Latest News

വയനാട് ഉരുള്‍പൊട്ടല്‍; 119 പേര്‍ കാണാമറയത്ത്; ചാലിയാര്‍ തീരം, സൂചിപ്പാറ മേഖലയിലെ തിരച്ചില്‍ നിര്‍ത്തി

വയനാട് ഉരുള്‍പൊട്ടല്‍; 119 പേര്‍ കാണാമറയത്ത്; ചാലിയാര്‍ തീരം, സൂചിപ്പാറ മേഖലയിലെ തിരച്ചില്‍ നിര്‍ത്തി
X

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ ഇനി കണ്ടെത്താനുള്ളത് 119 പേരെ. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തിരച്ചില്‍ സംഘത്തില്‍ ആളുകളെ വെട്ടിക്കുറച്ചത് വിമര്‍ശനത്തിന് വഴി വച്ചിരുന്നു. വയനാട്ടില്‍ ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ ജാഗ്രത തുടരുന്നുണ്ട്. കൂടുതല്‍ മൃതദേഹമോ ശരീരഭാഗങ്ങളോ കിട്ടിയ ചാലിയാര്‍ തീരം, സൂചിപ്പാറ വനമേഖല എന്നിവിടങ്ങളിലും തിരച്ചില്‍ നിര്‍ത്തി.

തിരച്ചിലിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ചുമതലയുണ്ടായിരുന്ന നോഡല്‍ ഓഫീസര്‍ വിഷ്ണുരാജ് മടങ്ങിയിട്ട് ഒരാഴ്ചയായി. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം ഒരുക്കിയിരുന്ന കമ്മ്യൂണിറ്റി കിച്ചനും പൂട്ടിയിട്ട് ആഴ്ച ഒന്നാകുന്നു. ദുരന്തമുഖത്ത് ഇപ്പോഴും ബാക്കിയുള്ള സേനാ വിഭാഗങ്ങള്‍ക്ക് ഹോട്ടലില്‍ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്.

രണ്ടുദിവസം കൂടിയെ ഭക്ഷണം വേണ്ടിവരൂ എന്നാണ് അവര്‍ക്ക് കിട്ടിയ അറിയിപ്പ്. എന്നാല്‍ എന്‍ഡിആര്‍എഫിന് റിലീവിങ് ഓര്‍ഡര്‍ നല്‍കിയിട്ടുമില്ല. ഡിഎന്‍എ ഫലങ്ങള്‍ കിട്ടിത്തുടങ്ങി എന്ന് പലതവണ മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍ പറഞ്ഞിരുന്നുവെങ്കിലും, മൃതദേഹം തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയിട്ടില്ല. ബന്ധുക്കളുടെ സാമ്പിളുമായി ഒത്തു നോക്കിയുള്ള ഫലം വൈകുന്നു.എന്നാല്‍ തിരച്ചില്‍ നിര്‍ത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല.

അതേസമയം ക്യാംപുകളില്‍ 97 കുടുംബങ്ങള്‍ തുടരുകയാണ്. ഇതുവരെ 630 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ചൂരല്‍ മലയിലെ വ്യാപാരസ്ഥാപനങ്ങള്‍ വൃത്തിയാക്കുന്നതാണ് ഇപ്പോള്‍ സജീവമായി നടക്കുന്നത്. അവര്‍ക്കുള്ള ഭക്ഷണമടക്കം ഒരുക്കുന്നത് വ്യാപാരികളാണ്. ആദ്യത്തെ രണ്ടാഴ്ച സജീവമായിരുന്ന മന്ത്രിസഭ ഉപസമിതിയിലെ അംഗങ്ങള്‍ ഓഗസ്റ്റ് 15ന് ശേഷം ജില്ലയിലെ ദുരന്തബാധിത പ്രദേശത്ത് എത്തിയിട്ടില്ല. താല്‍ക്കാലിക പുനരധിവാസം ഇനിയും പൂര്‍ത്തിയാക്കാന്‍ ഉണ്ട്. സ്‌കൂളുകള്‍ തുറക്കാനും വൈകുന്നു. തീര്‍പ്പു വേണ്ട ഒരുപാട് വിഷയങ്ങള്‍ അനന്തമായി നീളുകയാണ്.




Next Story

RELATED STORIES

Share it