Home

വീടുകള്‍ക്കും നല്‍കാം മഴക്കാല പരിചരണം

വീടുകള്‍ക്കും നല്‍കാം മഴക്കാല പരിചരണം
X

വേനല്‍ച്ചൂടിന് ആശ്വാസം നല്‍കി പെയ്തിറങ്ങുന്ന മഴ മണ്ണിനേയും, മനസിനേയും ഒരുപോലെ തണുപ്പിക്കുന്നു. എന്നാല്‍ മഴയുടെ ശക്തി കടുത്തു വരുമ്പോള്‍ സന്തോഷം മാറി ആവലാതി നിറഞ്ഞ ദിവസങ്ങളായി മാറും.മഴയില്‍ നിന്ന് രക്ഷ നേടാന്‍ നമുക്ക് വീടുകളില്‍ അഭയം പ്രാപിക്കാം.പക്ഷേ മഴയും വെയിലും മഞ്ഞുമൊക്കെ കൊണ്ട് നില്‍ക്കേണ്ടി വരുന്ന വീടുകള്‍ക്ക് ആര് അഭയം നല്‍കും?

മഴക്കാലത്ത് മനുഷ്യനെ പോലെ വീടുകള്‍ക്കും ഒരല്‍പ്പം പരിചരണം നല്‍കുന്നത് ഏറെക്കാലം വീടുകള്‍ കേടുപാടുകള്‍ കൂടാതെ,ഭംഗി നഷ്ടപ്പെടാതെ നിലനില്‍ക്കാന്‍ സഹായകമാകും.

വീടുകളുടെ മഴക്കാല പരിചരണത്തിനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ

മഴക്കാലം തുടങ്ങും മുന്‍പ് ആദ്യം ഉറപ്പുവരുത്തേണ്ടത് മേല്‍ക്കൂരയില്‍ വിള്ളലുകളില്ലായെന്നതാണ്. കാരണം മഴപെയ്താല്‍ വിള്ളലുകളിലൂടെ വെള്ളം താഴേക്കിറങ്ങാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ അത്തരം വിള്ളലുകള്‍ എല്ലാം ആദ്യം അടച്ചെന്ന് ഉറപ്പാക്കണം. ഒപ്പം മഴവെള്ളം ഇറങ്ങുന്ന പൈപ്പുകളും വെള്ളം ഒഴുകിപ്പോകാന്‍ പാകത്തിലാണോ ഉള്ളതെന്ന കാര്യവും ഉറപ്പാക്കണം. ഫൗണ്ടേഷന്‍ വാളുകളിലെ വിള്ളലുകളും ഇല്ലെന്ന് ഉറപ്പാക്കണം.

കനത്ത മഴ പെയ്യുമ്പോള്‍ തണുപ്പ് വീടിനകത്ത് നില്‍ക്കാനും പിന്നീട് അത് പല അസുഖങ്ങള്‍ക്കും കാരണമാകാനും ഇടയുണ്ട്. അതിനാല്‍ ആവശ്യത്തിന് വെന്റിലേഷന്‍ വീട്ടില്‍ ഉണ്ടെന്ന് ഉറപ്പാക്കണം. നനവും തണുപ്പും ശരീരത്തിന് ഒട്ടും നല്ലതല്ല. അതിനാല്‍ ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

മഴക്കാലത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് ഷോക്കടിച്ചാണ്. അതിനാല്‍ മഴക്കാലത്തിന് മുമ്പ് നിങ്ങളുടെ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണം. വീടിന് പുറത്തുള്ള സ്വിച്ച് ബോര്‍ഡുകള്‍ കവര്‍ ചെയ്യുക, ജനറേറ്റര്‍ റൂം ശരിയായ രീതിയില്‍ തന്നെയാണോ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കുക. ഇതൊക്കെ ഇലക്ട്രീഷ്യന്മാരെ കൊണ്ട് തന്നെ ചെക്ക് ചെയ്ത് ഉറപ്പാക്കാന്‍ നോക്കണം.

