Thiruvanandapuram

തീപാറും പോരാട്ടം; തലസ്ഥാനത്ത് മുന്നണികള്‍ ഒപ്പത്തിനൊപ്പം

ഭൂരിപക്ഷവോട്ടുകളും അടിയൊഴുക്കുകളും ഫലത്തെ സ്വാധീനിക്കും

തീപാറും പോരാട്ടം; തലസ്ഥാനത്ത് മുന്നണികള്‍ ഒപ്പത്തിനൊപ്പം
X

തിരുവനന്തപുരം: കൊടുംചൂടിലും തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് രംഗം സജീവമാണ്. സൂര്യാഘാത ഭീഷണിപോലും വകവയ്ക്കാതെ വോട്ടര്‍മാരുടെ മനസ്സ് കീഴടക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ഥികളും അണികളും. കേരളത്തിലെ ഭരണസിരാകേന്ദ്രം ഉള്‍പ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ ഭരണം മുതല്‍ സാമുദായിക സമവാക്യങ്ങള്‍ വരെ വിധിനിര്‍ണയത്തെ സ്വാധീനിക്കും. ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലത്തില്‍ രാഷ്ട്രീയ അടിയൊഴുക്കിനുള്ള സാധ്യതകളും മുന്നണികള്‍ക്ക് വെല്ലുവിളിയാണ്. ശബരിമല വിഷയം പ്രചരണരംഗത്ത് സജീവമായതിനാല്‍ ഇക്കുറി തീപാറും പോരാട്ടത്തിനാണ് തലസ്ഥാനം സാക്ഷിയാവുന്നത്. യുഡിഎഫിനായി ശശി തരൂരും എല്‍ഡിഎഫിനായി സി ദിവാകരനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരനുമാണ് മല്‍സരരംഗത്തുള്ളത്. മൂന്നു മുന്നണികള്‍ക്കും സ്വാധീനമുള്ള മണ്ഡലത്തില്‍ പ്രചരണം രണ്ടാംഘട്ടത്തിലാണ്.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം

ആകെ വോട്ട്: 12,72,748

പോള്‍ ചെയ്തത്: 8,73,441

പോളിങ്: 68.63%

ഭൂരിപക്ഷം: 15,470

ഡോ.ശശി തരൂര്‍ (കോണ്‍ഗ്രസ്): 2,97,806 (34.09%)

ഒ രാജഗോപാല്‍ (ബിജെപി): 2,82,336 (32.32%)

ഡോ.ബെന്നറ്റ് ഏബ്രഹാം (സിപിഐ): 2,48,941 (28.50%)

ശശി തരൂരില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച് ഇക്കുറിയും സീറ്റ് നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. യുവാക്കളും സ്ത്രീകളും ഉള്‍പ്പടെ എല്ലാവിഭാഗം ജനങ്ങളേയും ആകര്‍ഷിക്കുന്ന വ്യക്തിത്വമാണ് തരൂരിനെന്നും നേതാക്കള്‍ പറയുന്നു. മണ്ഡലത്തിലെ വികസനവും ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും തരൂരിന് ഹാട്രിക വിജയം നല്‍കുമെന്നാണ് യുഡിഎഫ് ക്യാംപിന്റെ പ്രതീക്ഷ. വിശ്വപൗരനെന്ന പ്രതിച്ഛായയാണ് സിറ്റിങ് എംപിയായ ശശി തരൂരിനുള്ള അനുകൂലഘടകം. വിഐപി വോട്ടര്‍മാര്‍ ഏറെയുള്ള മണ്ഡലത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ അനുകൂലമാവുമെന്ന പ്രതീക്ഷയും യുഡിഎഫിനുണ്ട്.

അതേസമയം, ദുര്‍ബലമായ കോണ്‍ഗ്രസ് സംഘടനാ സംവിധാനം യുഡിഎഫിന് വെല്ലുവിളി ഉയര്‍ത്തുന്നു. തരൂരിനെ മൂന്നാം തവണയും മല്‍സരിപ്പിക്കുന്നതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ വിമതശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു. യുഡിഎഫിനു ലഭിക്കാനിടയുള്ള വോട്ടുകള്‍ എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും മറിയുമോയെന്ന ആശങ്കയും ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നു. 2004ല്‍ 99,998 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച തരൂരിന് 2014ലെ കടുത്ത ത്രികോണ മല്‍സരത്തില്‍ അതേ മികവ് ആവര്‍ത്തിക്കാനായില്ലെന്നതും വെല്ലുവിളിയാണ്. 2014ല്‍ വോട്ടുചോര്‍ച്ചയിലൂടെ ഭൂരിപക്ഷം 15,470 വോട്ടായി ഇടിഞ്ഞതും കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നുണ്ട്. എന്നാല്‍, മണ്ഡലത്തില്‍ തുടര്‍ച്ചയായ 10 വര്‍ഷത്തെ പ്രവര്‍ത്തനവും സാന്നിധ്യവും സാമുദായിക, സാമൂഹിക വിഭാഗങ്ങള്‍ക്കു സ്വീകാര്യനെന്ന പ്രതിച്ഛായയും തരൂരിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.

