- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹെപ്പറ്റൈറ്റിസ് തുടക്കത്തില്‍ ഒരു ലക്ഷണവും പുറമെ കാണിക്കാത്ത രോഗം: ഡോ. ചാള്‍സ് പനയ്ക്കല്‍
ചില വൈറസുകള്‍ (ഹെപ്പറ്റോട്രോപ്പിക് വൈറസുകള്‍ അല്ലെങ്കില്‍ നോണ്‍ ഹെപ്പറ്റോട്രോപ്പിക് വൈറസുകള്‍), പ്രതിരോധശേഷിയില്‍ ഉണ്ടാകുന്ന തകരാറുകള്‍, കരളിനെ ബാധിക്കുന്ന ദഹനസംബന്ധിയായ പ്രശ്‌നങ്ങള്‍, ശരീരത്തിനുള്ളില്‍ കടക്കുന്ന വിഷാംശങ്ങള്‍, മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവര്‍, എന്നിവയാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന പ്രധാന വില്ലന്മാര്‍.
ഹെപ്പറ്റൈറ്റിസിന് എതിരെ ഫലപ്രദമായ ഒരു വാക്‌സിന്‍ കണ്ടുപിടിക്കുകയും അതിന് നൊബേല്‍ സമ്മാനം നേടുകയും ചെയ്ത ഡോ. ബറുഷ് ബ്ലുംബര്‍ഗിന്റെ ജന്മദിനമാണ് എല്ലാവര്‍ഷവും ലോകം ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്.അദ്ദേഹം തന്നെയാണ് ഹെപ്പറ്റൈറ്റിസ് കണ്ടെത്താനുള്ള പരിശോധനാ രീതിയും വികസിപിടിച്ചെടുത്തത്.ഓരോ വര്‍ഷവും ഓരോ സന്ദേശവുമായാണ് ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്. ഹെപ്പറ്റൈറ്റിസിനായി കാത്തിരിക്കരുത് എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ജീവന് ഭീഷണിയായേക്കാവുന്ന ഈ രോഗത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കാനും അതിനെതിരായ പ്രതിരോധ മാര്‍ഗങ്ങള്‍ തീര്‍ക്കാനുമാണ് ഇങ്ങനെയൊരു ദിവസം ആചരിക്കുന്നത്.
തുടക്കത്തില്‍ ഒരു ലക്ഷണവും പുറമെ കാണിക്കാത്ത രോഗമാണ് ഹെപ്പറ്റൈറ്റിസ് എന്ന് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ഹെപ്പറ്റോളജിസ്റ്റ്, ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ സീനിയര്‍ കണ്‍സല്‍ട്ടണ്ട് ഡോ. ചാള്‍സ് പനയ്ക്കല്‍ വ്യക്തമാക്കുന്നു. വിവിധ കാരണങ്ങളാല്‍ കരളില്‍ ഉണ്ടാകുന്ന നീര്‍വീക്കമാണ് ഹെപ്പറ്റൈറ്റിസ്. ചില വൈറസുകള്‍ (ഹെപ്പറ്റോട്രോപ്പിക് വൈറസുകള്‍ അല്ലെങ്കില്‍ നോണ്‍ ഹെപ്പറ്റോട്രോപ്പിക് വൈറസുകള്‍), പ്രതിരോധശേഷിയില്‍ ഉണ്ടാകുന്ന തകരാറുകള്‍, കരളിനെ ബാധിക്കുന്ന ദഹനസംബന്ധിയായ പ്രശ്‌നങ്ങള്‍, ശരീരത്തിനുള്ളില്‍ കടക്കുന്ന വിഷാംശങ്ങള്‍, മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവര്‍, എന്നിവയാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന പ്രധാന വില്ലന്മാര്‍. അപൂര്‍വമായി മറ്റ് ചില രോഗങ്ങളും ഹെപ്പറ്റൈറ്റിസിന് കാരണമാകാറുണ്ട്. ഇവയില്‍ ഏത് കാരണത്താലാണ് ഹെപ്പറ്റൈറ്റിസ് ഉണ്ടാകുന്നത് എന്നതിന് അനുസരിച്ച് രോഗത്തിന്റെ തീവ്രത കൂടുകയോ കുറയുകയോ ചെയ്യും.
