങള്‍ വിട്ട് ദുരിതാശ്വാസ കാംപുകളിലേക്ക് പോകേണ്ടിവന്നു. പലയിടത്തും റെക്കോര്‍ഡ് മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് റെക്കോര്‍ഡ് മഴ ലഭിച്ചത്.

ഹിമാചല്‍പ്രദേശിലെ കുളുവില്‍ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയില്‍ മണാലി-കുളു ദേശീയപാത തകര്‍ന്നിരിക്കുകയാണ്. പശ്ചിമബംഗാള്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

ജമ്മു കശ്മീരില്‍ തവി നദിയില്‍ വെള്ളം കൂടിയതിനെത്തുടര്‍ന്ന് പാലത്തില്‍ കുടുങ്ങിയ രണ്ടുപേരെ സൈന്യം ഹെലികോപ്റ്ററിലെത്തി രക്ഷിച്ചു.






Next Story

RELATED STORIES

Share it