Kerala News

ഹാട്രിക് ലക്ഷ്യമിട്ട് പി കെ ബിജു; കോട്ട പിടിക്കാന്‍ രമ്യാ ഹരിദാസ്

തരൂര്‍, ചിറ്റൂര്‍, നെന്‍മാറ, ആലത്തൂര്‍, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട ആലത്തൂര്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലായി പരന്നുകിടക്കുന്നു.

ഹാട്രിക് ലക്ഷ്യമിട്ട് പി കെ ബിജു;    കോട്ട പിടിക്കാന്‍ രമ്യാ ഹരിദാസ്
X
വാശിയേറിയ മല്‍സരമൊന്നും നടക്കാത്ത മണ്ഡലങ്ങളില്‍ ഒന്നാണ് ആലത്തൂര്‍. എല്‍ഡിഎഫിന്റെ ഉറച്ച കോട്ടകളില്‍ ഒന്ന്. 2009ല്‍ മണ്ഡലം രൂപീകരിച്ചത് മുതല്‍ രണ്ട് തവണയും പി കെ ബിജുവാണ് വിജയിച്ചത്. ഇത്തവണ ഹാട്രിക് ലക്ഷ്യമിട്ട് ബിജു ഗോദയിലിറങ്ങിക്കഴിഞ്ഞു.

കേരളത്തില്‍ ആകെ രണ്ട് സംവരണ മണ്ഡലങ്ങളാണുള്ളത്. അതില്‍ ഒന്നാണ് ആലത്തൂര്‍ മണ്ഡലം. പഴയ ഒറ്റപ്പാലം ലോക്‌സഭ മണ്ഡലം പുനര്‍നിര്‍ണയിച്ചാണ് ആലത്തൂര്‍ മണ്ഡലം രൂപീകരിച്ചിട്ടുള്ളത്.



തരൂര്‍, ചിറ്റൂര്‍, നെന്‍മാറ, ആലത്തൂര്‍, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട ആലത്തൂര്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലായി പരന്നുകിടക്കുന്നു. ഏഴ് മണ്ഡലങ്ങളില്‍ ആറും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം ആയിരുന്നു. വടക്കാഞ്ചേരിയില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര വിജയിച്ചത്. അതും വെറും 43 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍.

എസ്എഫ്‌ഐ നേതാവായിരിക്കെ ആണ് ബിജു പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്. 2009 ല്‍ ഇടതുവിരുദ്ധ തരംഗത്തെ അതിജീവിച്ചത് 20,960 വോട്ടുകള്‍ക്കായിരുന്നു ബിജുവിന്റെ വിജയം. 2014 ല്‍ ബിജു ഭൂരിപക്ഷം 37,312 വോട്ടുകളാക്കി ഉയര്‍ത്തി. ബിജെപിയ്ക്ക് കാര്യമായ ഒരു സ്വാധീനവും ഇല്ലാത്ത മണ്ഡലങ്ങളില്‍ ഒന്ന് കൂടിയാണ് ആലത്തൂര്‍. 2009നെ അപേക്ഷിച്ച് 2014 ല്‍ വോട്ട് ശതമാനം മെച്ചപ്പെടുത്താന്‍ ബിജെപിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ജയപരാജയങ്ങളെ നിര്‍ണയിക്കാനുള്ള സ്വാധീനം ബിജെപിക്കില്ല.

പുതുമുഖമായ ഷീബയെ ആയിരുന്നു കഴിഞ്ഞ തവണ ബിജുവിനെതിരെ കോണ്‍ഗ്രസ് പരീക്ഷിച്ചത്. ശക്തമായ പോരാട്ടം മുന്നോട്ട് വയ്ക്കാന്‍ ഷീബയ്ക്ക് സാധിച്ചിരുന്നു. ഇത്തവണ സിപിഎം കോട്ട പിടിക്കാന്‍ വനിതാ നേതാവിനെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ്സ് തീരുമാനം. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യ കോഡിനേറ്ററുമായ രമ്യ ഹരിദാസ് ലോകസഭ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് തീരുമാനമായി. കെപിസിസി അംഗീകരിച്ച് ഡല്‍ഹിയിലേക്ക് കൊണ്ട് പോകുന്ന പട്ടികയില്‍ രമ്യയെ കൂടാതെ മറ്റു രണ്ടു പേരു കൂടിയുണ്ടെങ്കിലും വനിതാ പ്രതിനിധിയെന്ന നിലയില്‍ രമ്യയെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് പാര്‍ട്ടി തീരുമാനം. ഇത് ഹൈക്കമാണ്ട് തത്വത്തില്‍ അംഗീകരിക്കുമെന്നാണ് കണക്കാക്കുന്നത്. രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പേജിലേക്ക് ആലത്തൂരിലേക്ക് സ്വാഗതമരുളി നിരവധി കമന്റ്‌സുകള്‍ ഇതിനകം പ്രത്യക്ഷപെട്ടുകഴിഞ്ഞു. ഇതില്‍ പലതും ആലത്തൂരിലെ കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളുടേതാണ്.