ഭൂരിഭാഗം രോഗികളിലും ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത് ഹെപ്പറ്റോട്രോപ്പിക് വൈറസുകളാണ്. പക്ഷെ ഇപ്പോള്‍ ജീവിതശൈലി കാരണമുണ്ടാകുന്ന ഫാറ്റി ലിവറും അതുമൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസും കൂടിവരികയാണെന്നും ഡോ. ചാള്‍സ് പനയ്ക്കല്‍ പറഞ്ഞു.
തുടക്കത്തില്‍ ഒരു ലക്ഷണവും പുറമെ കാണിക്കാത്ത രോഗമാണ് ഹെപ്പറ്റൈറ്റിസ്. പലപ്പോഴും വേറെ എന്തെങ്കിലും ഒരു അസുഖത്തിന് വേണ്ടി ടെസ്റ്റുകള്‍ നടത്തിനോക്കുമ്പോഴാണ് ഹെപ്പറ്റൈറ്റിസ് കണ്ടുപിടിക്കുന്നത്. ചിലരില്‍ തലകറക്കം, മനംപിരട്ടല്‍, ഛര്‍ദി, വിശപ്പില്ലായ്മ, അടിവയറ്റിലെ വേദന, മഞ്ഞപ്പിത്തം, മാനസിക ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടാകാറുണ്ട്. ചിലരില്‍ ഗുരുതരമാം വിധം കരള്‍ തകരാറിലായ ശേഷമായിരിക്കും ഹെപ്പറ്റൈറ്റിസ് എന്ന വില്ലനെ തിരിച്ചറിയുന്നത്. അപ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത രക്തസ്രാവം, ബോധമില്ലായ്മ, വയറ്റിലെ നീര് എന്നീ ലക്ഷണങ്ങളും ഉണ്ടാവും.
രോഗം കൃത്യസമയത്ത് കണ്ടെത്തണമെങ്കില്‍ മുന്‍കാലങ്ങളില്‍ രോഗി ചികിത്സ തേടിയിട്ടുള്ള രോഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അനിവാര്യമാണ്. ഒപ്പം കൃത്യമായ രക്ത, സ്രവ പരിശോധനകളും. അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലൂടെ ഹെപ്പറ്റൈറ്റിസ് എത്ര ഗുരുതരമായ സ്‌റ്റേജിലാണെന്ന് കണ്ടെത്താം. രോഗകാരണം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ കരള്‍ ബയോപ്‌സി പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും.
ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന വൈറസുകള്‍
പ്രധാനമായും അഞ്ച് വൈറസുകളാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. എ, ബി,സി, ഡി, ഇ എന്ന് അവയ്ക്ക് പേര് നല്‍കിയിരിക്കുന്നു. ഈ വൈറസുകള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരും.ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകള്‍ മലിനമായ ഭക്ഷണത്തില്‍ നിന്നും വെള്ളത്തില്‍ നിന്നുമാണ് മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. രോഗിയുടെ മലവിസര്‍ജ്യത്തിലൂടെയാണ് ഈ വൈറസുകളെ പുറന്തള്ളുന്നത്.ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകള്‍ രക്തത്തിലൂടെയാണ് പകരുന്നത്. ഈ വൈറസുകള്‍ ഗുരുതരമായ ലിവര്‍ സിറോസിസിനും കാന്‍സറിനും കാരണമാകുന്നു. ഗര്‍ഭിണികളായ അമ്മമാര്‍ രോഗികളാണെങ്കില്‍ അവരുടെ കുഞ്ഞുങ്ങളിലേക്ക് ഈ രോഗം പടരും. പ്രസവ സമയത്ത് വൈറസ് സാന്നിധ്യമുള്ള അമ്മയുടെ രക്തമോ ശരീരസ്രവങ്ങളോ സ്പര്‍ശിച്ചാലും കുഞ്ഞിന് രോഗമുണ്ടാകും.
