Flash News

മുസ്്‌ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന ഹരജി തള്ളി

മുസ്്‌ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന ഹരജി തള്ളി
X


കൊച്ചി: മുസ്്‌ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടന നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ശബരിമല വിഷയവുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ലെന്നും പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട ഒരു മുസ്്‌ലിം സ്ത്രീ പോലും പരാതി നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി കോടതി തള്ളിയത്.

മുസ്്‌ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥ് ആണ് ഹരജി സമര്‍പ്പിച്ചത്. ഭരണഘടന വിഭാവനം ചെയ്യുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനും തുല്യതയ്ക്കുള്ള അവകാശത്തിനും എതിരാണിതെന്ന് ഹരജിയില്‍ ആരോപിക്കുന്നു.

മക്കയില്‍ പ്രാര്‍ഥന നടത്താന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് തടസ്സമില്ലെന്നു ഹരജിക്കാരന്‍ പറയുന്നു. ഒരു വ്യക്തിയുടെ വസ്ത്രധാരണം അയാളുടെ അന്തസ്സുമായി ബന്ധപ്പെട്ടതാണ്. പക്ഷേ, സാമൂഹികവിരുദ്ധ ശക്തികളും ക്രിമിനലുകളും ദുരുപയോഗം ചെയ്യുന്നതിനാല്‍ പര്‍ദ സാമൂഹിക സുരക്ഷയ്ക്കു ഭീഷണിയാണ്. പര്‍ദ നിര്‍ബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനും സാമൂഹിക സുരക്ഷയ്ക്കും എതിരാണ്. വ്യക്തിസ്വാതന്ത്ര്യത്തെയും സാമൂഹിക സുരക്ഷയെയും അടിച്ചമര്‍ത്തുന്നത് ആധുനിക നാഗരികതയ്ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹരജിക്കാരന്‍ പറഞ്ഞു.

മസ്ജിദുകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് ഉത്തരവിറക്കാന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി തീര്‍പ്പാവും വരെ മസ്ജിദുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാന്‍ വഖ്ഫ് ബോര്‍ഡിനു നിര്‍ദേശം നല്‍കണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിരുന്നു.

എന്നാല്‍, ഹരജി അപ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തള്ളിയത്.
Next Story

RELATED STORIES

Share it