News

കൊവിഡ്: ജില്ലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

കൊവിഡ്: ജില്ലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
X

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ആശുപത്രികളിലെ ഓക്‌സിജന്‍ വിതരണവും ഏകോപനവും പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ഓക്‌സിന്‍ സപ്ലൈയും ആവശ്യകതയും ഈ കമ്മിറ്റി നിരന്തരം നിരീക്ഷിക്കും. ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം ഗുരുതര സാഹചര്യങ്ങളുണ്ടാകാതിരിക്കാനായി ജില്ലയിലെ എല്ലാ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളേയും തൊട്ടടുത്ത കൊവിഡ് ആശുപത്രിയുമായി ബന്ധിപ്പിച്ച് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കും. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി നെടുമങ്ങാട് സബ് കലക്ടര്‍ നോഡല്‍ ഓഫിസറായി ലേബര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

കൊല്ലം ജില്ലയില്‍ കൊവിഡ് മാനദണ്ഡം ലംഘിക്കുന്നതില്‍ വീഴ്ചവരുത്തുന്ന വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം താത്കാലികമായി പുനക്രമീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ 40 വയസിനും 60 വയസിനും ഇടയിലുള്ള ആളുകളില്‍ കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കോട്ടയം ജില്ലയില്‍ വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് രക്തത്തിലെ ഓക്‌സിജന്‍ നില പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനും പ്രാദേശികമായി ഓക്‌സിജന്‍ പാര്‍ലറുകള്‍ ആരംഭിക്കുകയാണ്. സംസ്ഥാനത്തെ തന്നെ ആദ്യത്തെ പാര്‍ലര്‍ മണര്‍കാട് സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലെ സി.എഫ്.എല്‍.ടി.സിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.കൊവിഡ് ബാധിതരില്‍ ഭൂരിഭാഗം പേരും വീടുകളില്‍ കഴിയുന്ന സാഹചര്യം പരിഗണിച്ചാണ് പ്രാദേശിക തലത്തില്‍ പാര്‍ലറുകള്‍ ഒരുക്കുന്നത്. ഓക്‌സിജന്‍ നിലയില്‍ പെട്ടെന്ന് വ്യതിയാനമുണ്ടായാല്‍ ചികിത്സ ലഭിക്കാന്‍ താമസമുണ്ടായേക്കുമെന്ന ആശങ്ക അകറ്റാനും ഇത് ഉപകരിക്കും.സ്വകാര്യ വ്യവസായ ശാലകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ശേഖരിക്കുന്ന നടപടികള്‍ ജില്ലയില്‍ സജീവമായി നടന്നുവരുന്നു. ഇന്ന് ഉച്ചവരെ 146 സിലിന്‍ഡറുകള്‍ ശേഖരിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ വിവിധ വ്യവസായ കേന്ദ്രങ്ങളിലായുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ ചികിത്സാ ആവശ്യത്തിനായി സജ്ജമാക്കും.

തൃശൂരില്‍ താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ സൗകര്യം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്. ഓക്‌സിജന്‍ ആവശ്യമായി വരുന്ന രോഗികളുടെ എണ്ണം എത്രയെന്ന് പഠിക്കുന്നതിനും ഒരുക്കങ്ങള്‍ നടത്തുന്നതിനുമായി ജില്ലാ വികസന സമിതി ഓഫിസറുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചു. അടിയന്തര ഘട്ടത്തില്‍ ജില്ലയിലെ ആയുര്‍വേദ ആശുപത്രികള്‍ കൊവിഡ് കെയര്‍ സെന്റര്‍ ആക്കുന്നതിനുള്ള സാഹചര്യവും ഒരുക്കിയിട്ടുണ്ട്.

പാലക്കാട് ജില്ലയില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും വീടുകളില്‍ താമസിക്കാന്‍ സൗകര്യം ഇല്ലാത്തതും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരുമായ കൊവിഡ് രോഗികള്‍ക്കുള്ള 10 ഡൊമിസിലറി കെയര്‍ സെന്ററുകളിലായി 780 ബെഡുകളാണ് സജ്ജമാക്കിയിട്ടുള്ളത് അതില്‍ 34 പേര്‍ ചികില്‍സയിലുണ്ട്.

മലപ്പുറം ജില്ലയില്‍ കൊവിഡ് ആശുപത്രികളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തി മരുന്നുകളുടെ ലഭ്യതയും ഓക്‌സിജന് ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.

കോഴിക്കോടു ജില്ലയില്‍ 75000 രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറുപ്പുവരുത്താന്‍ വാര്‍ഡുകളില്‍ 20 പേര്‍ അടങ്ങിയ സന്നദ്ധ സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി. പോലിസിന്റെ സ്‌ക്വാഡുകള്‍ വാഹന പരിശോധനയും വ്യാപകമാക്കിയിട്ടുണ്ട്.

വയനാട് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. അതനുസരിച്ച് ഒരു വാര്‍ഡില്‍ 10 അല്ലെങ്കില്‍ അതിലധികം വീടുകളില്‍ കൊവിഡ് ബാധയുണ്ടായാല്‍ പ്രസ്തുത വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കും. ഒരു തദ്ദേശ സ്ഥാപനത്തിലെ പകുതിയില്‍ അധികം വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റായാല്‍ ആ തദ്ദേശ സ്ഥാപനം പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് മേഖലയായി പ്രഖ്യാപിക്കും.

കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ കൊവിഡ് ചികില്‍സാ കേന്ദ്രങ്ങളിലെയും ഓക്‌സിജന്‍ സപ്പോര്‍ട്ട് ആവശ്യമായ രോഗികള്‍ക്ക് അത് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ഓക്‌സിജന്‍ മാനേജ്‌മെന്റിന് പ്രത്യേക പദ്ധതി തയ്യാറാക്കും. ഹോം ഐസൊലേഷന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കൊവിഡ് ബാധിതര്‍ അതത് മെഡിക്കല്‍ ഓഫിസറുമായി ബന്ധപ്പെട്ട ശേഷം അവരുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമേ ആശുപത്രികളിലേക്ക് ചികില്‍സ തേടിപ്പോകാവൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രികളിലെ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനും അനാവശ്യമായ തിരക്ക് ഒഴിവാക്കാനുമാണിത്. വിവിധ ആശുപത്രികളിലെ കൊവിഡ് രോഗികളുടെ പ്രവേശനം ഏകോപിപ്പിക്കുന്നതിന് ഒരു നോഡല്‍ ഓഫീസറെ നിയോഗിക്കും. ഇതോടൊപ്പം കണ്‍ട്രോള്‍ള്‍ റൂം സംവിധാനവും ഉണ്ടാകും.

കാസര്‍കോഡ് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. . 50 ലക്ഷം രൂപയും ഭൂമിയും ജില്ലാ പഞ്ചായത്ത് അനുവദിക്കും. കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന 17 പോയിന്റുകളിലൂടെ കടന്നു വരുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുവെന്നും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും ഉറപ്പു വരുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കും.



Next Story

RELATED STORIES

Share it