Health

രാജ്യത്തെ ആദ്യത്തെ ഹാര്‍ട്ട് ഫെയ്‌ലുവര്‍ ഗവേഷണത്തിനുള്ള 'ബയോബാങ്ക്' ശ്രീ ചിത്രയില്‍

രാജ്യത്തെ ആദ്യത്തെ ഹാര്‍ട്ട് ഫെയ്‌ലുവര്‍ ഗവേഷണത്തിനുള്ള ബയോബാങ്ക് ശ്രീ ചിത്രയില്‍
X

തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ 85 ലക്ഷം രൂപ ചെലവില്‍ സജ്ജീകരിച്ച ഹൃദയ പരിക്ഷീണത (ഹാര്‍ട്ട് ഫെയ്‌ലുവര്‍) ഗവേഷണത്തിനായുള്ള രാജ്യത്തെ ആദ്യ ബയോ ബാങ്ക് പ്രവര്‍ത്തനം തുടങ്ങി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ പ്രഫസര്‍ ബല്‍റാം ഭാര്‍ഗവ ഓണ്‍ലൈനായാണ് ഉദ്ഘാടനം ചെയ്തത്. ഹാര്‍ട്ട്‌ഫെയ്‌ലുവര്‍ രോഗാവസ്ഥയുള്ള രാജ്യത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മറ്റു പാശ്ചാത്യസമൂഹത്തിലെ രോഗികളുമായുള്ള വ്യത്യസ്തത മനസ്സിലാക്കാനും രോഗത്തെക്കുറിച്ച് ഗവേഷകര്‍ക്കുള്ള ഉള്‍ക്കാഴ്ച വര്‍ധിപ്പിക്കാനും ബയോ ബാങ്ക് സഹായിക്കുമെന്ന് പ്രഫസര്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

കൊവിഡാനന്തര രോഗങ്ങളുടെ പഠനങ്ങള്‍ക്കും ചികില്‍സയ്ക്കും ഹാര്‍ട്ട് ഫെയില്യുര്‍ ബയോബാങ്ക് ഉപയോഗപ്രദമാവുമെന്ന് ഡിപ്പാര്‍ട്ടമെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി സെക്രട്ടറി ഡോ. അശുതോഷ് ശര്‍മ അയച്ചുതന്ന സന്ദേശത്തില്‍ അറിയിച്ചു. ഹാര്‍ട്ട് ഫെയ്‌ലുവര്‍ ബയോബാങ്ക് മെഡിക്കല്‍ ഗവേഷണരംഗത്ത് പുതിയൊരു കാല്‍വയ്പ്പിന് തുടക്കംകുറിയ്ക്കുമെന്നും ഹൃദയപരിക്ഷീണത രോഗികളുടെ രോഗനിര്‍ണയത്തിലും ചികില്‍സയിലും വന്‍മാറ്റമുണ്ടാക്കാന്‍ സാധിയ്ക്കുമെന്നും നീതി ആയോഗ് മെംബറും ശ്രീചിത്ര പ്രസിഡന്റും ആയ ഡോക്ടര്‍ വി കെ സരസ്വത്ത് അറിയിച്ചു.

ബയോബാങ്ക് സൗകര്യങ്ങളില്‍ 4, 20, 80 ഡിഗ്രി ഫ്രീസറുകളും, 140 ഡിഗ്രിയില്‍ വര്‍ഷങ്ങളോളം ജൈവസാംപിളുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഒരു ദ്രാവക നൈട്രജന്‍ സംഭരണ സംവിധാനവും ഉള്‍പ്പെടുന്നുവെന്ന് പദ്ധതിയുടെ പ്രധാന ഗവേഷകനും കാര്‍ഡിയോളജി വിഭാഗം പ്രഫസറുമായ ഡോ. എസ് ഹരികൃഷ്ണന്‍ അറിയിച്ചു.

നിലവില്‍ 25,000 ബയോസാംപിള്‍ സൂക്ഷിക്കാനുള്ള സൗകര്യം ബയോബാങ്കിലുണ്ട്. ഓപണ്‍ ഹാര്‍ട്ട് സര്‍ജറി സമയത്ത് ലഭിക്കുന്ന രക്തം, സെറം, ടിഷ്യു സാംപിളുകള്‍, പെരിഫറല്‍ ബ്ലഡ് മോണോ ന്യൂക്ലിയര്‍ കോശങ്ങള്‍, ഹാര്‍ട്ട് ഫെയ്‌ലുവറുള്ള രോഗികളില്‍നിന്ന് ശേഖരിച്ച ജനിതക സാംപിളുകള്‍ എന്നിവ ഹാര്‍ട്ട് ഫെയ്‌ലുവര്‍ ബയോബാങ്കില്‍ സൂക്ഷിയ്ക്കാനുള്ള ബയോ സ്‌പെസിമെന്‍സില്‍ ഉള്‍പ്പെടുന്നു. ഐസിഎംആറില്‍നിന്നുള്ള പ്രതിനിധി ഉള്‍പ്പെടുന്ന സാങ്കേതിക ഉപദേശക സമിതിയാണ് ബയോബാങ്ക് പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.

Next Story

RELATED STORIES

Share it