- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'പോരാട്ടമല്ലാതെ ഫലസ്തീനികള്‍ക്ക് മറ്റുവഴികളില്ല' ആരാണ് ഐക്യരാഷ്ട്രസഭാ റപ്പോറ്റേര്‍ ഫ്രാഞ്ചെസ്‌ക അല്‍ബനീസ്?
ഫലസ്തീനില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിനെ ഐക്യരാഷ്ട്രസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഫലസ്തീന്‍ അധിനിവേശ പ്രദേശങ്ങള്‍ക്കായി ഐക്യരാഷ്ട്ര സഭ നിയമിച്ച സ്‌പെഷ്യല്‍ റപ്പോറ്റേര്‍ ഫ്രാഞ്ചെസ്‌ക അല്‍ബനീസ്. ഗസയില്‍ ഇസ്രായേല്‍ നടത്തുന്നത് കൂട്ടക്കൊലകളല്ലെന്നും വംശഹത്യയാണെന്നും വ്യക്തമാക്കുന്ന റിപോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
'' ഐക്യരാഷ്ട്രസഭയിലെ അംഗമെന്ന ഇസ്രായേലിന്റെ പദവി സസ്‌പെന്‍ഡ് ചെയ്യേണ്ട സമയമാണിത്. വിഷയത്തിന്റെ ഗൗരവം എനിക്കും നിങ്ങള്‍ക്കും അറിയാം. മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ നിങ്ങളുടെ കൈകള്‍ ശുദ്ധമല്ലെന്നതാണ് പ്രശ്‌നം''-അല്‍ബനീസ് ലോകരാജ്യങ്ങളോട് പറഞ്ഞു. ഐക്യരാഷ്ട്രസഭാ പ്രമേയങ്ങള്‍ ഇസ്രായേലിനെ പോലെ ലംഘിച്ച മറ്റൊരു രാജ്യവുമില്ലെന്നാണ് അല്‍ബനീസ് പറയുന്നത്.
2023 ഒക്ടോബര്‍ ഏഴിലെ തൂഫാനുല്‍ അഖ്‌സ പതിറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലുകളോടുള്ള പ്രതികരണമാണെന്ന അഭിപ്രായത്തെ തുടര്‍ന്ന് 2024 ഫെബ്രുവരിയില്‍ അല്‍ബനീസിന് ഇസ്രായേല്‍ വിസ നിഷേധിച്ചു. തൂഫാനുല്‍ അഖ്‌സ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സെമിറ്റിക് വിരുദ്ധ കൂട്ടക്കൊലയാണെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവനയെയും അവര്‍ എതിര്‍ത്തു.
'' ഒക്ടോബര്‍ ഏഴിന് ജൂതന്‍മാര്‍ കൊല്ലപ്പെട്ടത് അവര്‍ ജൂതന്‍മാരായതു കൊണ്ടല്ല. മറിച്ച്, ഇസ്രായേലിന്റെ അടിച്ചമര്‍ത്തലുകളോടുള്ള ഫലസ്തീനികളുടെ പ്രതികരണമായാണ് അക്രമമുണ്ടായത്.'' ഇതോടെ അല്‍ബനീസ് സെമിറ്റിക് വിരുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. ഫലസ്തീന്റെ കാര്യത്തില്‍ ഹിറ്റ്‌ലറുടെ ജര്‍മനിയെ പോലെയാണ് നിലവിലെ ജര്‍മനി പെരുമാറുന്നതെന്നും അല്‍ബനീസ് അഭിപ്രായപ്പെട്ടു. ഇതോടെ ജര്‍മനിയും അല്‍ബനീസിനെ സെമിറ്റിക് വിരുദ്ധയെന്ന് വിളിച്ചു. ഫലസ്തീനിലെ വംശഹത്യയെ കുറിച്ച് കോണ്‍ഗ്രസില്‍ സംസാരിക്കാനുള്ള അവസരം യുഎസ് സര്‍ക്കാരും ഇതേ ആരോപണം ഉന്നയിച്ച് നിഷേധിച്ചു.
