Latest News

പഴയ പാകിസ്താനിലേക്ക് സ്വാഗതം; ഇമ്രാനെതിരേ തിരിച്ചടിച്ച് ബിലവല്‍ ഭൂട്ടോ സര്‍ദാരി

പഴയ പാകിസ്താനിലേക്ക് സ്വാഗതം; ഇമ്രാനെതിരേ തിരിച്ചടിച്ച് ബിലവല്‍ ഭൂട്ടോ സര്‍ദാരി
X

ഇസ് ലാമാബാദ്: ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ വോട്ട് പാസ്സായതിനെ പ്രശംസിച്ച് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി. ഏപ്രില്‍ 10 രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ദിനമാണെന്നും അത് ആഘോഷമാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പഴയ പാകിസ്താനിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ പാകിസ്താന്‍ വാഗ്ദാനം ചെയ്താണ് ഇമ്രാന്‍ അധികാരത്തിലെത്തിയത്.

ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷമാണ് ഇമ്രാന്‍ ഖാന്റെ ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) സര്‍ക്കാര്‍ ശനിയാഴ്ച അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത്. അവിശ്വാസപ്രമേയത്തിന്റെ അവതരണം പല തവണ നീട്ടിവച്ച് ഒടുവില്‍ അര്‍ധരാത്രിക്ക് ശേഷം സഭ വീണ്ടും ചേര്‍ന്നതിനു ശേഷമാണ് അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നടന്നത്. 342 അംഗ സഭയില്‍ 174 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതോടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം പാസ്സായതായി അധ്യക്ഷനും മുസ് ലിംലീഗ് നേതാവുമായ അയാസ് സാദിഖ് പറഞ്ഞു.

പ്രമേയം പാസാക്കിയതിനു ശേഷം പാകിസ്ഥാന്‍ പാര്‍ലമെന്റംഗങ്ങളെ അഭിസംബോധന ചെയ്ത ബിലാവല്‍ സര്‍ദാരി, ഇതുപോലൊരു ഏപ്രില്‍ 10 നാണ് പാകിസ്ഥാന്‍ 1973 ലെ ഭരണഘടന അംഗീകരിച്ചതെന്ന് ഓര്‍മിപ്പിച്ചു. ബേനസീര്‍ ഭൂട്ടോ തന്റെ പ്രവാസം അവസാനിപ്പിച്ച് മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് മുഹമ്മദ് സിയാഉള്‍ഹഖിനെതിരായ പോരാട്ടത്തിന് ലാഹോറിലെത്തിയത് ഇതുപോലൊരു 1986 ഏപ്രില്‍ 10നാണ്. ഞങ്ങള്‍ നിങ്ങളെ പഴയ പാകിസ്ഥാനിലേക്ക് സ്വാഗതം ചെയ്യുന്നു- പാര്‍ലമെന്റ് ചര്‍ച്ചക്കിടയില്‍ അദ്ദേഹം പറഞ്ഞു. 'പാകിസ്ഥാനിലെ യുവാക്കള്‍ക്ക് ഒരു സന്ദേശമുണ്ട്, ഒരിക്കലും സ്വപ്നങ്ങള്‍ ഉപേക്ഷിക്കരുത്, ഒന്നും അസാധ്യമല്ല. ജനാധിപത്യമാണ് ഏറ്റവും മികച്ച പ്രതികാരം,' - പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ബിലാവല്‍ പറഞ്ഞു.

2018ല്‍ അധികാരമേറ്റെടുക്കുന്നതിന് മുമ്പ്, ഇമ്രാന്‍ ഖാന്‍ 'പുതിയ പാകിസ്ഥാന്‍' സൃഷ്ടിക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. അഴിമതിയും സമ്പന്നമായ സമ്പദ്‌വ്യവസ്ഥയും വാഗ്ദാനം ചെയ്തു. കാലക്രമേണ, ഈ മുദ്രാവാക്യം മനസ്സുകൊണ്ട് സ്വീകരിക്കുന്നവര്‍ കുറവായി.

ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സ്പീക്കര്‍ അസദ് ഖൈസര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ മുസ്ലീം ലീഗ്‌നവാസ് (പിഎംഎല്‍എന്‍) നേതാവ് അയാസ് സാദിഖ് അധ്യക്ഷനായ സെഷനിലാണ് അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നടന്നത്.

Next Story

RELATED STORIES

Share it