Latest News

ജലഗുണനിലവാര പരിശോധന ലാബ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നടത്തി

ജലഗുണനിലവാര പരിശോധന ലാബ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നടത്തി
X

കോഴിക്കോട്: വിദ്യാലയങ്ങളില്‍ പ്രാഥമിക ജലഗുണനിലവാര പരിശോധന ലാബുകളില്‍ നടത്തുന്നതിന് പരിശീലനം ആരംഭിച്ചു. ജലപരിശോധന സൗകര്യങ്ങള്‍ താഴെത്തട്ടില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് വിദ്യാലയങ്ങളിലെ കെമിസ്ട്രി ലാബുകളോട് ചേര്‍ന്നാണ് പ്രാഥമിക ജലഗുണനിലവാര പരിശോധന ലാബുകള്‍ സ്ഥാപിച്ചത്.

ഹരിതകേരളം മിഷനും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് എംഎല്‍എമാരുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തിയാണ് ലാബുകള്‍ സ്ഥാപിച്ചത്. ജില്ലയില്‍ പേരാമ്പ്ര, ബാലുശ്ശേരി, കൊയിലാണ്ടി, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, തിരുവമ്പാടി മണ്ഡലങ്ങളിലായി 29 സ്‌കൂളുകളില്‍ പരിശോധന ലാബ് സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ സ്‌കൂളുകളിലെ രണ്ട് കെമിസ്ട്രി അധ്യാപകര്‍, അഞ്ച് വീതം വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് പരിശീലനം.

ജി.എച്ച്.എസ്.എസ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വെച്ച് കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, തിരുവമ്പാടി മണ്ഡലത്തില്‍ ഉള്‍പ്പെട്ട 12 സ്‌കൂളുകള്‍ക്ക് ബുധനാഴ്ച പരിശീലനം നല്‍കി.

തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെമിസ്ട്രി അധ്യാപിക കരോലിന്‍ ജോസഫ് ക്ലാസുകള്‍ നയിച്ചു. ഹരിതകേരളം സംസ്ഥാന മിഷന്‍ ടെക്‌നിക്കല്‍ ഓഫീസര്‍ സതീഷ് ആര്‍.വി, നവകേരളം കര്‍മ്മ പദ്ധതി കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ പ്രകാശ് പി, റിസോഴ്‌സ് പേഴ്‌സണ്‍മാരായ ജസ്ലിന്‍, രുദ്രപ്രിയ, കൃഷ്ണപ്രിയ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ട്യൂട്ടോറിയല്‍ വീഡിയോ ഉപയോഗിച്ചും നേരിട്ട് ക്ലാസ് നല്‍കിയും, പ്രാക്ടിക്കല്‍ പരിശീലനം, സംശയ നിവാരണ സെഷന്‍ എന്നിവയും ഉള്‍പ്പെടുത്തിയാണ് പരിശീലനം നല്‍കിയത്. ജലസാമ്പിള്‍ പരിശോധന നടത്തി ഹരിത ദൃഷ്ടി സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പരിശോധന ഫലവും ശുപാര്‍ശകളും ലഭ്യമാക്കാവുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

Next Story

RELATED STORIES

Share it