Nature

കർഷകർക്ക് കടബാധ്യതയിൽ ഇളവ് ലഭിക്കാനുള്ള അവസരം സർക്കാർ നിഷേധിക്കുന്നു

കർഷകർക്ക് അവരുടെ ബാധ്യതയും ബാങ്കുകളിൽ നിന്നുള്ള ജപ്തിയും ഒഴിവാക്കാൻ കടാശ്വാസ കമ്മിഷനെ സമീപിക്കാമെന്ന ഉത്തരവ് ഓരോ സാമ്പത്തിക വർഷവും സർക്കാർ ഇറക്കണമെന്നതാണ് പതിവ്.

കർഷകർക്ക് കടബാധ്യതയിൽ ഇളവ് ലഭിക്കാനുള്ള അവസരം സർക്കാർ നിഷേധിക്കുന്നു
X

പ്രളയവും കൊവിഡും കാരണം പ്രതിസന്ധിയിലായ കർഷകർക്ക് കടബാധ്യതയിൽ ഇളവ് ലഭിക്കാനുള്ള അവസരം സർക്കാർ തന്നെ നിഷേധിക്കുന്നു. ഇടതുപക്ഷം ഭരിക്കുമ്പോഴൊക്കെ കൃഷി വകുപ്പ് ഭരിക്കുന്നത് സിപിഐ ആണ്. പ്രത്യക്ഷത്തിൽ കർഷകർക്കൊപ്പമാണെന്ന പ്രതീതി സൃഷ്ടിക്കുകയും അതേസമയം പ്രവർത്തനങ്ങളൊക്കെയും നേരെ വിപരീതമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കർഷക കടബാധ്യതയോട് മുഖം തിരിഞ്ഞു നിൽക്കുന്ന കൃഷി വകുപ്പും മന്ത്രിയും.

കർഷകർക്ക് അവരുടെ ബാധ്യതയും ബാങ്കുകളിൽ നിന്നുള്ള ജപ്തിയും ഒഴിവാക്കാൻ കടാശ്വാസ കമ്മിഷനെ സമീപിക്കാമെന്ന ഉത്തരവ് ഓരോ സാമ്പത്തിക വർഷവും സർക്കാർ ഇറക്കണമെന്നതാണ് പതിവ്. എന്നാൽ കേരളത്തിൽ രണ്ട് വർഷമായി അങ്ങിനെയൊരു പതിവ് ഇല്ലാതാനും. വായ്പ തിരിച്ചടയ്ക്കാനാവാതെ കടക്കെണിയിലായി പലരും ജീവനൊടുക്കിയിട്ടും കമ്മിഷനെ സമീപിക്കാനുള്ള ഉത്തരവ് സർക്കാർ ഇറക്കുന്നില്ല. 2020ലാണ് അവസാനമായി ഉത്തരവ് ഇറക്കിയത്. കമ്മിഷൻ ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞു മാറുകയാണ്.

കമ്മിഷൻ ഇളവ് ചെയ്യുന്ന തുക, കർഷകരുടെ ഭാരം കുറയ്ക്കുമെങ്കിലും, ആ തുക സർക്കാരാണ് ബഡ്ജറ്റിൽ നിന്ന് ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകേണ്ടത്. സർക്കാർ ഒഴിഞ്ഞുമാറാൻ കാരണവും ഇതാണ്. ഇക്കുറി ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുമില്ല. നേരത്തേ കമ്മിഷൻ വിധിച്ച തുകയുടെ നാലിലൊന്നുപോലും കൈമാറിയിട്ടുമില്ല.

2020 മാർച്ച് 31ന് ഇറങ്ങിയ ഉത്തരവ് പ്രകാരം ഒരു ലക്ഷത്തിലേറെ പേരാണ് അപേക്ഷിച്ചത്. അതിൽ 85,000 അപേക്ഷകൾ കൊവിഡ് നിയന്ത്രണങ്ങൾ കാരണം കമ്മിഷന് പരിഗണിക്കാനായിട്ടില്ല. ഇടുക്കിയിലാണ് ഏറ്റവുമധികം അപേക്ഷകർ. കാൽലക്ഷത്തോളം പേർ. അടുത്തമാസം പൈനാവിലാണ് ഇടുക്കിയിലെ സിറ്റിങ്. ഓൺ ലൈൻ സിറ്റിങ്ങുകൾ തുടരുകയാണെങ്കിലും വർഷാന്ത്യ കണക്കെടുപ്പിന്റെ തിരക്കിലായ ബാങ്കുകൾ സഹകരിക്കുന്നില്ല. കടാശ്വാസ കമ്മിഷൻ തീർപ്പ് കല്പിച്ച തുക സർക്കാരിൽ നിന്ന് കിട്ടാത്തതും ഒരു കാരണമാണ്.

കടാശ്വാസ കമ്മിഷൻ അനുവദിക്കുന്ന തുക സഹകരണ രജിസ്ട്രാർ അംഗീകരിച്ചാൽ ബഡ്‌ജറ്റ് വിഹിതത്തിൽ നിന്നാണ് അനുവദിക്കുന്നത്. കമ്മിഷൻ ശുപാർശ ചെയ്ത 131.68 കോടി രൂപയിൽ നാലിലൊന്നു പോലും സഹകരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടില്ല. 2007ലെ കർഷക കടാശ്വാസ കമ്മിഷൻ ആക്ട് പ്രകാരം സർക്കാർ രൂപീകരിച്ചതാണ് കമ്മിഷൻ. അഞ്ചു വർഷത്തിനിടെ ഉണ്ടായ പ്രകൃതി ക്ഷോഭങ്ങളും കെടുതികളും കടബാധ്യതയും ആത്മഹത്യകളും കർഷകരെ ദോഷകരമായി ബാധിച്ച മറ്റു പ്രശ്നങ്ങളും കമ്മിഷന് പരിഗണിക്കാം.

മുതലും പലിശയുമായി അരലക്ഷം രൂപയുടെ വായ്പ കുടിശികയുള്ള കർഷകന് 37,500 രൂപ ഇളവ് ലഭിക്കും. 12,500 രൂപ അടച്ചാൽ മതി. വായ്പാത്തുക എത്ര ഉയർന്നതാണെങ്കിലും യുക്തമായ ഇളവ് ലഭിക്കും വീട് അറ്റകുറ്റപ്പണി വായ്പയും പരിഗണിക്കുമെങ്കിലും നാമമാത്രമായ തുകയേ അനുവദിക്കൂ. നിലവിലെ കമ്മിഷൻ അധികാരമേറ്റപ്പോൾ തന്നെ പ്രളയം, ഉരുൾപൊട്ടൽ, കൊവിഡ് എന്നിവ പരിഗണിച്ച് അപേക്ഷിക്കാൻ ശുപാർശ സമർപ്പിച്ചതാണ്. ഇതുവരെ സർക്കാർ ഉത്തരവിറക്കിയില്ല എന്നതാണ് യാഥാർത്ഥ്യം.

Next Story

RELATED STORIES

Share it