Latest News

രാജസ്ഥാന്‍ പ്രതിസന്ധി തീരുമോ? സച്ചിന്‍ പൈലറ്റും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി

രാജസ്ഥാന്‍ പ്രതിസന്ധി തീരുമോ? സച്ചിന്‍ പൈലറ്റും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി
X

ന്യൂഡല്‍ഹി: രാജസ്ഥാന്‍ പ്രതിസന്ധിയില്‍ പുതിയൊരു ദിശ നിര്‍ണയിച്ചുകൊണ്ട് വിമതരുടെ നേതാവ് സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. രാഹുലിന്റെ ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വാദ്രയും പങ്കെടുത്തു. സച്ചിന്‍ പൈലറ്റിന്റെയും 18 വിമതരുടെയും മടങ്ങിവരവിന് കളമൊരുങ്ങുന്നതായിരുന്നു മൂവരുടെയും കൂടിക്കാഴ്ച. പുതിയ നീക്കത്തെ കുറിച്ച് കോണ്‍ഗ്രസ് ഒരു പ്രസ്താവനയും പുറത്തിറക്കി.

സച്ചിന്‍ തന്റെ പ്രശ്‌നങ്ങള്‍ രാഹുലിനോട് തുറന്നുപറഞ്ഞു. അവര്‍ തുറന്നു സംസാരിച്ച് ഒരു ധാരണയില്‍ എത്തി- കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ സോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

സച്ചിന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്ന് നില്‍ക്കാനും പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാനും തയ്യാറാണ്, പ്രതിജ്ഞാബദ്ധനുമാണ്- വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. പൈലറ്റിന്റെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും പരാതികള്‍ നിവര്‍ത്തിക്കാന്‍ ഒരു മൂന്നംഗ കമ്മിറ്റിയെയും നിയമിക്കാന്‍ സോണിയാഗാന്ധി തീരുമാനിച്ചിട്ടുണ്ട്.

രാജസ്ഥാന്‍ നിയമസഭ വീണ്ടും ചേരുന്നതിന് നാല് ദിവസം മാത്രം ബാക്കിയിരിക്കെയാണ് പുതിയ നീക്കവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തുവന്നത്. സച്ചിന്‍ പൈലറ്റിന്റെയും വിമതരുടെയും പിന്തുണയോടെ തന്റെ സര്‍ക്കാരിനെ വീഴ്ത്തുന്നതിന് ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് നേരത്തെ മുതല്‍ ആരോപിക്കുന്നുണ്ട്.

ആദ്യ ദിവസം മുതല്‍ താന്‍ ബിജെപിയിലേക്ക് പോവുകയില്ലെന്ന് ആവര്‍ത്തിക്കുന്നുണ്ടെന്ന് പൈലറ്റും രാഹുലുമായുള്ള യോഗത്തിനു ശേഷം വാര്‍ത്താ ലേഖകരോട് പറഞ്ഞു.

അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായ സച്ചിനും തമ്മിലുളള അധികാര തര്‍ക്കമാണ് ഏറെ നാളായി രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് തളളിവിട്ടത്. സച്ചിനെ പഴയ ഉപമുഖ്യമന്ത്രി പദത്തിലേക്കും കോണ്‍ഗ്രസ് മേധാവി സ്ഥാനത്തേക്കും തിരിച്ചുകൊണ്ടുവരുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. അതേസമയം അശോക് ഗെലോട്ടിനെ മാറ്റി നിര്‍ത്തി ഒരു ഒത്തുതീര്‍പ്പു ഫോര്‍മുലയുടെ സാധ്യത വിരളമാണെന്നും നേതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it