Thrissur

ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് യുഎസ് കാംപസുകള്‍; ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്തത് 550ലേറെ പേരെ

ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് യുഎസ് കാംപസുകള്‍; ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്തത് 550ലേറെ പേരെ
X

ന്യൂയോര്‍ക്ക്: ഗസ യുദ്ധത്തിന് ഇസ്രായേലിന് സഹായം ചെയ്യുന്ന വിധത്തില്‍ ആയുധം നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ മുന്‍നിര സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭം വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം വിവിധ സര്‍വകലാശാലകളിലായി 550 ലേറെ പേരെയാണ് അറസ്റ്റ് ചെയ്തത്. ലോകോത്തര സര്‍വകലാശാലകളായ ഹാവഡ്, കൊളംബിയ, യേല്‍, യുസി ബെര്‍ക്ക്‌ലി എന്നിവിടങ്ങളിലെ കാംസുകളിലും മറ്റ് നിരവധി യുഎസ് സര്‍വകലാശാലകളിലുമാണ് ഇസ്രായേലിനെതിരെ വന്‍ പ്രകടനങ്ങള്‍ നടക്കുന്നത്. അറസ്റ്റിന് തയ്യാറാണെന്നും എന്നാല്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്നുമുള്ള ദൃഢനിശ്ചയത്തോടെയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. പ്രകടനങ്ങള്‍ അനധികൃതമാണെന്നും അവ നീക്കം ചെയ്യാന്‍ പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി കോളജ് അധികൃതരുടെ നിര്‍ദേശപ്രകാരം പോലിസ് അറ്റ്‌ലാന്റയിലെ എമോറി യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ക്ക് നേരെ ടേസറുകളും കണ്ണീര്‍ വാതകവും വിന്യസിച്ചതായി പ്രവര്‍ത്തകര്‍ പറയുന്നു. ഓസ്റ്റിനില്‍ കുതിരപ്പുറത്തെത്തിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. എമോറി സര്‍മകലാശാലയില്‍ പ്രഫസറെ നിലത്ത് വീഴ്ത്തുകയും പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഗസയിലെ ഫലസ്തീനികള്‍ക്കൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണെന്ന് വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ പറഞ്ഞു.

ഇസ്രയേലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഗസയിലെ യുദ്ധത്തിന് ആക്കം കൂട്ടുന്ന ആയുധങ്ങളിലുമുള്ള തങ്ങളുടെ നിക്ഷേപം സര്‍വകലാശാലകള്‍ വെട്ടിക്കുറയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതായത് ബ്ലാക്ക് റോക്ക്, ഗൂഗിള്‍, ആമസോണിന്റെ ക്ലൗഡ് സര്‍വീസ്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍, എയര്‍ബിഎന്‍ബി പോലും നടത്തുന്ന ഫണ്ടുകള്‍ കുറയ്ക്കണമെന്നാണ് ആവശ്യം.

പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായ കൊളംബിയ സര്‍വകലാശാലയില്‍ ഇസ്രായേല്‍ ആക്രമണത്തിനെതിരായ പ്രതിഷേധമായി രണ്ടാഴ്ച മുമ്പ് സ്ഥാപിച്ച ടെന്റ് ക്യാംപ്നീക്കം ചെയ്യുന്നതിനെച്ചൊല്ലി സര്‍വകലാശാല ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും തമ്മില്‍ വാഗ്വാദമുണ്ടായി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കോളജ് കാംപസുകളിലെ അനധികൃതമായ 'നഗ്‌നമായ യഹൂദ വിരുദ്ധതയെ' അപലപിക്കുകയും ചെയ്തു. എന്നാല്‍ അമേരിക്കന്‍ സര്‍വകലാശാലകളിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ പ്രസിഡന്റ് പിന്തുണയ്ക്കുന്നതായും വൈറ്റ് ഹൗസ് അറിയിച്ചു. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയനും പ്രതിഷേധക്കാരുടെ അറസ്റ്റിനെ അപലപിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.

Next Story

RELATED STORIES

Share it