Latest News

ഒരു സൂം മീറ്റിങ്ങിലൂടെ 900 പേരെ പുറത്താക്കിയ വിശാല്‍ ഗാര്‍ഗ് ആരാണ്?

ഒരു സൂം മീറ്റിങ്ങിലൂടെ 900 പേരെ പുറത്താക്കിയ വിശാല്‍ ഗാര്‍ഗ് ആരാണ്?
X

ന്യൂയോര്‍ക്ക്: ബെറ്റര്‍. കോം എന്ന കമ്പനിയുടെ സിഇഒ വിശാക് ഗാര്‍ഗാണ് ഇന്ന് ഇന്റര്‍നെറ്റിലാകെ നിറഞ്ഞുനല്‍ക്കുന്നത്. കഴിഞ്ഞ ദിവസം ഒരു സൂം മീറ്റിങ്ങിലൂടെ തന്റെ കമ്പനിലെ 900 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടതോടെയാണ് വിശാലിന്റെ ചിത്രങ്ങളും വിവരങ്ങളും വീഡിയോകളും ഇന്റര്‍നെറ്റിലും സാമൂഹികമാധ്യമങ്ങളിലും തരംഗമായത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളും പുറത്തുവന്നു. ഒരു സൂം മീറ്റിങ്ങില്‍ വിളിച്ചുവരുത്തി ഒറ്റയടിക്കാണ് ഇയാള്‍ ജീവനക്കാരെ പിരിച്ചുവിട്ടത്. ജോലിയിലെ സാമര്‍ത്ഥ്യക്കുറവ് മുതല്‍ പല കാരങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് ഇദ്ദേഹം തന്റെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്.

ആകെ ജീവനക്കാരുടെ 9 ശതമാനമാണ് പിരിച്ചുവിടലിനു വിധേയരായ 900. ബെറ്റര്‍. കോമില്‍ 10,000ത്തോളം പേരാണ് ജോലി ചെയ്യുന്നത്.

ഇന്ത്യയിലും യുഎസ്സിലും ജോലി ചെയ്യുന്നവര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.

നിങ്ങള്‍ ഈ യോഗത്തിലുണ്ടെങ്കില്‍ കേള്‍ക്കാനുള്ളത് അത്ര നല്ല വാര്‍ത്തയല്ലെന്നും നിങ്ങള്‍ നിര്‍ഭാഗ്യവാന്മാരുമാണ് എന്ന് പറഞ്ഞുകൊണ്ടാണ് പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്.

'ഇത് നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തയാണ്. നിങ്ങള്‍ ഈ സൂം മീറ്റിങ്ങിന്റെ ഭാഗമാണെങ്കില്‍ ജോലി നഷ്ടപ്പെടാന്‍ പോകുന്ന നിര്‍ഭാഗ്യവാന്മാരുടെ കൂട്ടത്തിലാണ്. നിങ്ങളെ ഈ നിമിഷം മുതല്‍ പിരിച്ചുവിടുന്നു'-വിശാല്‍ പറഞ്ഞു. കമ്പനിയുടെ വിവിധ മേഖലയിലുള്ളവരാണ് പുറത്തുപോയത്. പുറത്താക്കപ്പെട്ട ഒരു ജീവനക്കാരനാണ് വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്.

വീടുകള്‍ വാങ്ങാന്‍ ഓണ്‍ലൈനിലൂടെ ലോണ്‍ നല്‍കുന്ന കമ്പിയാണ് ബെറ്റര്‍. കോം. റിയല്‍ എസ്‌റ്റേറ്റ്, ഇന്‍ഷുറന്‍സ് മേഖലയിലും പ്രവര്‍ത്തനമുണ്ട്. 2014ലാണ് ബെറ്റര്‍.കോം സ്ഥാപിച്ചത്. നേരത്തെ വണ്‍ സീറോ കാപിറ്റല്‍ എന്ന ഒരു കമ്പനി സ്ഥാപിച്ചിരുന്നു.