'' ഫലസ്തീനികള്‍ ജീവിതകാലം മുഴുവന്‍ യുദ്ധക്കുറ്റങ്ങള്‍ക്ക് ഇരയാവുന്നവരാണ്. പക്ഷേ, ഇപ്പോള്‍ നടക്കുന്നത് വംശഹത്യയാണ്. യൂറോപ്പിലെ വംശഹത്യയില്‍ നിന്ന് ജൂതന്‍മാരെ സംരക്ഷിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടിരുന്നുവെന്ന കാര്യം നമുക്കറിയാം. യുഗോസ്ലാവിയയിലും ബോസ്‌നിയയിലും മുസ്‌ലിംകളെ വംശഹത്യയില്‍ നിന്ന് രക്ഷിക്കാനായില്ല. റുവാണ്ടയില്‍ ടുട്‌സികളെയും സംരക്ഷിക്കാനായില്ല. ഇത് ഫലസ്തീനികളുടെ കാര്യത്തിലും ആവര്‍ത്തിക്കുകയാണ്.'' അല്‍ബനീസ് പറഞ്ഞു.
നിലപാടുകള്‍ സ്വതന്ത്രമായി പ്രഖ്യാപിക്കുന്നതില്‍ നിരവധി തവണ വധഭീഷണികള്‍ അല്‍ബനീസ് നേരിട്ടിട്ടുണ്ട്. ഇറ്റലിക്കാരിയായ അല്‍ബനീസ് ഫലസ്തീന്‍ അധിനിവേശ പ്രദേശങ്ങള്‍ക്കായി ഐക്യരാഷ്ട്ര സഭ നിയമിച്ച സ്‌പെഷ്യല്‍ റപ്പോറ്റേര്‍ പദവിയില്‍ എത്തുന്ന ആദ്യ വനിതയാണ്. 1993ല്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ പദവിയാണിത്. ചില രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ പഠിച്ച് റിപോര്‍ട്ട് ചെയ്യണം. ഗ്ലോബല്‍ നെറ്റ് വര്‍ക്ക് ഓണ്‍ ദ ക്വസ്റ്റിയന്‍ ഓഫ് ഫലസ്തീന്‍ എന്ന സംഘടനയുടെ സ്ഥാപക അംഗം കൂടിയാണ്. അഭിഭാഷകയും അക്കാദമിക്കുമായ അല്‍ബനീസ് ഫലസ്തീന്‍ വിഷയത്തില്‍ പുസ്തകവും എഴുതിയിട്ടുണ്ട്.
ഫലസ്തീനില്‍ സയണിസ്റ്റുകള്‍ നടത്തുന്ന ആക്രമണങ്ങളെ വംശഹത്യയായി കാണണമെന്നാണ് അല്‍ബനീസ് അഭിപ്രായപ്പെടുന്നത്. '' ഫലസ്തീനികളുടെ ജീവിതം തകര്‍ക്കുക എന്ന ഉദ്ദേശ്യം ഉള്ളതിനാല്‍ അക്രമങ്ങളെ വംശഹത്യയായി കാണാം. പ്രത്യേകജനവിഭാഗങ്ങളെ പട്ടിണിക്കിടുക, പീഡിപ്പിക്കുക, കൊല്ലുക, കുടിയൊഴിപ്പിക്കുക, തുടച്ചുനീക്കുക, കുട്ടികളെ മാതാപിതാക്കളില്‍ നിന്നും പിടിച്ചുമാറ്റുക തുടങ്ങിയവയെല്ലാം വംശഹത്യയുടെ പരിധിയില്‍ വരും.''
