Latest News

കഥാകൃത്ത് തോമസ് ജോസഫിന്റെ മൗലിക പ്രതിഭ തിരിച്ചറിയാന്‍ സാഹിത്യപ്രമാണിമാര്‍ വിസമ്മതിച്ചുവെന്ന് എഴുത്തുകാരന്‍ സക്കറിയ

കഥാകൃത്ത് തോമസ് ജോസഫിന്റെ മൗലിക പ്രതിഭ തിരിച്ചറിയാന്‍ സാഹിത്യപ്രമാണിമാര്‍ വിസമ്മതിച്ചുവെന്ന് എഴുത്തുകാരന്‍ സക്കറിയ
X

തിരുവന്തപുരം: അന്തരിച്ച കഥാകൃത്ത് തോമസ് ജോസഫിന്റെ പ്രതിഭ തിരിച്ചറിയാന്‍ വിസമ്മതിച്ചവരെ വിമര്‍ശിച്ച് കഥാകൃത്ത് സക്കറിയ. അതേസമയം അദ്ദേഹത്തെ ഒരു രക്തസാക്ഷിയായോ ഇരയായോ കാണാന്‍ സാധ്യമല്ലെന്നും സക്കറിയ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

തോമസ് ജോസഫ് കടന്നുപോകുമ്പോള്‍ മലയാള സാഹിത്യത്തിലെ ഒരു അസാധാരണ ലോകത്തിന്റെ സ്രഷ്ടാവ് ചരിത്രത്തിലേക്ക് പ്രവേശിക്കുകയാണ്. അദ്ഭുതാനുഭൂതികളുടെയും അനിര്‍വചനീയങ്ങളായ മാനസികാവസ്ഥകളുടെയും അത്തരമൊരു ലോകം തോമസിന് മുമ്പോ ശേഷമോ മലയാളത്തില്‍ ആവിര്‍ഭവിച്ചിട്ടില്ല. തോമസിന് ഒരു പാശ്ചാത്യ സമാനത ഉണ്ടെങ്കില്‍ അത് ബോര്‍ഹസ് ആയിരിക്കും.

സ്വപ്നവും ഉണര്‍വിന്റെ ഇടവേളകളും നിദ്രയും അര്‍ദ്ധനിദ്രയും ഭീതിയും തീവ്രാഭിനിവേശങ്ങളും ഒന്നിക്കുന്ന ഒരു ഭൂതാവിഷ്ടലോകമായിരുന്നു അത്. സ്വര്‍ഗ്ഗവും നരകവും സാത്താനും ദൈവവും മാലാഖമാരും മൃഗപക്ഷികളും ചേര്‍ന്നുണ്ടാക്കിയ അദ്ഭുതഭാവനകളുടെ മാന്ത്രിക നിലവറയായിരുന്നുവത്. ചിലപ്പോള്‍ ശ്വാസം മുട്ടിക്കുന്ന ഒരു പാതാള അറ.

മലയാള വായനക്കാര്‍ക്ക് ഇന്ന് ലഭ്യമായി കൊണ്ടിരിക്കുന്ന പരമ്പരാഗതവും ആധുനികവും ഉത്തരാധുനികവും ആയ എഴുത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നതായിരുന്നു തോമസിന്റെ എഴുത്ത് ആവിഷ്‌ക്കരിച്ച കലാപകാരിയായ ധ്യാനാത്മകത. ആ മൗലികതയെ തിരിച്ചറിയാനോ തോമസിന്റെ എഴുത്തിന്റെ അസ്തിത്വം പോലും അംഗീകരിക്കാനോ സാഹിത്യപ്രാമാണിത്തങ്ങളുടെ ഘനീഭവിച്ച മനസ്സുകള്‍ വിസമ്മതിച്ചു. ആധുനികത തന്നെ വിഗ്രഹാരാധനകളിലും ജാതിമത ജീര്‍ണതകളിലും കെട്ടിപ്പിണഞ്ഞു കിടക്കുന്ന പാരമ്പര്യവാദമായി കലാശിച്ചിരിക്കുന്ന ഒരു സാഹിത്യത്തില്‍ അതൊരു അദ്ഭുതമല്ല. മലയാളവിമര്‍ശനത്തിന്റെ ശ്രദ്ധയാകര്ഷിക്കാനുള്ള താരപരിവേഷം അഥവാ മാധ്യമവിഗ്രഹപദവി തോമസിന് ഉണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു സത്യം. അത് ഉണ്ടാക്കാന്‍ തോമസ് ശ്രമിച്ചും ഇല്ല.

