Latest News

വഖ്ഫ് ഭേദഗതി അംഗീകരിക്കില്ല: നിയമ-രാഷ്ട്രീയ വഴികളിലൂടെ പോരാടും: എസ്ഡിപിഐ

വഖ്ഫ് ഭേദഗതി അംഗീകരിക്കില്ല: നിയമ-രാഷ്ട്രീയ വഴികളിലൂടെ പോരാടും: എസ്ഡിപിഐ
X

ന്യൂഡല്‍ഹി: 2025 ലെ കിരാതവും ന്യൂനപക്ഷ വിരുദ്ധവുമായ വഖഫ് (ഭേദഗതി) ബില്ലിനെതിരെ ലഭ്യമായ എല്ലാ നിയമ-രാഷ്ട്രീയ വഴികളിലൂടെയും പോരാടുമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷഫി. ദുരുദ്ദേശ്യത്തോടെ രൂപകല്‍പ്പന ചെയ്ത ഈ ബില്‍, വഖ്ഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനും മുസ്ലിം സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണമാണ്. വര്‍ഗീയ അജണ്ടയാല്‍ നയിക്കപ്പെടുന്ന ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍, ഇന്ത്യയിലെ മുസ്ലിം ജനതയോടുള്ള അവരുടെ ആഴത്തിലുള്ള വിദ്വേഷം വീണ്ടും തുറന്നുകാട്ടിയിരിക്കുകയാണ്.


ഈ ബില്‍ ഒരു പരിഷ്‌കാരമല്ല, മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ ഒരു നഗ്നമായ ആക്രമണമാണ്. വഖ്ഫ് ബോര്‍ഡുകളിലേക്ക് മസ്ലിംകളാല്ലത്തവരെ കയറ്റുന്നതിലൂടെ, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മത സ്വയംഭരണത്തിന്റെ അടിത്തറയെ തന്നെ സര്‍ക്കാര്‍ ലംഘിക്കുകയാണ്. 'ഉപയോക്താവ് വഴിയുള്ള വഖ്ഫ് വ്യവസ്ഥ ഇല്ലാതാക്കുന്നത് നൂറ്റാണ്ടുകളായി സമൂഹത്തെ സേവിച്ച ആയിരക്കണക്കിന് ചരിത്രപരമായ സ്വത്തുക്കള്‍, പ്രത്യേകിച്ച് പള്ളികള്‍, ശ്മശാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട്, അവ തട്ടിയെടുക്കാനുള്ള നേരിട്ടുള്ള തന്ത്രമാണ്. വഖഫ് തര്‍ക്ക പരിഹാരത്തിനുള്ള അധികാരം ജില്ലാ കലക്ടര്‍മാര്‍ക്ക് കൈമാറുന്നതിലൂടെ, ബിജെപി നിയമപരമായ ഭൂമി കൈയേറ്റങ്ങള്‍ക്ക് വഴിയൊരുക്കി, വഖഫ് ബോര്‍ഡുകളുടെയും ജുഡീഷ്യറിയുടെയും അധികാരം ഇല്ലാതാക്കി.

ഭരണഘടനാ വിരുദ്ധമായ ഈ ബില്ലിനെതിരെ ഉറച്ചുനിന്ന എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഹൃദ്യമായ നന്ദി അറിയിക്കുന്നു. പാര്‍ലമെന്റില്‍ അതിന്റെ പരിണിത ഫലങ്ങള്‍ തുറന്നു കാട്ടികൊണ്ടുള്ള അവരുടെ പ്രതിരോധം ജനാധിപത്യത്തിന്റെയും നീതിയുടെയും യഥാര്‍ത്ഥ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. എന്നിരുന്നാലും, ജനങ്ങളെ വഞ്ചിച്ചതില്‍ ബിജെപിയെ പിന്തുണച്ച എംപിമാര്‍ക്കും പാര്‍ട്ടികള്‍ക്കും രാജ്യം മാപ്പു തരില്ല. ഇന്ത്യയുടെ മതേതര ഘടനയ്‌ക്കെതിരായ ഈ കുറ്റകൃത്യത്തില്‍ നിങ്ങള്‍ പങ്കാളികളായത് ചരിത്രം എക്കാലത്തും ഓര്‍ത്തു വെക്കും. ജനങ്ങളുടെ കോടതിയില്‍ നിങ്ങള്‍ ചോദ്യപ്പെടുകയും നിങ്ങളുടെ വഞ്ചനയുടെ അനന്തരഫലങ്ങള്‍ ഈ രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ അനുഭവപ്പെടുകയും ചെയ്യും.

വര്‍ഗീയ രാഷ്ട്രീയത്തോടുള്ള ബിജെപിയുടെ അടങ്ങാത്ത അഭിനിവേശം മൂലം ഇന്ത്യയ്ക്ക് വലിയ വില കൊടുക്കേണ്ടിവരും. ഇത് സാമൂഹിക വിള്ളലുകള്‍ വര്‍ധിപ്പിക്കുകയും ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുകയും ചെയ്യും. നീതി തേടുന്ന എല്ലാ പൗരന്മാരോടും സംഘടനകളോടും പ്രസ്ഥാനങ്ങളോടും ഈ ബില്ലിനെതിരായ നിയമപരവും ജനാധിപത്യപരവുമായ പോരാട്ടത്തില്‍ പങ്കുചേരാന്‍ എസ്ഡിപിഐ ആഹ്വാനം ചെയ്യുന്നു.നാം നിശബ്ദരാകില്ല. നാം കീഴടങ്ങില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ എന്നും മുഹമ്മദ് ഷഫി ഓര്‍മിപ്പിച്ചു.

Next Story

RELATED STORIES

Share it