Latest News

ജനാധിപത്യവിരുദ്ധമായ ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ എവിടെയായിരുന്നു? കുഞ്ഞാലികുട്ടിയെ ചോദ്യം ചെയ്ത് അബ്ദുല്‍ മജീദ് മൈസൂര്‍

ജനാധിപത്യവിരുദ്ധമായ ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ എവിടെയായിരുന്നു? കുഞ്ഞാലികുട്ടിയെ ചോദ്യം ചെയ്ത് അബ്ദുല്‍ മജീദ് മൈസൂര്‍
X

ചേളാരി: പാര്‍ലമെന്റില്‍ ജനാധിപത്യ വിരുദ്ധവും ന്യൂനപക്ഷ, പിന്നാക്ക വിരുദ്ധവുമായ ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ മുസ്‌ലിം ലീഗ് നേതാവും പാര്‍ലമെന്റ് അംഗവുമായിരുന്ന കുഞ്ഞാലികുട്ടി എവിടെയായിരുന്നുവെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് മൈസൂര്‍. ചേളാരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംകളെ ഉന്നം വെച്ച് കൊണ്ടുള്ള പൗരത്വ ഭേദഗതി, മുത്വലാഖ്, യുഎപിഎ ഭേദഗതി ചെയ്തു കൊണ്ടുള്ള ബില്ലുകള്‍ എന്നിവ അവതരിപ്പിക്കുമ്പോഴെല്ലാം കുഞ്ഞാലിക്കുട്ടി അതിനെ ഗൗരവത്തിലെടുക്കാതെ സ്വന്തം കാര്യങ്ങള്‍ക്കായി ഓടിനടക്കുന്നതായിട്ടാണ് നാം കണ്ടത്. സഭയിലെത്തി വോട്ട് ചെയ്യാന്‍ പോലും ഫാഷിസ്റ്റുകളെ തുരത്തനായി ഡല്‍ഹിയിലേക്ക് കുതിച്ച കുഞ്ഞാലികുട്ടി ഉണ്ടായിരുന്നില്ല. വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലും ഇതുതന്നെയായിരുന്നു അവസ്ഥ. ഫാഷിസ്റ്റ് വിരുദ്ധ സമരം പാതിവഴിയിലുപേക്ഷിച്ചയാളെ ഇനിയും വിശ്വസിക്കാനാവില്ല. ന്യൂനപക്ഷങ്ങളുടെ വോട്ട് വാങ്ങി അവര്‍ക്കെതിരേ ചുട്ടെടുക്കുന്ന കരിനിയമങ്ങള്‍ക്കെതിരേ സഭകളില്‍ എത്താത്തവരെ ഇനിയും തിരഞ്ഞെടുക്കരുതെന്ന് അബ്ദുല്‍ മജീദ് കൂട്ടിച്ചേര്‍ത്തു. ഡോ തസ്‌ലിം റഹ്മാനിയെപ്പോലുള്ളവരെയാണ് നിയമനിര്‍മാണ സഭകളില്‍ എത്തിക്കേണ്ടത്. ലീഗിനും ലീഗ് നേതാക്കള്‍ക്കും ഫാഷിസത്തെ ചെറുത്ത് തോല്‍പ്പിക്കുന്നതില്‍ പരിധിയും പരിമിതികളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഇടത്, വലത് മുന്നണികള്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ഒന്നും പറയുന്നില്ലെന്ന് സ്ഥാനാര്‍ഥി തസ്‌ലിം റഹ്മാനി പറഞ്ഞു.

എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു, ജില്ലാ പ്രസിഡണ്ട് സിപിഎ ലത്തീഫ്, ജില്ലാ ട്രഷറര്‍ എ സൈതലവി ഹാജി, ജില്ലാ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍, ലത്തീഫ് എടക്കര ,ഷറഫുദ്ദീന്‍ പള്ളിക്കല്‍, ഹനീഫ ഹാജി, എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it