മഴക്കാലമായാല്‍ വീട്ടിലെ തുണികളും കാര്‍പ്പറ്റുകളുമെല്ലാം നനഞ്ഞിരിക്കും. നനഞ്ഞ തുണികളും നിലത്തെ കാര്‍പ്പറ്റുകളുമെല്ലാം രോഗം പിടിപൊടാന്‍ കാരണമാകും. ഒപ്പം തുണികളില്‍ നിന്നുള്ള ദുര്‍ഗന്ധം വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുംകയും ചെയ്യും.അതിനാല്‍ കാര്‍പ്പെറ്റുകളും തുണികളും ഈര്‍പ്പം തട്ടാത്ത സ്ഥലങ്ങളില്‍ ക്രമീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണം.

മഴപെയ്താല്‍ ഏറ്റവും പെട്ടെന്ന് നശിക്കുന്നത് വീട്ടിലെ ഫര്‍ണിച്ചറുകള്‍ ആകും. അതിനാല്‍ ഇവ വെള്ളം തട്ടാതെ നോക്കാന്‍ ശ്രദ്ധിക്കണം. അലമാരകളിലും മറ്റും വെള്ളം കടക്കാതിരിക്കാന്‍ നഫ്തലെന്‍ ബോളുകള്‍ ഉപയോഗപ്പെടുത്താം. ഇത് വസ്ത്രങ്ങളിലും മറ്റും ഈര്‍പ്പം തട്ടാതെ സംരക്ഷിക്കാന്‍ സഹായിക്കും.

മഴക്കാലത്ത് വീട്ടില്‍ ഈര്‍പ്പം കൊണ്ടുള്ള ദുര്‍ഗന്ധം പടരാന്‍ ഇടയുണ്ട്. അതുകൊണ്ട് തന്നെ വീട് വൃത്തിയായി സൂക്ഷിക്കണം. വീട്ടില്‍ സുഗന്ധം പരത്തുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. മഴക്കാലത്ത് വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തരുത്. അതേസമയം വാട്ടര്‍പ്രൂഫിങ്ങ് ജോലികള്‍ നടത്താം.

മഴ തുടങ്ങിയാലുള്ള പ്രധാന പ്രശ്‌നങ്ങള്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ വെള്ളം കയറി വിള്ളലുകള്‍ വരാന്‍ സാധ്യത ഉണ്ടെന്നതാണ്. തീര്‍ന്നില്ല, പൈപ്പുകളുടെ ലീക്കേജ്, പവര്‍കട്ട്, വെള്ളം തടസപ്പെടല്‍ ഇതൊക്കെ ഇതിന്റെ ബാക്കി പത്രങ്ങളാണ്. അതേസമയം മഴയ്ക്ക് മുമ്പേ തന്നെ ഇക്കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ ഒരു പരിധിവരെ അപ്പാര്‍ട്ട്‌മെന്റിന് സംഭവിക്കാന്‍ സാധ്യത ഉള്ള കേടുപാടുകള്‍ തടയാം.

ജനറേറ്ററുകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കുക. അതേസമയം അത്തരം പ്രവൃത്തികള്‍ സ്വയം ചെയ്യാതെ ഇലക്ട്രീഷ്യന്മാരെ കൊണ്ട് ചെയ്യിക്കുക.

സ്വിമ്മിങ്ങ് പൂള്‍ വൃത്തിയായി സംരക്ഷിക്കാന്‍ നോക്കണം. പൂളിലെ വെള്ളം മാറ്റാനും വെള്ളത്തിന്റെ ശുദ്ധത പരിശോധിക്കുകയും വേണം.

മഴക്കാലത്ത് അകത്തേക്ക് വെള്ളം കയറാന്‍ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ജനലുകളും വാതിലുകളും അടച്ചിട്ടുണ്ടെന്ന് എപ്പോഴും ഉറപ്പാക്കണം. ഒപ്പം ബാല്‍ക്കണികളും ജനലുകളുടെ ഭാഗങ്ങളും ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിക്കണം. വാതിലുകള്‍ക്ക് അടക്കാനും തുറക്കാനും തടസം.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കണം. എര്‍ത്തിങ്ങ് പ്രോപ്പര്‍ ആണെന്ന് ഉറപ്പാക്കണം. കബോഡുകള്‍ സംരക്ഷിക്കണം. വെള്ളം കടക്കാത്ത രീതിയില്‍ കബോര്‍ഡുകള്‍ സംരക്ഷിക്കണം. വേപ്പിലകള്‍ സൂക്ഷിക്കുന്നത് ഈര്‍പ്പം ഇല്ലാതാക്കാന്‍ സഹായിക്കും.

