Nature

സമ്മിശ്ര കൃഷിയില്‍ നേട്ടം കൊയ്ത് അബ്ദുൽ ഹഖ്

വാഴ കൃഷിക്കൊപ്പം വെണ്ടയും കപ്പയും കൃഷി ചെയ്ത് ഇരട്ടിയിലേറെ നേട്ടമാണ് ഹഖ് കൈവരിച്ചത്.

സമ്മിശ്ര കൃഷിയില്‍ നേട്ടം കൊയ്ത് അബ്ദുൽ ഹഖ്
X

തൃശൂർ: കാർഷിക വൃത്തി നഷ്ടത്തിലാണെന്ന് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും അഭിപ്രായമുയരുമ്പോൾ, അത്തരം കാഴ്ച്ചപ്പാടുകളെ കളകളെപ്പോലെ വേരോടെ പിഴുതെറിയുന്ന കാഴ്ച്ചയാണ് തൃശൂർ ജില്ലയിലെ കൊച്ചുകടവിൽ പ്ലാക്കല്‍ അബ്ദുൽ ഹഖിന്റെ കൃഷിയിടത്തിൽ നിന്ന് കാണുവാൻ സാധിക്കുന്നത്. സമ്മിശ്ര കൃഷി രീതിയിലൂടെ നേട്ടം കൊയ്ത് ഹഖ് ഇടംപിടിച്ചിരിക്കുന്നത് ചെറുകിട കർഷകരുടെ ഹൃദയങ്ങളിലാണ്.

തന്റെ പുരയിടമാകെ ചെടികളാലും മരങ്ങളാലും ഹരിതാഭമാക്കിയിട്ടുള്ള ഈ കർഷകന്റെ ഒന്നരയേക്കർ പാടത്താണ് സമ്മിശ്ര കൃഷിയിലൂടെ ചെറുകിട കർഷകർക്ക് ആവേശം പുത്തനാവേശം പകർന്നിരിക്കുന്നത്. വാഴ കൃഷിക്കൊപ്പം വെണ്ടയും കപ്പയും കൃഷി ചെയ്ത് ഇരട്ടിയിലേറെ നേട്ടമാണ് ഹഖ് കൈവരിച്ചത്.

കൃഷി നഷ്ടമാണെന്ന് പറയുന്നവരോട് ഇങ്ങനെ ചെയ്താല്‍ ഒരിക്കലും നഷ്ടം വരില്ലെന്നദ്ദേഹം തറപ്പിച്ച് പറയുന്നു. വാഴക്കന്ന് വെക്കുമ്പോള്‍ തന്നെ കപ്പയും വെണ്ടയും കൃഷി ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയാണ് സമ്മിശ്ര കൃഷി ആരംഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ചെടികളുടെ വളര്‍ച്ചക്ക് അത്യാവശ്യമായ നൈട്രജന്‍ ലഭിക്കുന്നതിന് അടിവളമായി ചാണകം ചേര്‍ക്കാറാണ് പതിവ്. വെണ്ടയും കപ്പയും വാഴയും വളരുന്നതിനൊപ്പം യൂറിയയും പൊട്ടാഷും ചേര്‍ത്തുകൊടുക്കാറുമുണ്ട്. കീടബാധക്ക് ജൈവ കീടനാശിനിയാണ് ഹഖ് ഉയോഗിക്കുന്നത്.

വെണ്ടയില്‍ പൂവിട്ട് കായ് പാകത്തിനാകുന്നതോടെ ഒന്നിടവിട്ട ദിവസങ്ങളില്‍ വെണ്ടക്ക വിളവെടുക്കാം. വിപണിയില്‍ 35 രൂപക്ക് വെണ്ടക്ക വില്‍ക്കാനാകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒരു തവണത്തെ വിളവെടുപ്പ് ശരാശരി 2000 രൂപക്കുണ്ടാകും. ഇദ്ദേഹം വിളവെടുപ്പ് തുടങ്ങിയിട്ട് രണ്ട് മാസമായി. ഇതുവരെ 60000 ത്തോളം രൂപയുടെ വെണ്ടക്ക വിറ്റിട്ടുണ്ട്. ചിലവഴിച്ചിട്ടുള്ളത് വിത്തിനും വളത്തിനും ജൈവ കീടനാശിനികള്‍ക്കും മറ്റുമായി 15000 ത്തോളം രൂപയാണ്.

എട്ട് മാസത്തോളം വെണ്ടയിൽ നിന്ന് വിളവെടുപ്പ് നടത്താനാകും. ജിനിയെന്ന അത്യുത്പാദന ശേഷിയുള്ള വിത്താണ് കൃഷിക്ക് ഉപയോ​ഗിക്കുന്നത്. വെണ്ടക്കിട്ട വളം മരച്ചീനിക്കും വാഴക്കും കൂടി ഗുണം ചെയ്യും. കൃഷി നഷ്ടമെന്ന് പറയാന്‍ ഇദ്ദേഹം തയ്യാറല്ല. കാരണം ഇദ്ദേഹത്തിന് 2018 ലെ പ്രളയത്തിലല്ലാതെ കൃഷിയിൽ നഷ്ടമുണ്ടായിട്ടില്ല. ഇതുപോലെ സമ്മിശ്ര കൃഷിയിലൂടെ നേട്ടങ്ങള്‍ കൊയ്യാനാണ് മറ്റ് കര്‍ഷകരോട് ഇദ്ദേഹം പറയുന്നത്.

Next Story

RELATED STORIES

Share it