Health

ചൂടുകാലം കരുതലോടെ.... ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക...

ചൂടുകാലം കരുതലോടെ.... ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക...
X

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് താപനില ഉയരുന്നത്. വരും ദിവസങ്ങളിലും ചൂടിന് ശമനമുണ്ടാവില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ പാലക്കാട്, വെള്ളാനിക്കര, പുനലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയും ചെയ്തിരിക്കുകയാണ്.

സൂര്യാതപമുണ്ടാവാനുള്ള സാധ്യതയുള്ളതിനാല്‍ ജോലി സമയവും പുനക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ വര്‍ഷം മഴ കൂടുതലായിരുന്നതിനാല്‍ ചൂടിന് കുറവുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ വെനല്‍മഴയില്‍ 33 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് ചൂട് കൂടാനുള്ള പ്രധാന കാരണമായി കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.

സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി മികച്ച ചികില്‍സ ഉറപ്പുവരുത്തുന്നതിനായി എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും അവഗണിക്കരുത്. അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലായി ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം അവസ്ഥയിലേക്ക് പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കൃത്യമായ അവബോധവും പരിചരണവും ചികില്‍സയും കൊണ്ട് ഗുരുതരമാവാതെ സംരക്ഷിക്കാന്‍ കഴിയും. അതിനാല്‍, എല്ലാവരും ആരോഗ്യവകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

* ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. വിയര്‍ക്കുന്നതനുസരിച്ച് വെള്ളം കുടിക്കണം.

* ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പുവരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം നല്ലത്.

* യാത്രാ വേളയില്‍ ഒരു കുപ്പി ശുദ്ധജലം കരുതുന്നത് നല്ലത്.

* കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ മറ്റുപല രോഗങ്ങളുമുണ്ടാക്കും.

* നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.

* കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.

* 12 മുതല്‍ മൂന്ന് വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലിസമയം ക്രമീകരിക്കുക.

* പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗം ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

* കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.

* വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോവാതിരിക്കുക.

* ചൂട് പുറത്തുപോവത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടുക.

* ക്ഷീണമോ സൂര്യാഘാതം ഏറ്റതായോ തോന്നിയാല്‍ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം.

* ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.

* വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം.

* ഫാന്‍, എസി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.

* ഫലങ്ങളും സാലഡുകളും കഴിക്കുക.

* ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുക.

* ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയമുണ്ടാവുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികില്‍സ ഉറപ്പുവരുത്തുക.

Next Story

RELATED STORIES

Share it