ഏഴ് വയസ്സുളളപ്പോഴാണ് ഗാര്‍ഗിന്റെ കുടുംബം ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് കുടിയേറിയത്. പ്രാഥമിക പഠനശേഷം ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്ന് ഫിനാന്‍സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് പഠിച്ചു. 2000ത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ നല്‍കുന്ന കമ്പനി സ്ഥാപിച്ചു, മൈറിച്ച്അങ്കിള്‍ എന്ന പേരില്‍. കൂടെ റാസാഖാന്‍ എന്ന സ്‌കൂള്‍ കാലത്തെ സുഹൃത്തുമുണ്ടായിരുന്നു. ഏഴ് വര്‍ഷത്തിനു ശേഷം ഗാര്‍ഗ് വിദ്യാഭ്യാസം ഉപേക്ഷിച്ചു, മൈറിച്ച്അങ്കിള്‍ പബ്ലിക് കമ്പനിയാക്കി. അതിനിടയില്‍ മൈറിച്ച്അങ്കിളിനെ മെറില്‍ ലിഞ്ച് വാങ്ങി. പിന്നീട് ബാങ്ക് ഓഫ് അമേരിക്കയും കരസ്ഥമാക്കി. രണ്ട് വര്‍ഷത്തിനുളളില്‍ കമ്പനി പാപ്പരായി.

ഇരുവരും ചേര്‍ന്ന് രണ്ടാമതൊരു കമ്പനി തുടങ്ങി. കുറേക്കഴിഞ്ഞതോടെ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം മൂര്‍ച്്ഛിച്ചു. ഖാന്‍ പണം മോഷ്ടിച്ചുവെന്നാരോപിച്ച് ഗാര്‍ഗ് കേസ് കൊടുത്തു. അതിനു ശേഷമാണ് ബെറ്റര്‍.കോം സ്ഥാപിച്ചത്.

തന്റെ കീഴില്‍ ജോലി ചെയ്തിരുന്ന തൊഴിലാളിള്‍ക്ക് പ്രതീക്ഷിച്ച കാര്യക്ഷമതയില്ലെന്നാണ് ഗാര്‍ഗ് പറയുന്നത്. അവര്‍ രണ്ട് മണിക്കൂര്‍ ജോലി ചെയ്ത് എട്ട് മണിക്കൂറിന്റെ ശമ്പളം വാങ്ങുന്നു. തനിക്കിഷ്ടമില്ലാത്ത ഒരു കാര്യമാണ് ചെയ്യുന്നതെന്ന് പറഞ്ഞ ഗാര്‍ഗ് രണ്ടാം തവണയാണ് കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നത്, അതും സൂം യോഗം വഴി.

അതേസമയം ഒരു കമ്പനി മേധാവിയെന്ന നിലയില്‍ ഇയാള്‍ പരാജയമാണെന്ന വിമര്‍ശനവും ഉയര്‍ന്നുവരുന്നുണ്ട്. അതുകൊണ്ടാണ് ഒരേ കാര്യം രണ്ട് തവണ ചെയ്യേണ്ടിവന്നത്.

ഇ മെയിലുകളില്‍ ഇയാള്‍ ഉപയോഗിക്കുന്ന ഭാഷയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ വളരെ പതുക്കെയാണ്. ഒരു മന്ദന്‍ ഡോള്‍ഫിനെപ്പോലെ. അത്തരം ഡോള്‍ഫിനുകള്‍ വലയില്‍ കുരുങ്ങും. അതുകൊണ്ട് നിര്‍ത്തൂ. നിര്‍ത്തൂ. നിര്‍ത്തുകയാണ് നല്ലത്. നിങ്ങള്‍ എന്നെ നാണം കെടുത്തുന്നു- ഒരു ഇമെയില്‍ സന്ദേശത്തില്‍ ഉപയോഗിച്ച വാക്കുകളാണ് ഇത്.

Next Story

RELATED STORIES

Share it