ടാറ്റൂ കുത്തല്‍, സൂചികൊണ്ടുള്ള മുറിവുകള്‍, അണുബാധയുള്ള രക്തം സ്വീകരിക്കല്‍ എന്നിവയിലൂടെയും ഹെപ്പറ്റൈറ്റിസ് പകരും. ഹെപ്പറ്റൈറ്റിസ് സി വൈറസ് ശരീരത്തില്‍ കടന്നു കഴിഞ്ഞാല്‍ വര്‍ഷങ്ങളോളം ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകില്ല. കരള്‍ ഗുരുതരാവസ്ഥയിലാകുമ്പോഴായിരിക്കും ഹെപ്പറ്റൈറ്റിസ് ആണെന്ന് തിരിച്ചറിയുന്നത്. ഹെപ്പറ്റൈറ്റിസ് ബി ഉണ്ടായവരില്‍ കാണുന്ന ഒരു ഉപരോഗമാണ് ഹെപ്പറ്റൈറ്റിസ് ഡി. ഹെപ്പറ്റൈറ്റിസ് ഡി മാത്രമായി ആരിലും ഉണ്ടാകാറില്ല.
ലക്ഷണങ്ങള്‍
പനി, ക്ഷീണം, വിശപ്പില്ലായ്മ, തലകറക്കം, ഛര്‍ദി, അടിവയറ്റില്‍ വേദന, ഇരുണ്ടനിരത്തിലുള്ള മൂത്രം, വിളറിയ മലം, സന്ധിവേദന, മഞ്ഞപിത്തം എന്നിവയാണ് ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങള്‍. ഏത് വൈറസാണ് രോഗകാരിയെന്ന് കണ്ടെത്താന്‍ പ്രത്യേക പരിശോധന ആവശ്യമാണ്. ശരീരത്തില്‍ എത്രത്തോളം വൈറസ് പിടിമുറുക്കിയിട്ടുണ്ടെന്ന് കണ്ടെത്താന്‍ വൈറല്‍ ലോഡ് ടെസ്റ്റും വേണം.
ലഭ്യമായ ചികില്‍സ
ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകളെ ശരീരത്തില്‍ നിന്ന് തുരത്താന്‍ മരുന്നുകള്‍ ലഭ്യമാണ്. കരള്‍വീക്കം കുറയ്ക്കാന്‍ ഈ മരുന്നുകള്‍ സഹായിക്കും. ഹെപ്പറ്റൈറ്റിസ് ബി ഉള്ള അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് പ്രസവസമയത്ത് തന്നെ നല്‍കാനുള്ള പ്രതിരോധ മരുന്നുമുണ്ട്.ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകള്‍ ഒരു പരിധിക്കപ്പുറത്തേക്ക് സ്വയം കൂടില്ല. ശരിയായ ചികിത്സയിലൂടെ അസുഖം ഭേദപ്പെടും. പക്ഷെ രോഗം ഗുരുതരമാകുന്ന ഘട്ടങ്ങളില്‍ ഉടന്‍ ഐസിയുവില്‍ പ്രവേശിപ്പിക്കണം. നേരത്തെ കരള്‍ രോഗങ്ങള്‍ ഉള്ളവരാണെങ്കില്‍ പ്രശ്‌നം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. സ്ഥിതി വഷളായാല്‍ കരള്‍ മാറ്റിവെക്കേണ്ടി വരും.ഗര്‍ഭിണികളായ സ്ത്രീകളില്‍ ഹെപ്പറ്റൈറ്റിസ് ഇ രോഗം ഗുരുതരമായ പ്രത്യഘാതങ്ങള്‍ക്ക് വഴിവെക്കും. അതുകൊണ്ട് ആ കാലയളവില്‍ അവര്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
പ്രതിരോധം
പൊതുജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന സംവിധാനങ്ങളുടെ ശുചിത്വം വളരെ പ്രധാനമാണ്. മലമൂത്രവിസര്‍ജ്യങ്ങള്‍ ശരിയായവിധം മറവുചെയ്യണം. ശുദ്ധജല വിതരണ കുഴലുകളുമായി ഒരുകാരണവശാലും മലമൂത്ര വിസര്‍ജ്യങ്ങള്‍ ബന്ധത്തില്‍ വരാന്‍ പാടില്ല.ഹെപ്പറ്റൈറ്റിസ് എന്ന വില്ലനെ പ്രതിരോധിക്കാന്‍ സാധാരക്കാരായ നമുക്ക് നല്ല വ്യക്തിശുചിത്വം പാലിക്കാം. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ ധാരാളം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. ശുദ്ധമായ ഇടങ്ങളില്‍ നിന്ന് മാത്രം വെള്ളം കുടിക്കുക.
