ബിജെപി കണ്ണുരുട്ടി; നോട്ടുനിരോധനം വളര്‍ച്ചയുണ്ടാക്കിയെന്ന് മലക്കംമറിഞ്ഞ് കാര്‍ഷിക മന്ത്രാലയം

ബിജെപി നേതാക്കള്‍ കണ്ണുരുട്ടിയതോടെ നോട്ടുനിരോധനം രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ത്തെറിഞ്ഞെന്ന റിപോര്‍ട്ട് കാര്‍ഷിക മന്ത്രാലയം തിരുത്തി.

ബിജെപി കണ്ണുരുട്ടി; നോട്ടുനിരോധനം വളര്‍ച്ചയുണ്ടാക്കിയെന്ന് മലക്കംമറിഞ്ഞ് കാര്‍ഷിക മന്ത്രാലയം
X

ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ കണ്ണുരുട്ടിയതോടെ നോട്ടുനിരോധനം രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ത്തെറിഞ്ഞെന്ന റിപോര്‍ട്ട് കാര്‍ഷിക മന്ത്രാലയം തിരുത്തി. നോട്ടുനിരോധാനത്തിന്റെ രണ്ടാംവാര്‍ഷികത്തിനു ശേഷം പാര്‍ലമെന്ററി പാനലിന് കാര്‍ഷിക മന്ത്രാലയം നല്‍കിയ റിപോര്‍ട്ട് തിരുത്തിയെന്നു മാത്രമല്ല,

നോട്ടുനിരോധനത്തിനുശേഷം കാര്‍ഷിക മേഖലയില്‍ വന്‍ വളര്‍ച്ചയുണ്ടായെന്നും എഴുതിച്ചേര്‍ത്തു.

വിത്തിന്റെ ഗുണനിലവാരം, മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് റാബി വിളകള്‍ക്കും ഉല്‍പാദനത്തിനും കിട്ടിയ മികച്ച ശ്രദ്ധ എന്നിവയുണ്ടായെന്നും ഇതോടെ നോട്ടുനിരോധനം കാര്‍ഷിക മേഖലയില്‍ മോശം പ്രഭാവം ഉണ്ടാക്കിയിട്ടില്ലെന്നുമാണ് കാര്‍ഷിക മന്ത്രാലയത്തിന്റെ പുതിയ നിലപാട്. നോട്ടുനിരോധനം കര്‍ഷകരേയും ഭൂവുടമകളേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയെന്നായിരുന്നു ആദ്യ റിപോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ശൈത്യകാലത്തേക്കുള്ള വിളവിനായി ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് വിത്തും വളവും വാങ്ങാന്‍ പണമില്ലാത്ത അവസ്ഥയുണ്ടായി. കര്‍ഷകര്‍ക്ക് ദിവസക്കൂലി നല്‍കാനും കൃഷിക്കായി വിത്തുകള്‍ വാങ്ങാനും പണമില്ലാതെ വലിയ ഭൂവുടമകള്‍ പോലും ബുദ്ധിമുട്ടി. ഇന്ത്യയിലെ 263 മില്യണ്‍ കര്‍ഷകരും പണം അടിസ്ഥാനമായുള്ള സമ്പദ് വ്യവസ്ഥയെയാണ് കൂടുതലായി ആശ്രയിക്കുന്നത്. കര്‍ഷകര്‍ ഖാരിഫ് വിളകള്‍ വില്‍ക്കുകയോ റാബി വിളകള്‍ വിതയ്ക്കുകയോ ചെയ്യുന്ന സമയത്താണ് ഇത് സംഭവിച്ചതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

പണത്തിന്റെ അഭാവം കാരണം ദേശീയ വിത്തു കോര്‍പ്പറേഷന് 1.38 ലക്ഷം ക്വിന്റല്‍ ഗോതമ്പു വിത്ത് വില്‍ക്കാന്‍ കഴിഞ്ഞില്ല. ഗോതമ്പ് പ്രധാന റാബി വിളയാണ്. ഇന്ത്യയില്‍ 300 ലക്ഷം ഹെക്ടറോളം ഗോതമ്പു കൃഷിയുണ്ട്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങാനായി പഴയ കറന്‍സി ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടും ഗോതമ്പു വിത്ത് വിപണനം മെച്ചപ്പെട്ടില്ലെന്നും കാര്‍ഷിക മന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, മോദി സര്‍ക്കാര്‍ വന്‍ നേട്ടമായി ചൂണ്ടിക്കാട്ടിയ നോട്ടുനിരോധനത്തിന്റെ ഉള്ളറകള്‍ തുറന്നുകാട്ടിയ കാര്‍ഷികര മന്ത്രാലയത്തിന്റെ റിപോര്‍ട്ട് പുറത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. മൂന്നു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും റിപോര്‍ട്ട് ചര്‍ച്ചയാവുന്നത് കേന്ദ്രസര്‍ക്കാരിനു വലിയ തിരിച്ചടിയാവുമെന്നു വിലയിരുത്തിയ ബിജെപി നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനൊടുവിലാണ് റിപോര്‍ട്ടില്‍ കൃത്രിമം കാട്ടി നോട്ടുനിരോധനത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്.

Next Story

RELATED STORIES

Share it