Latest News

മുസ്‌ലിംലീഗ് അതിജീവിക്കുമോ?

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടിയുടെ 'മുസ്‌ലിംലീഗ് കേരള ചരിത്രത്തില്‍' എന്ന പുസ്തകത്തെക്കുറിച്ച് കെ എസ് ഹരിഹരന്‍ എഴുതുന്നു

മുസ്‌ലിംലീഗ് അതിജീവിക്കുമോ?
X

കെ എസ് ഹരിഹരന്‍

പ്രശസ്ത പത്രപ്രവര്‍ത്തകനും ചരിത്രകാരനുമായ എന്‍ പി ചെക്കുട്ടി രചിച്ച 'മുസ്‌ലിംലീഗ് കേരള ചരിത്രത്തില്‍' എന്ന കൃതി കേരളത്തിലെ ന്യൂനപക്ഷ സമുദായ രാഷ്ട്രീയത്തില്‍ നിര്‍ണായക പദവിയുള്ള രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചരിത്രാനുഭവങ്ങളാണ് അടയാളപ്പെടുത്തുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും നിയമസഭാ പ്രാതിനിധ്യവും ഭരണപങ്കാളിത്തവുമൊക്കെ നേടിയെടുത്തിട്ടുള്ളതും ഇന്ത്യയിലെ ഏറ്റവും കെട്ടുറപ്പുള്ള ന്യൂനപക്ഷ സമുദായപ്പാര്‍ട്ടി എന്ന സവിശേഷതയുള്ളതുമായ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിനെ സംബന്ധിച്ചുള്ള വസ്തുതാപരമായ പഠനമാണിത്. ഇന്ത്യാവിഭജനാനന്തരം ദുര്‍ബലപ്പെട്ടുപോയ മുസ്‌ലിംലീഗിനെ മദിരാശി സംസ്ഥാനം കേന്ദ്രീകരിച്ച് പുനരുജ്ജീവിപ്പിക്കാന്‍ മുഹമ്മദ് ഇസ്മായില്‍ സാഹിബ് നടത്തിയ കഠിന പരിശ്രമത്തിന്റെ ബാക്കിപത്രമാണ് ഇന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം. നിലനില്‍പ്പിനും അതിജീവനത്തിനുമായി ഇതിനകം മുസ്‌ലിംലീഗ് നേതൃത്വം സ്വീകരിച്ചിട്ടുള്ള അടവുകളും തന്ത്രങ്ങളും വിലയിരുത്തപ്പെടുന്ന ഈ കൃതിയില്‍ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ അധികാരലബ്ധി ന്യൂനപക്ഷ സമുദായങ്ങളില്‍ സൃഷ്ടിച്ചിട്ടുള്ള അരക്ഷിതാവസ്ഥയെന്ന പുതിയ രാഷ്ട്രീയ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിംലീഗിന്റെ ഭാവിയെക്കുറിച്ചുള്ള അന്വേഷണങ്ങളും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

പഴയ മദിരാശി സംസ്ഥാനത്തും പിന്നീട് കേരളത്തിലെ മലബാര്‍ മേഖലയിലും നേടിയെടുത്ത ജനകീയ പിന്‍ബലമാണ് എക്കാലത്തും മുസ്‌ലിംലീഗിനെ കരുത്തുറ്റ രാഷ്ട്രീയ ശക്തിയാക്കി നിലനിര്‍ത്തുന്നത്. ഇന്ത്യാവിഭജനാനന്തരം മദിരാശി സംസ്ഥാനത്ത് മുസ്‌ലിംകളുടെ രാഷ്ട്രീയ പിന്‍ബലം നേടിയെടുക്കുന്നതില്‍ മുഹമ്മദ് ഇസ്മായില്‍ സാഹിബ് നല്‍കിയ നേതൃത്വം ചരിത്രപ്രധാനമാണ്. ഇന്ത്യാവിഭജനത്തിനു കാരണക്കാരായവര്‍ എന്നു ചാപ്പകുത്തപ്പെട്ട മുസ്‌ലിംലീഗിനെ പുനരുജ്ജീവിപ്പിക്കുകയെന്നത് സാഹസികമായ പ്രവര്‍ത്തനമായിരുന്നു.