ഈ കാര്യങ്ങള്‍ ഓര്‍ത്തിരിക്കാം


ആദ്യമായി വീടിന് പരിചരണം വേണ്ട ഏരിയകള്‍ കണ്ടെത്തി മുന്‍ഗണനാ ക്രമത്തില്‍ കുറിപ്പ് തയാറാക്കണം.

മഴവെള്ളം ഒലിച്ച് പുറത്തേക്കു പോകുന്ന രീതിയിലോ മഴക്കുഴികളിലേക്കോ സംഭരണികളിലേക്കോ എളുപ്പത്തില്‍ എത്തുന്ന രീതിയിലോ വീടിന്റെ പരിസരം സെറ്റ് ചെയ്യണം.

വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന മരങ്ങളുടെയും ചെടികളുടെയും കൊമ്പുകളും മറ്റും വെട്ടി വൃത്തിയാക്കണം.

മഴവെള്ള ചാലുകളില്‍ അടിഞ്ഞിരിക്കുന്ന മണ്ണും മാലിന്യ ങ്ങളും നീക്കം ചെയ്യണം.

മണ്‍നിരപ്പിന് താഴെയുള്ള കുടിവെള്ള സംഭരണി, സെപ്റ്റിക് ടാങ്ക് എന്നിവയുടെ മൂടികളിലും വശങ്ങളിലും ഉള്ള വിള്ളലുകള്‍ അടച്ച് മഴവെള്ളം അതിനകത്തേക്ക് കടക്കുന്നത് പൂര്‍ണമായും തടയുക.

വീടിന്റെ അസ്ഥിവാരത്തിനോട് ചേര്‍ന്ന് കാണുന്ന കുഴികള്‍ അടച്ച് മഴവെള്ളം ഭൂമിയിലേക്ക് ഒലിച്ച് ഇറങ്ങുന്നത് പൂര്‍ണമായും തടയുക.

വീടിന്റെ ചുമരിനോട് ചേര്‍ത്തിട്ടിരിക്കുന്ന മണ്ണ്, മണല്‍, മറ്റു മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യണം.

വീടിന്റെ പരിസരത്ത് പായല്‍ പിടിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി ചരലോ ആന്റി സ്‌കിഡ് ടൈലുകളോ വിരിച്ച് വഴുക്കല്‍ ഒഴിവാക്കുക.

മേല്‍ക്കൂരകളില്‍ നിന്നും സണ്‍ഷേഡുകളില്‍ നിന്നും വെള്ളം പുറത്തു പോകുന്ന സംവിധാനങ്ങള്‍ക്കടുത്തുള്ള മാലിന്യങ്ങളും ചെടികളും നീക്കം ചെയ്ത് മേല്‍ക്കൂരയിലെ വെള്ളത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് ഉറപ്പു വരുത്തുക.

മേല്‍ക്കൂരയില്‍ അനാവശ്യമായി കൂട്ടിയിട്ടിരിക്കുന്ന വസ്തുക്കള്‍ മാറ്റുക. മേല്‍ക്കൂരകളിലെ മഴവെള്ളക്കുഴലുകളില്‍ സ്ഥാപിച്ചിരിക്കുന്ന അരിപ്പകള്‍ വൃത്തിയാക്കി വയ്ക്കുക.

മേല്‍ക്കൂരകളിലും ഭിത്തിപ്പുറങ്ങളിലും കാണുന്ന വിള്ളലുകളിലെ മാലിന്യം നീക്കം ചെയ്ത് വിള്ളലുകള്‍ അടയ്ക്കുക.