ഫലസ്തീനികളെ ഇസ്രായേല്‍ മനുഷ്യരായി കാണുന്നില്ലെന്ന് അവര്‍ പറയുന്നു. നേരത്തെ വംശഹത്യയുടെ അപഗ്രഥനം എന്ന പേരില്‍ ഒരു റിപോര്‍ട്ട് ഇവര്‍ തയ്യാറാക്കിയിരുന്നു. ഈ റിപോര്‍ട്ട് ഇസ്രായേല്‍ തള്ളി.
ഏതു വംശഹത്യയിലും അത് നടത്തുന്നവരുടെ ഉദ്ദേശ്യം തെളിയിക്കാന്‍ പ്രയാസമാണെന്ന് അല്‍ബനീസ് പറയുന്നു. '' പക്ഷേ, യുഎന്‍ മനുഷ്യാവകാശ സമിതിയോട് ഞാന്‍ പറഞ്ഞു. ഫലസ്തീനില്‍ ഇസ്രായേലിന്റെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. എല്ലാ ദിവസവും നമുക്ക് തെളിവുകള്‍ കാണാന്‍ കഴിയുന്നു. ഇനിയും എന്താണ് നിങ്ങള്‍ അന്വേഷിക്കുന്നത്.''
ഇസ്രായേലിന്റെ വംശഹത്യക്കെതിരേ നിലപാട് എടുത്തതിന് സെമിറ്റിക് വിരുദ്ധ എന്നാണ് ഇസ്രായേല്‍ അനുകൂലികളായ രാജ്യങ്ങള്‍ അല്‍ബനീസിനെ വിളിക്കുന്നത്. അതിനെ കുറിച്ച് അല്‍ബനീസ് പറയുന്നത് ഇങ്ങനെ:
'' ഞാന്‍ സെമിറ്റിക് വിരുദ്ധയാണെന്ന ആരോപണം വളരെ വേദനാജനകമാണ്. വളരെ വളരെ വേദനാജനകമാണ്. അത് വെറുപ്പുളവാക്കുന്ന ഒന്നാണ്. പണ്ടും അത് അങ്ങനെ തന്നെയായിരുന്നു. ഇനിയും അങ്ങനെ തന്നെയായിരിക്കും. ഇസ്‌ലാമോഫോബിയ പോലെയോ മറ്റേതെങ്കിലും വംശീയത പോലെയോ അത് വെറുപ്പുളവാക്കുന്ന ഒന്നു തന്നെയാണ്. സെമിറ്റിക് വിരുദ്ധതയുടെ ചരിത്രം മൂലം ആരോപണം നേരിടുന്നയാള്‍ക്ക് അത് കനത്ത പ്രഹരം നല്‍കും. അതിനാല്‍, ആരോപണങ്ങളെ നേരിടാന്‍ ഞാന്‍ തൊലിക്കട്ടി കൂട്ടേണ്ടി വന്നു. ഇസ്രായേലിന്റെ പ്രവൃത്തികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ധൈര്യപ്പെടുന്ന ആര്‍ക്കും സെമിറ്റിക് വിരുദ്ധ പട്ടം കിട്ടാറുണ്ട്. എന്റെ ജോലിയില്‍ നിന്ന് എന്നെ മാറ്റാനുള്ള ശ്രമമാണ് ഇതെന്ന് എനിക്കറിയാം. അതിനാല്‍, സെമിറ്റിക് വിരുദ്ധയാണെന്ന ആരോപണം ഞാന്‍ അവഗണിക്കുകയാണ്.''
സ്വന്തം താല്‍പ്പര്യം സംരക്ഷിക്കുന്നതു വരെ മാത്രമേ അമേരിക്ക യുഎന്നിനെ പിന്തുണക്കൂവെന്നും അല്‍ബനീസ് ഓര്‍മിപ്പിക്കുന്നു. ''അന്താരാഷ്ട്ര നിയമത്തിന്റെ കാര്യത്തിലും അതു തന്നെയാണ് അമേരിക്ക ചെയ്യാറ്. ഇസ്രായേലിന്റെ കാര്യം വരുമ്പോള്‍ അമേരിക്ക ചെയ്യുന്നത് നോക്കൂ.'' അവര്‍ പറയുന്നു.