ബോംബെ പ്രവശ്യയിലുള്‍പ്പെട്ട ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നെങ്കിലും മദിരാശിയിലാണ് വിജയം നേടാനായത്. മതവും രാഷ്ട്രീയവും കച്ചവടബന്ധങ്ങളും എല്ലാം കൂടിക്കുഴഞ്ഞുകിടക്കുന്ന സങ്കീര്‍ണമായ വഴികളിലൂടെയാണ് മുസ്‌ലിംലീഗ് നേതൃത്വത്തിന് സഞ്ചരിക്കേണ്ടിവന്നത്. ഇക്കാര്യത്തില്‍ മുഹമ്മദ് ഇസ്മായില്‍ സാഹിബ് വഹിച്ച നേതൃപരമായ പങ്കാളിത്തം പരമപ്രധാനമാണെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും മുന്നണിയുടെ ഭാഗമായിനിന്ന് മുഖ്യധാരാ രാഷ്ട്രീയത്തില്‍ സ്വാധീനമുറപ്പിക്കുകയും അധികാരത്തില്‍ പങ്കാളിത്തമുറപ്പിക്കുകയും അതിലൂടെ വിദ്യാഭ്യാസവും സാമ്പത്തികാടിത്തറയും ഉറപ്പുവരുത്തുകയും ചെയ്യുകയെന്ന വിശാലമായ ലക്ഷ്യം മുഹമ്മദ് ഇസ്മായില്‍ സാഹിബിനുണ്ടായിരുന്നു. മുസ്‌ലിംലീഗുമായി ഐക്യപ്പെടാന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയുമായും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ഉണ്ടാക്കിയിട്ടുള്ള സഖ്യങ്ങളാണ് മുസ്‌ലിംലീഗിന്റെ അടിത്തറ ഉറപ്പിച്ചത്. മലബാറില്‍ വിദ്യാഭ്യാസരംഗത്ത് മുന്നേറാനും മദ്‌റസകളും പള്ളികളും സ്ഥാപിക്കാനും മലപ്പുറം ജില്ല നേടിയെടുക്കാനുമൊക്കെ 1967ലെ സപ്തകക്ഷി മുന്നണിയിലെ പ്രാതിനിധ്യം മുസ്‌ലിംലീഗിനെ സഹായിച്ചു. കോണ്‍ഗ്രസ്സുമായുള്ള അധികാര മല്‍സരത്തില്‍ വിജയിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മുസ്‌ലിംലീഗിന്റെ പിന്തുണ അനിവാര്യമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധത്തിലൂടെ കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നെത്തിയ മുസ്‌ലിംലീഗ് പില്‍ക്കാലത്ത് കോണ്‍ഗ്രസ്സിന്റെ കെട്ടുറപ്പുള്ള മുന്നണിയുടെ അസ്തിവാരവുമായി. കേരളത്തെ സംബന്ധിച്ച് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലൊഴികെ മാറിമാറിവരുന്ന മുന്നണി മന്ത്രിസഭകളില്‍ അയ്യഞ്ചുകൊല്ലം കൂടുമ്പോള്‍ അധികാരമേറുന്ന രാഷ്ട്രീയ കക്ഷികളിലൊന്നായി മുസ്‌ലിംലീഗ് സ്വാധീനം നിലനിര്‍ത്തി. കേരളത്തില്‍ ചുവടുറപ്പിച്ചു നിന്നുകൊണ്ട് ഇന്ത്യയിലെ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിലുള്‍പ്പെടെ അവതരിപ്പിക്കുന്നതിനും ന്യൂപക്ഷ സംരക്ഷണമെന്ന അജണ്ട മുന്നോട്ടു കൊണ്ടുപോവുന്നതിനും മുസ്‌ലിംലീഗിന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട് എന്ന് ചരിത്രസംഭവങ്ങള്‍ സാക്ഷ്യംവഹിക്കുന്നു.

1979 ഒക്ടോബര്‍ 12ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സി എച്ച് മുഹമ്മദ് കോയ സത്യപ്രതിജ്ഞ ചെയ്തത് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയസ്വാധീനത്തിന്റെ ഏറ്റവും ഉയര്‍ന്ന സൂചകമായിരുന്നു. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷവും കോണ്‍ഗ്രസ്സിനൊപ്പം നിലയുറപ്പിക്കേണ്ടി വന്നതാകട്ടെ അതിന്റെ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധിനിറഞ്ഞ ഘട്ടവും. ബാബരി ധ്വംസനത്തിനുശേഷമാണ് മുസ്‌ലിം സ്വത്വത്തെ ആസ്പദമാക്കിയുള്ള പുതിയരാഷ്ട്രീയ രൂപീകരണങ്ങള്‍ സംഭവിക്കുന്നത്. ഇപ്പോള്‍ മുസ്‌ലിംലീഗിനെതിരേ കേരളത്തിനകത്തും പുറത്തും വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയെല്ലാം പിറവി ഈ ഘട്ടത്തിനു ശേഷമാണ് എന്നതും സവിശേഷതയാണ്. മുസ്‌ലിംലീഗിനെതിരേ ഉയര്‍ന്നുവന്നിട്ടുള്ള കാതലുള്ള വിമര്‍ശനങ്ങളിലൊന്ന് ഗ്രന്ഥകാരന്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. 'ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഇസ്‌ലാമിക രാഷ്ട്രീയവും പൊതുമണ്ഡലവും പുതിയൊരു തലത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അതിനെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് കേരളത്തിലെ ലീഗിന് ഒരു പിടിയുമില്ലാത്ത അവസ്ഥയുണ്ടായി. അതിനു കാരണമായത് മുസ്‌ലിംസമുദായത്തില്‍ നടന്ന നൈതികവും ദാര്‍ശനികവുമായ ചര്‍ച്ചകളില്‍ നിന്ന് പാര്‍ട്ടി ഒഴിഞ്ഞുമാറി നിന്നതും ലോകമെങ്ങും ഇസ്‌ലാമിക സമൂഹത്തില്‍ പ്രസരിച്ച ചിന്താധാരകളെ മനസ്സിലാക്കുന്നതില്‍ അവര്‍ക്കുവന്ന പരാജയവുമാണ്. ലോകം മുമ്പോട്ടുപോയപ്പോള്‍ കേരളത്തിലെ അധികാരത്തിന്റെ പരിമിത വൃത്തത്തില്‍ മുസ്‌ലിംലീഗ് സ്വയം തളച്ചിടപ്പെടുകയായിരുന്നു.' (പേജ്138)

ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചരിത്രമെഴുതുമ്പോള്‍ ഏതൊരാളും നേരിടുന്ന പ്രശ്‌നം വിമര്‍ശനാത്മകമായ സമീപനം സ്വീകരിക്കാനുള്ള പ്രായോഗിക പരിമിതികളാണ്. എന്നാല്‍ ഈ പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ ആ പരിമിതിയെ വ്യക്തമായി മറികടക്കുന്നുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയില്‍ മുസ്‌ലിംലീഗിന്റെ സാധ്യതകള്‍ മാത്രമല്ല, പരിമിതികളും ഗ്രന്ഥകാരന്‍ വിശകലനവിധേയമാക്കുന്നുണ്ട്. മുന്‍കാലത്ത് സമുദായത്തിനകത്തുനിന്നും പുറത്തുനിന്നും ഉയര്‍ന്നുവന്ന രാഷ്ട്രീയമായ വെല്ലുവിളികളെ നേരിട്ട മാതൃകയില്‍ മുസ്‌ലിംലീഗിന് പുതിയ പ്രശ്‌നങ്ങളെ നേരിടാനാവില്ല എന്ന പ്രവചനാത്മകമായ നിരീക്ഷണം പൂര്‍ണമായും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിട്ടുണ്ട്. ഇന്ന് മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ മനസ്സ് പൂര്‍ണമായും മുസ്‌ലിംലീഗിനൊപ്പമല്ല. ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ കുതിപ്പിന്റെ ഘട്ടം മുതല്‍ക്കേ മുസ്‌ലിംപ്രശ്‌നം വീണ്ടും സങ്കീര്‍ണമായി ഉയര്‍ന്നുവരികയും പുതിയ രാഷ്ട്രീയ രൂപീകരണങ്ങള്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ത്തന്നെ ശക്തിപ്പെടുകയും ചെയ്തിട്ടുണ്ട്. ആദിവാസികളും ദലിതരും ന്യൂനപക്ഷങ്ങളെപ്പോലെത്തന്നെ ജീവിതപ്രതിസന്ധി നേരിടുന്ന ഘട്ടം വന്നതോടെ വിശാലമായ ഐക്യമുന്നണിയെക്കുറിച്ചുള്ള പ്രശ്‌നം ഉയര്‍ന്നുവന്നിരിക്കുന്നു. എക്കാലത്തും മതനിരാസത്തിന്റെ പേരില്‍ അകറ്റിനിര്‍ത്തപ്പെട്ടിരുന്ന ഇടതുപക്ഷവുമായുള്ള ബന്ധത്തെക്കുറിച്ച് പുനരാലോചന ആവശ്യമായിവന്നിരിക്കുന്നു. മതനിരപേക്ഷത സംബന്ധിച്ച സൂക്ഷ്മമായ ചര്‍ച്ചകളും സ്വത്വരാഷ്ട്രീയം സംബന്ധിച്ച പുതിയ വിശകലനങ്ങളും ആവശ്യമായി വന്നിരിക്കുന്നു. സ്ത്രീകളുടെ പൊതുപ്രവര്‍ത്തനം സംബന്ധിച്ച നിലപാടുകള്‍ ഗൗരവമുള്ള പ്രശ്‌നങ്ങളായി ഉയര്‍ന്നുവരുന്നു. ഇങ്ങനെ പുതിയ കാലത്തിന്റെ പ്രശ്‌നങ്ങളെ നേരിട്ട് മുസ്‌ലിംലീഗ് വിജയം നേടുമോ അതോ ചരിത്രപരമായ ദൗത്യങ്ങളൊക്കെ പൂര്‍ത്തീകരിച്ച് അണിയറയിലേക്ക് പിന്‍മാറുമോ എന്ന ആശയവും ആശങ്കകളും കലര്‍ന്ന ചോദ്യങ്ങള്‍ ഈ പുസ്തകത്തിന്റെ സവിഷേതയാണ്.

'മുസ്‌ലിംലീഗ് കേരള ചരിത്രത്തില്‍'

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ്, കോഴിക്കോട്‌

എന്‍ പി ചെക്കുട്ടി


Next Story

RELATED STORIES

Share it