Latest News

വനിതാ കമ്മീഷന്‍ അദാലത്ത്: 20 പരാതികള്‍ തീര്‍പ്പാക്കി

വനിതാ കമ്മീഷന്‍ അദാലത്ത്: 20 പരാതികള്‍ തീര്‍പ്പാക്കി
X

കോഴിക്കോട്: കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 20 പരാതികള്‍ തീര്‍പ്പാക്കി. 63 പരാതികളാണ് കമ്മീഷന് മുമ്പാകെ എത്തിയത്. 41 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. രണ്ട് പരാതികളില്‍ പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടും.

കമ്മീഷന് മുമ്പാകെ എത്തിയ പരാതികളില്‍ കൂടുതലും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടവയാണെന്ന് പി.സതീദേവി പറഞ്ഞു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും വിവേചനങ്ങളും പരാതികളായി ലഭിച്ചു. അണ്‍എയിഡഡ് സ്ഥാപനങ്ങളിലെ അധ്യാപികമാര്‍ നേരിടുന്ന ചൂഷണങ്ങളാണ് ഇവയില്‍ അധികവും. തൊഴില്‍ സ്ഥിരതയില്ലായ്മ, നാമമാത്രമായ വേതനത്തില്‍ ജോലി ചെയ്യേണ്ട സാഹചര്യം, അകാരണമായ പിരിച്ചുവിടല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് പരാതിയായി ലഭിച്ചത്. അധ്യാപികമാര്‍ക്ക് ആവശ്യമായ പരിരക്ഷ ഉറപ്പുവരുത്താതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും ജോലിചെയ്യിപ്പിക്കുന്ന സാഹചര്യമുണ്ട് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

മെഡിക്കല്‍ കോളജിലെ വനിതാ ഹോസ്റ്റല്‍, ലൈബ്രറി എന്നിവിടങ്ങളിലെ സമയക്രമവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതായും ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. കോളജ് അധികൃതരുമായി വിഷയം ചര്‍ച്ചചെയ്യും. മറ്റ് കോളജുകളില്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടോ എന്നുള്ളത് പരിശോധിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.

അഭിഭാഷകരായ ഇന്ദിര രവീന്ദ്രന്‍, സീനത്ത്, ലിസി, ഷരണ്‍ പ്രേം, കൗണ്‍സിലര്‍മാരായ എം.സബിന, സി.അവിന, കെ.സുദിന, സുനിഷ തുടങ്ങിയവര്‍ അദാലത്തിൽ പങ്കെടുത്തു.

Next Story

RELATED STORIES

Share it