ഉപയോഗിച്ച ശേഷം സിറിഞ്ചുകളും മറ്റ് വസ്തുക്കളും ശരിയായവിധം ഉപേക്ഷിക്കാന്‍ ആശുപത്രി സംവിധാനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗികള്‍ക്ക് രക്തം നല്‍കുന്നതിന് മുന്‍പ് അതില്‍ അണുബാധയില്ലെന്ന് പരിശോധിച്ച് ഉറപ്പിക്കണം.
പ്രതിരോധ മരുന്ന്
ഹെപ്പറ്റൈറ്റിസ് എ, ബി രോഗങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാണ്. ഒരു വയസ് കഴിഞ്ഞ കുട്ടികള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം. ലൈവ് വാക്‌സിന്‍ ആണെങ്കില്‍ ഒറ്റ ഡോസ് മതിയാകും.വാക്‌സിന്‍ ലഭ്യമായി തുടങ്ങിയ ശേഷം, കുട്ടികളില്‍ ഉണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബാധ വളെരയധികം കുറഞ്ഞിട്ടുള്ളതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 1980 മുതല്‍ 2000 വരെയുള്ള കാലത്ത് അഞ്ച് വയസില്‍ താഴെയുള്ള 5% കുട്ടികളെ ഹെപ്പറ്റൈറ്റിസ് ബാധിച്ചിരുന്നു. 2019 ആയപ്പോഴേക്കും അത് 1% ല്‍ താഴെയാക്കാന്‍ വാക്‌സിനുകള്‍ക്ക് കഴിഞ്ഞു.ഗര്‍ഭിണിയായ സ്ത്രീകള്‍ ഹെപ്പറ്റൈറ്റിസ് ഉണ്ടോയെന്ന് പരിശോധിക്കുന്നത് നല്ലതാണ്. കുട്ടി ജനിച്ചയുടനെ 24 മണിക്കൂറിനുള്ളില്‍ ആദ്യത്തെ ഡോസ് എടുക്കാം.
ഹെപ്പറ്റൈറ്റിസ് ഡി വരാതിരിക്കാനുള്ള ഒരേയൊരു മാര്‍ഗം ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ മാത്രമാണ്. ഹെപ്പറ്റൈറ്റിസ് സി, ഇ വൈറസുകള്‍ക്കെതിരെ ഇതുവരെ വാക്‌സിന്‍ കണ്ടുപിടിച്ചിട്ടില്ല.കൃത്യമായ ഇടവേളകളിലെ പരിശോധന, പ്രതിരോധ കുത്തിവെയ്പ്പ്, എന്നിവയിലൂടെ ഹെപ്പറ്റൈറ്റിസ് കാരണമുണ്ടാകുന്ന വെല്ലുവിളികളെ അതിജീവിക്കാമെന്നും ഡോ. ചാള്‍സ് പനയ്ക്കല്‍ വ്യക്തമാക്കുന്നു.
RELATED STORIES
ഇനി മേലില്‍ ജുഡീഷ്യറിയോട് കളിക്കരുത്: ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ...
15 Jan 2025 11:09 AM GMTസിപിഎം പ്രവര്ത്തകന് അമ്പലത്തിന്‍കാല അശോകന് വധക്കേസ്: എട്ട്...
15 Jan 2025 10:46 AM GMTഅബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും; കേസ് മാറ്റി വച്ചു
15 Jan 2025 10:29 AM GMTഎം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നല്‍കാം; ആശാ ലോറന്‍സ് ...
15 Jan 2025 10:04 AM GMTമാനസിക പീഡനം മൂലം യുവതി മരിച്ച സംഭവം; വനിതാ കമ്മീഷന് കേസെടുത്തു
15 Jan 2025 9:48 AM GMTമരണസര്‍ട്ടിഫിക്കറ്റ് എവിടെ?, നെയാറ്റിന്‍കര ഗോപന്റെ കല്ലറ തുറക്കാമെന്ന് ...
15 Jan 2025 9:40 AM GMT