Latest News

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട്: ഇന്ത്യയുടെ റാങ്ക് താഴേക്ക്

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട്: ഇന്ത്യയുടെ റാങ്ക് താഴേക്ക്
X

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഫ്രാന്‍സിന്റേതെന്ന് ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ്. ഫ്രാന്‍സുകാര്‍ക്ക് 194 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകും. അതേസമയം ഇന്ത്യയുടെ റാങ്ക് 84ല്‍ നിന്ന് 85ആം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യക്കാര്‍ക്ക് 62 രാജ്യങ്ങളിലേക്കാണ് നിലവില്‍ വിസയില്ലാതെ പ്രവേശിക്കാന്‍ കഴിയുക. ഫ്രാന്‍സിന് പിന്നാലെ പട്ടികയിലുള്ളത് ജര്‍മനി, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിലുള്ളവര്‍ക്കും 194 രാജ്യങ്ങളില്‍ വിസയില്ലാതെ എത്താം. ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്. 193 രാജ്യങ്ങളില്‍ ഈ രാജ്യക്കാര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാം. 192 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള യുകെ, ലക്‌സംബര്‍ഗ്, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ എന്നിവയാണ് തൊട്ടുപിന്നില്‍.

അതേസമയം ഇന്ത്യയുടെ സ്ഥാനം എന്തുകൊണ്ട് പിന്നിലേക്ക് പോയെന്ന് വ്യക്തമല്ല. 2023ല്‍ ഇന്ത്യക്കാര്‍ക്ക് 60 രാജ്യങ്ങളിലേക്കായിരുന്നു വിസരഹിത പ്രവേശനമുള്ളത്. 2024ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. പിന്നെ എന്തുകൊണ്ട് റാങ്ക് താഴ്ന്നുവെന്ന് വ്യക്തമല്ല. പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ പാകിസ്ഥാന്റെ സ്ഥാനം 106 ആണ്. ശ്രീലങ്ക 101ആം സ്ഥാനത്തും ബംഗ്ലാദേശ് 102ആം സ്ഥാനത്തും നേപ്പാള്‍ 103ആം സ്ഥാനത്തുമാണുള്ളത്.

ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട് അഫ്ഗാനിസ്ഥാന്റേതാണ്. അഫ്ഗാനികള്‍ക്ക് 28 രാജ്യങ്ങളിലേക്ക് മാത്രമാണ് വിസ ഫ്രീ പ്രവേശനമുള്ളത്. സിറിയ (108), ഇറാഖ് (107), യെമന്‍ (105), പലസ്തീന്‍ (103) തുടങ്ങിയ രാജ്യങ്ങളാണ് അഫ്ഗാന് തൊട്ടുമുകളിലുള്ളത്. എന്നാല്‍ മാലദ്വീപ് 58ആം സ്ഥാനവുമായി റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ മുന്‍പിലാണ്.

കഴിഞ്ഞ 19 വര്‍ഷത്തെ ഡാറ്റ പരിശോധിച്ചാണ് ഹാന്‍ലി ഇന്‍ഡക്‌സ് തയ്യാറാക്കിയത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ ഡാറ്റയെ അടിസ്ഥാനമാക്കി 199 പാസ്‌പോര്‍ട്ടുകള്‍ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കുന്നത്.

Next Story

RELATED STORIES

Share it