Food

ഒരു മുട്ട മാഹാത്മ്യം

ഒരു മുട്ട മാഹാത്മ്യം
X

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട.കൊളസ്‌ട്രോള്‍ കൂടുമെന്ന് പേടിച്ച് ഇന്ന് പലരും മുട്ട ഒഴിവാക്കാറാണ് പതിവ്.മുട്ട നമ്മുടെ ഫുഡ് ചാര്‍ട്ടുകളില്‍ നിന്നും ഒഴിവാക്കപ്പെടാന്‍ കാരണം കൊളസ്‌ട്രോള്‍ മാത്രമല്ല,ഹൃദ്രോഗമുള്ളവരുടെ ശത്രു, ഫാറ്റ് കൂടുന്നതിനും, മൂലക്കുരുവിനും, മുഖക്കുരുവിനും കാരണമാകുന്നു, അങ്ങനെ നീണ്ടു പോകുന്നു കാരണങ്ങള്‍.എന്നാല്‍ ഇപ്പോള്‍ പുതിയ പഠനങ്ങളുടെയും, ഡയറ്റീഷ്യന്‍മാരുടെ വിദഗ്ധാഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ മുട്ടയ്ക്ക് കല്‍പ്പിച്ചിരിക്കുന്ന വിലക്കുകള്‍ നീങ്ങുകയാണ്.

കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട.മുട്ടയുടെ ഉപയോഗം കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ നല്ല രീതിയില്‍ സ്വാധീനിക്കുമെന്നാണ് കണ്ടെത്തല്‍.കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, പ്യൂഫ, മുഫ കൊഴുപ്പുകള്‍, തയാമിന്‍, ബി12 എന്നിവ ധാരാളമടങ്ങിയ മുട്ട ശരിക്കും ഒരു സൂപ്പര്‍ഫുഡാണ്.

ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും വിളര്‍ച്ച തടയുന്നതിനും ആവശ്യമായ ബി12 ന്റെ ഏറ്റവും നല്ല ഒരു ഉറവിടമാണ് മുട്ട. മുട്ടയിലെ ബി12 ന്റെ സാനിധ്യം ശരീരത്തില്‍ ബി12 ന്റെ കുറവുള്ളവര്‍ക്ക്,അത് പരിഹരിക്കാന്‍ ഗുണം ചെയ്യും.

ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ള 24 അമിനോ ആസിഡുകളുണ്ട്. ഇവയില്‍ ഒന്‍പതെണ്ണം ഭക്ഷണത്തിലൂടെ ശരീരത്തിലെത്തേണ്ടവയാണത്. ഈ ഒന്‍പതും അടങ്ങിയിട്ടുള്ള ഏക ആഹാരപദാര്‍ഥമാണ് മുട്ട. ശരീരകോശങ്ങളുടെ വളര്‍ച്ചയ്ക്കും മികച്ച പ്രവര്‍ത്തനത്തിനും ഇവ സഹായിക്കുന്നു.അതേസമയം മഞ്ഞക്കുരുവില്‍ വിറ്റാമിന്‍ എ, ഫാറ്റ്, കൊളസ്‌ട്രോള്‍ എന്നിവയുണ്ട്. മഞ്ഞക്കുരു കൂടുതല്‍ കഴിച്ചാല്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ നില ഉയരും. പക്ഷേ,നിയന്ത്രിതമായ രീതിയല്‍ കഴിച്ചാല്‍ പ്രശ്‌നമില്ല

മുട്ടയുടെ മറ്റ് ഗുണങ്ങള്‍

ഡയറ്റിങ്ങിന് സഹായകരമാകുന്ന ഒന്നാണ് മുട്ടയുടെ വെള്ള. ശരീരഭാരം ഒരു കിലോ കുറയണമെങ്കില്‍ 7000 കാലറി നഷ്ടപ്പെടണം.പ്രോട്ടീന്‍ അളവ് കൂട്ടിയാല്‍ ശരീരഭാരം നിയന്ത്രിക്കാനാകും.

തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായകരമായ കോളിന്‍ എന്ന പോഷകം മുട്ടയിലുണ്ട്. ഇത് നാഡികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. കരളില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയാനും കോളിന്‍ ഏറെ നല്ലതാണ്.

ല്യൂട്ടീന്‍, സീസാന്തിന്‍ എന്നീ ആന്റി ഓക്‌സിഡന്റുകള്‍ മുട്ടയിലുണ്ട്. ഇവ കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്

അസ്ഥികള്‍ക്ക് ഏറ്റവും ആവശ്യമുള്ളതാണ് വിറ്റാമിന്‍ ഡി മുട്ടയില്‍ നിന്ന് ലഭിക്കുന്നു. രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ വിറ്റാമിന്‍ ഡി പ്രധാന പങ്ക് വഹിക്കുന്നു.

പ്രോട്ടീനുള്ള ഭക്ഷണം ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും മെലിയാനും സഹായിക്കും. ബോഡി മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്ന അമിനോ ആസിഡുകള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്

മുട്ടയില്‍ അടങ്ങിയിരിക്കുന്ന ഫോളേറ്റ് ചുവന്ന രക്താണുക്കളുടെ നിര്‍മാണത്തിന് സഹായിക്കും. ഗര്‍ഭസ്ഥശിശുവിന്റെ വികാസത്തിനും വളര്‍ച്ചയ്ക്കും ഈ പോഷകം പ്രധാനമായതിനാല്‍ ഗര്‍ഭിണികള്‍ക്കും ഏറ്റവും നല്ല ഭക്ഷണമാണിത്.

മുട്ട കഴിക്കുന്നത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ ഉയര്‍ത്താന്‍ സഹായിക്കും. എച്ച്ഡിഎല്‍ അളവ് കൂടുതലുള്ള ആളുകള്‍ക്ക് ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്


മുട്ട ശരീരത്തിന് നല്ലതാണെന്ന് പറയുമ്പോഴും ദിവസവും കഴിക്കുന്ന മുട്ടയുടെ അളവ് നമ്മള്‍ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. മറ്റ് നോണ്‍വെജ് സ്രോതസ്സുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ മുട്ട ഒഴിവാക്കുന്നതാണ് അഭികാമ്യം. മുട്ട, ചിക്കന്‍ അല്ലെങ്കില്‍ മത്സ്യം ഇങ്ങനെ ഒരു ഓപ്ഷനാണ് നല്ലത്.നോണ്‍വെജ് ഭക്ഷണത്തിന്റെ ഉപയോഗം കൂടുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന അധിക കലോറി എരിച്ചുകളയാന്‍ ശരിയായ വ്യായാമവും അത്യാവശ്യമാണ്.


Next Story

RELATED STORIES

Share it