Latest News

ജലനിരപ്പ് ഉയരുന്നു; പമ്പ, കക്കി- ആനത്തോട് അണക്കെട്ടുകളില്‍ ബ്ലൂ അലര്‍ട്ട്

ജലനിരപ്പ് ഉയരുന്നു; പമ്പ, കക്കി- ആനത്തോട് അണക്കെട്ടുകളില്‍ ബ്ലൂ അലര്‍ട്ട്
X

പത്തനംതിട്ട: ജില്ലയിലെ പമ്പ, ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി- ആനത്തോട് അണക്കെട്ടുകളില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് കൂടിയതോടെ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. ജലനിരപ്പ് റൂള്‍ ലെവലിലേക്ക് അടുക്കുന്നു. ഞായറാഴ്ച ഉച്ചയോടെ ആനത്തോട് ഷട്ടറുകള്‍ ഉയര്‍ത്താനാണ് സാധ്യത. 981.456 മീറ്റര്‍ ശേഷിയുള്ള കക്കി-ആനത്തോട് അണക്കെട്ടില്‍ 974.18 മീറ്ററും 986.332 മീറ്റര്‍ ശേഷിയുള്ള പമ്പാ അണക്കെട്ടില്‍ 981.7 മീറ്ററുമാണ് ജലനിരപ്പ്. കക്കിയില്‍ 74.54 ശതമാനവും പമ്പയില്‍ 71.85% ശതമാനവും വെള്ളമുണ്ട്.

നിലവിലുള്ള റൂള്‍ ലെവല്‍ അനുസരിച്ച് കക്കി-ആനത്തോട് അണക്കെട്ടിലെ ജലനിരപ്പ് 975.75 മീറ്ററിലെത്തിയാല്‍ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനാണ് തീരുമാനം. നിലവില്‍ ഈ പ്രദേശത്ത് ബ്ലൂ അലര്‍ട്ടാണ്. ഏതെങ്കിലും കാരണവശാല്‍ പമ്പാ നദിയില്‍ ഉയര്‍ന്ന ജലനിരപ്പാണെങ്കില്‍ ഒരു പക്ഷേ ഷട്ടര്‍ ഉയര്‍ത്താനുള്ള സാധ്യതയും കുറവാണ്. അണക്കെട്ട് തുറക്കുമ്പോഴുള്ള വെള്ളത്തിന്റെ വരവ് കൂടിയാവുമ്പോള്‍ പമ്പാ നദിയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് കക്കി-ആനത്തോട് അണക്കെട്ടില്‍ കൂടുതല്‍ വെള്ളം സംഭരിക്കാനുള്ള തീരുമാനവും ഒരുപക്ഷേ വന്നേക്കാമെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. സംസ്ഥാനതലത്തില്‍ തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള 'റൂള്‍ ലെവല്‍ കമ്മിറ്റി'യുടെ തീരുമാനം പോലെയാവും തുടര്‍നടപടികള്‍.

കക്കി പ്രദേശത്ത് 186 മില്ലിമീറ്റര്‍ മഴ വ്യാഴാഴ്ച ലഭിച്ചിരുന്നു. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന മഴയാണിത്. കഴിഞ്ഞ നാല് ദിവസമായി 100 മില്ലിമീറ്ററിനു മുകളിലാണ് പ്രതിദിന മഴ. കക്കി, ആനത്തോട് അണക്കെട്ടുകളുടെ ജലസംഭരണികള്‍ ഒന്നിച്ചാണ് കിടക്കുന്നത്. കക്കി അണക്കെട്ടിനു ഷട്ടറുകള്‍ ഇല്ല. ആനത്തോട് അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്കു ഒഴുക്കുന്നത്. ഇതുവഴി എത്തുന്ന വെള്ളം കക്കിയാര്‍ വഴി പമ്പ ത്രിവേണിയിലെത്തും. അണക്കെട്ടുകളിലെ ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കാന്‍ അണക്കെട്ട് സുരക്ഷാ വിഭാഗം മൂഴിയാര്‍, പമ്പ സബ് ഡിവിഷനുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.

ഗവി റൂട്ടില്‍ അരണമുടിക്കു സമീപം മണ്ണിടിഞ്ഞ് കിടക്കുന്നതിനാല്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കുമളി വള്ളക്കടവ് വഴിയാണ് ആനത്തോട്ടില്‍ എത്തിയത്. ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനു എല്ലാ വിധ തയ്യാറെടുപ്പുകളും സ്വീകരിച്ചതായി അണക്കെട്ട് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. റാന്നി, കേഴഞ്ചേരി, ആറന്‍മുള പ്രദേശങ്ങളിലെ റോഡുകളിലേയും വീടുകളിലേയും വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പലയിടത്തും വലിയ വെള്ളക്കെട്ട് തുടരുകയാണ്.

Next Story

RELATED STORIES

Share it