ഇസ്രായേല്‍ ഫലസ്തീനില്‍ ഏറ്റവും ചുരുങ്ങിയത് മൂന്നു തരത്തില്‍ വംശഹത്യ നടത്തിയെന്ന് അല്‍ബനീസ് ചൂണ്ടിക്കാട്ടുന്നു. '' ഒരു പ്രത്യേക വിഭാഗത്തെ അവര്‍ കൊല്ലുന്നു, ഫലസ്തീനികളുടെ മനസ്സിനെയും ശരീരത്തെയും ആക്രമിക്കുന്നു, ഫലസ്തീനികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം അവര്‍ ഉണ്ടാക്കി. ഇതിനെല്ലാം തെളിവുകളായി കൂട്ടക്കുഴിമാടങ്ങള്‍ നിങ്ങള്‍ക്ക് കാണാം. സൈനികര്‍ സാധാരണക്കാരെ വെടിവച്ചു കൊല്ലുന്നത് കാണാം, വീടുകളും പള്ളികളും ക്രിസ്ത്യന്‍ ദേവാലയങ്ങളും തകര്‍ക്കുന്നത് കാണാം. ഫലസ്തീനികളോടുള്ള ശത്രുതയാണ് ഇതിനെല്ലാം കാരണം. ഇസ്രായേല്‍ രൂപീകരിക്കുന്നതിന് മുമ്പേ തുടങ്ങിയ വെറുപ്പാണ് ഇത്. ഫലസ്തീനികളെ ഭീഷണിയായാണ് അവര്‍ കാണുന്നത്. ഗസ മുനമ്പും വെസ്റ്റ്ബാങ്കും ഈസ്റ്റ് ജറുസലേമും കൂടി പിടിച്ചെടുത്ത് ഒരു വിശാല ഇസ്രായേലാണ് അവര്‍ ലക്ഷ്യമിടുന്നത്. ഫലസ്തീനികള്‍ ഈ പദ്ധതിക്ക് തടസ്സമാണ്. അതാണ് അവര്‍ ഫലസ്തീനികളെ വംശഹത്യ ചെയ്യുന്നത്.'' അല്‍ബനീസ് വിശദീകരിച്ചു.
ഇസ്രായേല്‍ എന്ന രാജ്യം രൂപീകരിച്ചതു മുതല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്ന് അല്‍ബനീസ് ചൂണ്ടിക്കാട്ടുന്നു. ഇസ്രായേലിന്റെ സുരക്ഷയെന്നാല്‍ കൂടുതല്‍ കുടിയേറ്റ സെറ്റില്‍മെന്റുകള്‍ ഉണ്ടാക്കുക എന്നതാണ്. അതിനാലൊക്കെ ഫലസ്തീനില്‍ യുദ്ധം നടക്കുന്നുവെന്നു പറയരുതെന്ന് അല്‍ബനീസ് നിര്‍ദേശിക്കുന്നു. ഇസ്രായേലിന്റെ ഉദ്ദേശ്യമെന്തായാലും അവര്‍ വംശഹത്യയാണ് നടത്തുന്നത്.
സ്‌പെഷ്യല്‍ റപ്പോറ്റേര്‍ പദവിയിലേക്ക് വരുന്നതിന് മുമ്പ് തന്നെ അവര്‍ ഇസ്രായേലിനെയും അമേരിക്കയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 2014ല്‍ ഗസയില്‍ നടത്തിയ അധിനിവേശത്തിന് അമേരിക്ക പിന്തുണ നല്‍കിയതിനെയും അവര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. വെസ്റ്റ്ബാങ്ക് ഒരു തുറന്ന ജയിലാണെന്നാണ് അവര്‍ പറയുന്നത്. 1967ന് ശേഷം എട്ടുലക്ഷത്തില്‍ അധികം ഫലസ്തീനികളെയാണ് ഇസ്രായേല്‍ ജയിലില്‍ അടച്ചിട്ടുള്ളത്.