തോമസിന്റെ കഥകള്‍ക്ക് കുറച്ചു വര്‍ഷങ്ങള്‍ മുമ്പ് ഞാന്‍ എഴുതിയ ഒരു കുറിപ്പില്‍ നിന്ന് ചില വാചകങ്ങള്‍ ഉദ്ധരിക്കുകയാണ്:

'ഇരുപതാം നൂറ്റാണ്ടിലെ മലയാളത്തിലെ ഏറ്റവും അസാധാരണങ്ങളായ 10 കഥകള്‍ എടുത്താല്‍ അതിലൊന്ന് എഴുതിയിട്ടുള്ള ഈ കഥാകാരന്റെ മേല്‍ വന്നു ചേര്‍ന്നത് ശുഷ്‌ക്കാന്തി യോടെയുള്ള തമസ്‌കരണവും കാണാമറയത്തേക്കു നീക്കി നിര്‍ത്തലും ആണ്...ഇന്നത്തെ മാധ്യമാവശ്യങ്ങളുടെ വെളിച്ചത്തില്‍ വായിച്ചെടുക്കാവുന്ന ഒരു ലോകമല്ല തോമസ് ജോസഫിന്റേത്. അതുകൊണ്ടായിരിക്കണം ഇന്നിന്റെ ശാക്തീകരണങ്ങളില്‍ മുഴുകി ഇരിക്കുന്നവര്‍ക്ക് തോമസ് ജോസഫിന്റെ ലോകം അന്യമായി പോകുന്നത്. അവര്‍ അതിനെ പിന്തള്ളുന്നതു ഭാവിയിലേക്കാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭാഗ്യവശാല്‍ എഴുത്തിന്റെ അന്തിമവിധി ഭാവിയില്‍ ആണ്.'

ആ കുറിപ്പില്‍ നിന്ന് തന്നെ: 'പക്ഷേ, തോമസ് ജോസഫിനെ ഒരു രക്തസാക്ഷിയായോ ഇരയായോ കാണാന്‍ എനിക്ക് സാധ്യമല്ല. തോമസിന്റെ പ്രതിഭയുടെ വഴികളിലെ ദുര്‍ഘടതകളുടെ മേല്‍ അനുകമ്പ പുരട്ടാനും ഞാന്‍ തയ്യാറല്ല. അവയെല്ലാം അദ്ദേഹത്തിന്റെ ജീവിതഭൂമിശാസ്ത്രത്തിലെ നല്‍കപ്പെട്ട അടയാളങ്ങളാണ്. ഞാന്‍ അദ്ഭുതപ്പെടുന്നത് തോമസിന്റെ കഥകളെ കണ്ടില്ലെന്നു നടിക്കുകയും കാണാതിരിക്കുകയും ചെയ്യുന്ന ഉത്തരാധുനികമായിതീര്‍ന്നു എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന മലയാളസാഹിത്യത്തിലെ പ്രാമാണിത്തങ്ങളെപറ്റിയാണ്. അപ്പോള്‍ എന്തായിരിക്കാം അവരുടെ ആ ഉത്തരാധുനികത? ഏതു നവീന യാഥാസ്ഥിതികത്വങ്ങള്‍ കൊണ്ടാണ് അവര്‍ ആ ഉത്തരാധുനികതയുടെ അതിരുകള്‍ മറച്ചു കെട്ടിയിരിക്കുന്നത്?'

കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി എന്റെ സുഹൃത്ത് അനുഭവിച്ച അന്ധകാരം അവസാനിച്ചതില്‍ എനിക്ക് ഈ നിമിഷത്തില്‍ ആശ്വാസമേയുള്ളു. തോമസിന്റെ വേര്‍പാടില്‍ തോമസിന്റെ കുടുംബം അനുഭവിക്കുന്ന വേദനയില്‍ ഞാന്‍ പങ്കു ചേരുന്നു. എന്റെ പ്രിയ സുഹൃത്തിനു വിട.

Next Story

RELATED STORIES

Share it