Latest News

'എന്തിന് ഹിന്ദി അടിച്ചേല്‍പ്പിക്കണം?': ഹിന്ദി ദേശീയ ഭാഷയല്ലെന്ന് ഗായകന്‍ സോനു നിഗം

എന്തിന് ഹിന്ദി അടിച്ചേല്‍പ്പിക്കണം?: ഹിന്ദി ദേശീയ ഭാഷയല്ലെന്ന് ഗായകന്‍ സോനു നിഗം
X

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണെങ്കിലും, ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്നവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ഗായകന്‍ സോനു നിഗം. ഭരണഘടനയില്‍ ദേശീയ ഭാഷ എന്ന പരാര്‍ശമില്ല. പല വിദഗ്ധരുമായി ഇക്കാര്യം സംസാാരിച്ചു. അവരും ഇത് സൂചിപ്പിച്ചു. ഇപ്പോള്‍ത്തന്നെ രാജ്യത്ത് വിവാദങ്ങള്‍ക്ക് കുറവില്ല, പുതിയൊരു വിവാദം കൂടി കൊണ്ടുവരേണ്ട കാര്യമില്ലെന്നും സോനു നിഗം പറഞ്ഞു.

കഴിഞ്ഞയാഴ്ച ബോളിവുഡ് നടന്‍ അജയ് ദേവ്ഗണും കന്നഡ നടന്‍ സുദീപ് സഞ്ജീവും തമ്മിലുള്ള ട്വിറ്റര്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഭാഷാ വിവാദം ദേശീയ ശ്രദ്ധ നേടിയത്. അതിനുമുമ്പ് ബിജെപി നേതാക്കളും ഹിന്ദിയെ ഇന്ത്യന്‍ പൗരത്വവുമായി ബന്ധപ്പെടുത്തിയിരുന്നു.

'എന്റെ അറിവ് അനുസരിച്ച്, ഇന്ത്യന്‍ ഭരണഘടനയില്‍ ഹിന്ദി ദേശീയ ഭാഷയായി എഴുതിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഞാന്‍ വിദഗ്ധരുമായി കൂടിയാലോചിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്, അത് ഞാന്‍ മനസ്സിലാക്കുന്നു. അത് പറയുമ്പോള്‍ നമുക്ക് തമിഴിനെക്കുറിച്ച് അറിയാം. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷ ഏതാണെന്ന് സംസ്‌കൃതവും തമിഴും തമ്മില്‍ തര്‍ക്കമുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷ തമിഴാണെന്നാണ് ആളുകള്‍ പറയുന്നത്'- പത്മശ്രീ പുരസ്‌കാര ജേതാവുകൂടിയായ സോനു നിഗം പറഞ്ഞു.

നേരത്തെ തന്നെ നിരവധി ആഭ്യന്തര പ്രശ്‌നങ്ങള്‍ നേരിടുന്ന രാജ്യത്ത് വിവാദം അനാവശ്യ സംഘര്‍ഷം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'നമുക്ക് രാജ്യത്ത് പുതിയ പ്രശ്‌നങ്ങള്‍ കുറവാണോ. നിങ്ങള്‍ തമിഴനാണെന്നും നിങ്ങള്‍ ഹിന്ദി സംസാരിക്കണമെന്നും പറഞ്ഞ് മറ്റുള്ളവരുടെ മേല്‍ ഭാഷ അടിച്ചേല്‍പ്പിച്ച് രാജ്യത്ത് അസ്വാരസ്യം സൃഷ്ടിക്കുകയാണ്. ഓരോരുത്തരും അവര്‍ക്കിഷ്ടമുളള ഭാഷയാണ് സംസാരിക്കുക''- അദ്ദേഹം പറഞ്ഞു.

ബീസ്റ്റ് സ്റ്റുഡിയോ സ്ഥാപകനും സിഇഒയുമായ സുശാന്ത് മേത്തയുമായുള്ള സംഭാഷണത്തിലാണ് നിഗം തന്റെ നിലപാട് പങ്കുവച്ചത്.

Next Story

RELATED STORIES

Share it