ഭൂരിപക്ഷം (ലോക്‌സഭ- 2014)

കഴക്കൂട്ടം- എന്‍ഡിഎ

വട്ടിയൂര്‍ക്കാവ്- എന്‍ഡിഎ

തിരുവനന്തപുരം- എന്‍ഡിഎ

നേമം- എന്‍ഡിഎ

പാറശാല- യുഡിഎഫ്

കോവളം- യുഡിഎഫ്

നെയ്യാറ്റിന്‍കര- യുഡിഎഫ്

കഴിഞ്ഞതവണ ബിജെപിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായ നാണക്കേടില്‍ നിന്നും കരകയറാന്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് നീങ്ങുന്നത്. ബെന്നറ്റ് ഏബ്രഹാമിനെ കെട്ടിയിറക്കി വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ സിപിഐക്ക് വലിയ ആക്ഷേപങ്ങളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം കേള്‍ക്കേണ്ടിവന്നത്. വിജയത്തിലൂടെ ഇതിനൊരു പരിഹാരം തേടിയാണ് സിറ്റിങ് എംഎല്‍എയായ സി ദിവാകരനെ സിപിഐ ഇക്കുറി അങ്കത്തിനിറക്കിയത്. തലസ്ഥാനത്തിന്റെ സ്പന്ദനം നന്നായി അറിയാവുന്ന ഇടതു നേതാക്കളിലൊരാളാണ് ദിവാകരന്‍.

മണ്ഡലത്തിലെ വലിയൊരു വിഭാഗം സ്ഥാനാര്‍ഥികളും ഇടത് അനുകൂല സര്‍വീസ്, ട്രേഡ് യൂനിയന്‍ സംഘടനകളുടെ ഭാഗമാണെന്നത് എല്‍ഡിഎഫിന് ആശ്വാസം പകരുന്നുണ്ട്. എല്‍ഡിഎഫിന്റെ രാഷ്ട്രീയ വോട്ടുകളെല്ലാം പെട്ടിയില്‍ വീഴുമെന്ന വിശ്വാസവും നേതാക്കള്‍ക്കുണ്ട്. തരൂരിന്റെയും കുമ്മനത്തിന്റെയും വോട്ടുകള്‍ ചിതറുമ്പോള്‍ എല്‍ഡിഎഫിന്റെ വോട്ടുകള്‍ ദിവാകരനില്‍ ഭദ്രമായിരിക്കുമെന്നാണ് ഇവരുടെ വിശ്വാസം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായതിന്റെ നാണക്കേടില്‍ നിന്നും ഇനിയും എല്‍ഡിഎഫിന് കരകയറാനായിട്ടില്ല. ത്രികോണ മല്‍സരമായതിനാല്‍ നിഷ്പക്ഷ വോട്ടര്‍മാര്‍ ആരെ അനുകൂലിക്കുമെന്നതും വെല്ലുവിളിയാണ്.

ഭൂരിപക്ഷം (നിയമസഭ- 2016)

കഴക്കൂട്ടം- എല്‍ഡിഎഫ്

വട്ടിയൂര്‍ക്കാവ്- യുഡിഎഫ്

തിരുവനന്തപുരം- യുഡിഎഫ്

നേമം- എന്‍ഡിഎ

പാറശാല- എല്‍ഡിഎഫ്

കോവളം- യുഡിഎഫ്

നെയ്യാറ്റിന്‍കര- എല്‍ഡിഎഫ്

മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരന്‍ മല്‍സരിക്കാനെത്തിയതോടെ ബിജെപി ക്യാംപും ആഹ്ലാദത്തിലാണ്. കഴിഞ്ഞ തവണ ഒന്നാം സ്ഥാനത്തെത്തിയ 600 ബൂത്തുകളിലെ വോട്ട് വര്‍ധിപ്പിച്ചും ഏറെ പിന്നിലായ 200 ബൂത്തുകളില്‍ പ്രത്യേക ശ്രദ്ധ കൊടുത്തും ഒ രാജഗോപാലിനു കൈവിട്ട ജയം ഇത്തവണ നേടാമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍, ഒ രാജഗോപാലിനുണ്ടായിരുന്ന പ്രതിച്ഛായ കുമ്മനത്തിന് ഇല്ലാത്തത് ബിജെപിക്ക് തിരിച്ചടിയാവുമെന്നതില്‍ സംശയമില്ല. വോട്ടിങ് ശതമാനം ഉയര്‍ത്തിയെങ്കിലും വിജയിക്കാന്‍ വേണ്ട വോട്ട് സമാഹരിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് ചരിത്രം. ഒ രാജഗോപാലിനു ബിജെപിക്കു പുറത്തുനിന്നുള്ള വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും ആകര്‍ഷിക്കാന്‍ കഴിഞ്ഞുവെങ്കില്‍ തീവ്രഹിന്ദുത്വ നിലപാടുകളോടു ചേര്‍ന്നുനില്‍ക്കുന്ന കുമ്മനത്തിന് അതിനു സാധിക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

1980 തൊട്ടുള്ള 11 തിരഞ്ഞെടുപ്പില്‍ എട്ടിലും കോണ്‍ഗ്രസിനൊപ്പമാണ് തിരുവനന്തപുരം മണ്ഡലം നിലയുറപ്പിച്ചത്. 3 തവണ എല്‍ഡിഎഫിനും അവസരം നല്‍കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നു നിയമസഭാ മണ്ഡലങ്ങളില്‍ വീതം എല്‍ഡിഎഫും യുഡിഎഫും വിജയിച്ചപ്പോള്‍ നേമം മണ്ഡലത്തില്‍ ബിജെപി അക്കൗണ്ട് തുറന്നു. ഭരണസിരാകേന്ദ്രമെന്ന നിലയില്‍ സര്‍ക്കാരിന്റെ ഭരണത്തിനുള്ള മറുപടിയാവും വോട്ടിങിലും പ്രതിഫലിക്കുക. ശബരിമല വിവാദവും തീരദേശമേഖല ഉള്‍പ്പെടുന്ന മണ്ഡലമായതിനാല്‍ ഓഖി, പ്രളയം തുടങ്ങിയ ദുരന്തങ്ങളുമെല്ലാം വിധി നിര്‍ണയത്തെ സ്വാധിനിക്കുമെന്നതിലും സംശയമില്ല.

Next Story

RELATED STORIES

Share it