2022 മേയില്‍ സ്‌പെഷ്യല്‍ റപ്പോറ്റേര്‍ പദവി കിട്ടിയതോടെ യുഎസും ഇസ്രായേലും ഫ്രാന്‍സും ജര്‍മനിയും എല്ലാം അവര്‍ക്കെതിരേ രംഗത്ത് വന്നു. പക്ഷേ, നിലപാട് മാറ്റാന്‍ അവര്‍ തയ്യാറായില്ല.
ഫലസ്തീന്‍ 21ാം നൂറ്റാണ്ടിലെ നാസി തടങ്കല്‍ പാളയമാണെന്നാണ് അവര്‍ ജര്‍മനിയുടെ ഭരണാധികാരികളോട് പറഞ്ഞത്. മറ്റുള്ളവരുടെ മനുഷ്യത്വം ഇല്ലാതാക്കിയാണ് വംശഹത്യ തുടങ്ങുകയെന്നും ഇസ്രായേലിന്റെ പ്രവൃത്തികള്‍ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ചരിത്രത്തില്‍ നിന്ന് ഒന്നും പഠിച്ചില്ലെന്ന് പറയേണ്ടി വരുമെന്നും അല്‍ബനീസ് ഓര്‍മപ്പെടുത്തി.
ഫലസ്തീനികള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ അക്രമമല്ലാതെ മറ്റൊരു മാര്‍ഗവും ബാക്കിയില്ലെന്നാണ് അല്‍ബനീസ് പറയുന്നത്. ഫലസ്തീനികള്‍ നടത്തുന്ന അക്രമങ്ങള്‍ നമുക്ക് ഇല്ലാതാക്കാനാവില്ല. കഴിഞ്ഞ 55 വര്‍ഷമായി, മൂന്നു തലമുറയായി ജീവിക്കാനും നിലനില്‍ക്കാനുമുള്ള അവകാശം ഹനിക്കപ്പെട്ട ഒരു ജനതയാണ് അവര്‍- 2022ല്‍ അല്‍ബനീസ് പറഞ്ഞു.
അതേസമയം, അല്‍ബനീസിന് പിന്തുണ പ്രഖ്യാപിച്ച് 30 ജൂത സംഘടനകള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നു. അല്‍ബനീസിനെ മോശമായി ചിത്രീകരിക്കാന്‍ യുഎന്‍ വാച്ച് പോലുള്ള സംഘടനകള്‍ നിഗൂഢമായി കാംപയിന്‍ നടത്തുകയാണെന്ന് 30 ജൂത സംഘടനകളുടെ പ്രസ്താവന പറയുന്നു.
By PA Aneeb
RELATED STORIES
ഗുജറാത്തിലെ ഹസ്റത്ത് പഞ്ച് പീര്‍ ദര്‍ഗ പൊളിച്ചു; കൃഷ്ണഭൂമിയില്‍...
15 Jan 2025 5:05 AM GMTബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി
15 Jan 2025 4:45 AM GMTസര്‍ക്കാര്‍ ഓഫീസില്‍ അമ്മക്ക് പകരം ജോലിയെടുത്ത മകന് അറസ്റ്റില്‍
15 Jan 2025 4:36 AM GMT''ബ്ലഡി ബ്ലിങ്കന്‍, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്‍''; ആന്റണി...
15 Jan 2025 3:52 AM GMTഎസ്കലേറ്ററില്‍ നിന്ന് വീണ് മൂന്നുവയസുകാരന് മരിച്ചു
15 Jan 2025 3:34 AM GMTപെരിയ ഇരട്ടക്കൊല: കേസ് നടത്തിപ്പിന് പ്രത്യേക പിരിവുമായി സിപിഎം
15 Jan 2025 3:26 AM GMT