വീടിന്റെ ടെറസുകളില്‍ കുഴിവുകള്‍ ഉള്ള ഭാഗങ്ങള്‍ വെള്ളം കെട്ടിനില്‍ക്കാതെ സിമന്റോ മറ്റോ ഉപയോഗിച്ച് നികത്തണം.

ബാല്‍ക്കണിയില്‍ വീഴുന്ന വെള്ളം പുറത്തേക്ക് പോകുന്നതിനു വേണ്ടിയുള്ള പൈപ്പ് സംവിധാനങ്ങള്‍ ഒരുക്കുക.

മഴക്കാല വില്ലന്‍മാരായ ഈര്‍പ്പവും പായലും അകറ്റാം

പുറംഭിത്തിയോടു ചേര്‍ന്നുള്ള സ്‌റ്റെയര്‍കെയ്‌സുകളുടെ ഭിത്തിയോട് ചേരുന്ന ഭാഗത്തെ വിള്ളലുകള്‍ അടച്ച് ഭിത്തിയില്‍ ഈര്‍പ്പം കടക്കാതെ സംരക്ഷിക്കുക.

വീടിന്റെ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുള്ള ഭാഗങ്ങളില്‍ ചോര്‍ച്ചയും മറ്റും തടയാനുള്ള സംവിധാനം ഉറപ്പു വരുത്തണം.

വീടിന്റെ വാതിലുകളുടെയും ജനലുകളുടെയും മറ്റു തുറപ്പുകളുടെയും കൊതുകു സംരക്ഷണ വലകള്‍ വൃത്തിയാക്കി വായു സഞ്ചാരം സുഗമമാക്കുക.

വീടിന്റെ ജനല്‍, വാതില്‍ ഉള്‍പ്പെടെയുള്ള ഇരുമ്പു നിര്‍മിതഭാഗങ്ങള്‍ പെയിന്റ് ചെയ്തും ഗ്രീസ് ഉപയോഗിച്ചും സംരക്ഷിക്കുക.

മഴക്കാലത്ത് വായുസഞ്ചാരത്തിനും ഈര്‍പ്പരഹിതമാകാനും വീടിനുള്ളിലെ അലമാരകളുടെയും മറ്റും ഷട്ടറുകള്‍ ഇടയ്ക്കിടയ്ക്ക് തുറന്നു വയ്ക്കണം.

ചുമരില്‍ ഈര്‍പ്പം പിടിക്കുന്ന ഇടങ്ങളില്‍ നിന്ന് വീട്ടിലെ അലമാരകള്‍ തുടങ്ങിയ ഫര്‍ണിച്ചര്‍ മാറ്റി സ്ഥാപിച്ച് ചുമരുകള്‍ക്ക് വായുസഞ്ചാരം ഉറപ്പു വരുത്തുക.

ബേസ്‌മെന്റിന്റെ പൊക്കം വളരെ കുറഞ്ഞ സ്ഥലങ്ങളില്‍ വീടിന് ചുറ്റിലും രണ്ടടി മാറി ചാല് കോരി മഴവെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കേണ്ടതാണ്.

വീടിനോടു ചേര്‍ന്നുള്ള കോണ്‍ക്രീറ്റ്, കരിങ്കല്‍ നിര്‍മിതമായ മണ്ണ് സംരക്ഷണ ഭിത്തികള്‍, മണ്‍തിട്ടകള്‍ എന്നിവയ്ക്കടുത്തു കൂടിയുള്ള മഴവെള്ള ഒഴുക്ക് തടസ്സപ്പെടുത്തുക.

ജീര്‍ണിച്ചിരിക്കുന്ന പഴയ കെട്ടിടഭാഗങ്ങള്‍ മഴക്കാലത്തിന് മുമ്പേ പൊളിച്ച് മാറ്റുന്നതാണ് നല്ലത്.

വീട്ടു പരിസരത്ത് നിന്ന് വെള്ളം കെട്ടി കിടക്കാന്‍ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കാന്‍ മറക്കരുത്.വീടിന്റെ ആരോഗ്യത്തോടൊപ്പം നമ്മുടെ ആരോഗ്യവും സംരക്ഷിക്കേണമെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തേണ്ട കാര്യമില്ലല്ലോ.

Next Story

RELATED STORIES

Share it