കെ പി സി സി അംഗീകരിച്ച പട്ടികയില്‍ രണ്ട് മണ്ഡലങ്ങളിലേക്കായി മൂന്ന് വനിതകളുടെ പേര് മാത്രമാണ് നല്‍കിയിരിക്കുന്നത് എന്നതിനാല്‍ ആലത്തൂരില്‍ വനിതാ സ്ഥാനാര്‍ഥി തന്നെയെന്ന് തീരമാനമായിരുന്നു. ഇതില്‍ കെ .എ തുളസി മത്സരിക്കാനുള്ള താല്‍പര്യകുറവ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായാണ് വിവരം. ഇതോടെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് കൂടിയായ രമ്യക്ക് ആലത്തൂരിലേക്ക് സാധ്യതയേറി.


തിരഞ്ഞെടുപ്പ് ചരിത്രം

2009ല്‍ പഴയ ഒറ്റപ്പാലം ലോക്‌സഭ മണ്ഡലം പുനര്‍നിര്‍ണയിച്ചാണ് ആലത്തൂര്‍ മണ്ഡലം രൂപീകരിച്ചിട്ടുള്ളത്. 1977ലാണ് ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തിന്റെ പിറവി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെ കുഞ്ഞമ്പു വിജയത്തിന്റെ ഹരിശ്രീ കുറിച്ചു. 1980ല്‍ അന്നത്തെ യുവനേതാവായിരുന്ന എ കെ ബാലനിലൂടെ സിപിഎം മണ്ഡലം പിടിച്ചെടുത്തു. 1984ലാണ് നയതന്ത്രജ്ഞനായ കെ നാരായണന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എത്തുന്നത്. 84ലും 89ലും 91ലും കെ ആര്‍ നാരായണനായിരുന്നു വിജയി. പിന്നെ കെ ആര്‍ നാരായണന്‍ ഉപരാഷ്ട്രപതിയായി. 1993ല്‍ നടന്ന തിരെഞ്ഞടുപ്പില്‍ അന്ന് നിയമവിദ്യാര്‍ഥിയായിരുന്ന എസ് ശിവരാമന്‍ സിപിഎം സ്ഥാനാര്‍ഥിയായി മണ്ഡലം പിടിച്ചെടുത്തു. കെ കെ ബാലകൃഷ്ണനെതിരെ 1,32,652 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു വിജയം. 1996ലും 98, 99, 2004 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സി പി എമ്മിന്റെ എസ് അജയ് കുമാറിനായിരുന്നു വിജയം. ഒറ്റപ്പാലം മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ തവണ വിജയിച്ചത് എസ് അജയ്കുമാറാണ്.

2009ലെ തിരഞ്ഞടുപ്പില്‍ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയമുണ്ടായപ്പോള്‍ തൃത്താല പുതിയ പൊന്നാനി മണ്ഡലത്തിന്റെ ഭാഗമായി. പട്ടാമ്പി മുതല്‍ മലമ്പുഴ വരെയുള്ള മണ്ഡലങ്ങള്‍ പാലക്കാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗവുമായി. കുഴല്‍മന്ദം ( ഇപ്പോഴത്തെ തരൂര്‍), നെന്മാറ (പഴയ കൊല്ലങ്കോട്), ആലത്തൂര്‍, ചിറ്റൂര്‍ മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര മണ്ഡലങ്ങളും ചേര്‍ന്ന് ആലത്തൂര്‍ മണ്ഡലം പിറന്നു. മണ്ഡലം പിറന്ന ശേഷം രണ്ട് തവണ നടന്ന തിരഞ്ഞെടുപ്പിലും സിപിഎമ്മിലെ പി കെ ബിജുവാണ് വെന്നിക്കൊടി പാറിച്ചത്.

2009ല്‍ താരതമ്യേന ചെറിയ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് തോറ്റത്. അതിനാല്‍ ശക്തമായ പോരാട്ടം നടത്തിയാല്‍ ആലത്തൂരില്‍ അത്ഭുതം സംഭവിക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്. എന്‍ഡിഎ യില്‍ കഴിഞ്ഞ തവണ ബി ഡി ജെ എസ് സ്ഥാനാര്‍ഥി 87,803 വോട്ട് നേടിയിരുന്നു. ഇത്തവണയും ബി ഡി ജെ എസിനാണ് സീറ്റെന്നാണ് സൂചന.

Next Story

RELATED STORIES

Share it